IPL
മടയില്‍ കയറി ചെന്നൈയെ തല്ലിയത് ഇവര്‍ രണ്ട് പേരും മാത്രം; ചെപ്പോക്കില്‍ സൂപ്പര്‍ കിങ്സിനെ കരയിച്ച് സണ്‍റൈസേഴ്സ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 25, 05:04 pm
Friday, 25th April 2025, 10:34 pm

എം.എ ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 154 റണ്‍സിന് പുറത്താക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഹര്‍ഷല്‍ പട്ടേലിന്റെ മികച്ച ബൗളിങ് പ്രകടനത്തിന്റെ കരുത്തിലാണ് സണ്‍റൈസേഴ്‌സ് ഹോം ടീമിന്റെ പത്ത് വിക്കറ്റും പിഴുതെറിഞ്ഞത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ഡെവാള്‍ഡ് ബ്രെവിസിന്റെയും ആയുഷ് മാഹ്ത്രെയുടെയും പ്രകടനത്തിലാണ് മോശമല്ലാത്ത സ്‌കോറിലേക്ക് ഉയര്‍ന്നത്.

ചെന്നൈയുടെ പത്ത് വിക്കറ്റും വീണതോടെ ഒരു റെക്കോഡും സണ്‍റൈസേഴ്‌സിന്റെ പേരില്‍ കുറിക്കപ്പെട്ടു. ചെപ്പോക് സ്‌റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പത്ത് വിക്കറ്റുകളും പിഴുതെറിയുന്ന രണ്ടാമത് ടീം എന്ന നേട്ടമാണ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഇത് മൂന്നാം തവണ മാത്രമാണ് ചെപ്പോക്കില്‍ സൂപ്പര്‍ കിങ്‌സ് ഓള്‍ ഔട്ടാകുന്നത്. ചിരവൈരികളായ മുംബൈ ഇന്ത്യന്‍സാണ് ഇതിന് മുമ്പ് രണ്ട് തവണയും സൂപ്പര്‍ കിങ്‌സിനെ തകര്‍ത്തെറിഞ്ഞത്.

ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഓള്‍ ഔട്ടാക്കിയ ടീമുകള്‍

(ടീം – സ്‌കോര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

മുംബൈ ഇന്ത്യന്‍സ് – 112/10 – 2012

മുംബൈ ഇന്ത്യന്‍സ് – 109/10 – 2019

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 154/10 – 2025*

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹോം ടീമിന് ആദ്യ പന്തില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. മുഹമ്മദ് ഷമിയെറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ഷെയ്ഖ് റഷീദിനെ സൂപ്പര്‍ കിങ്സിന് നഷ്ടമായി. സ്ലിപ്പില്‍ അഭിഷേക് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് റഷീദ് പുറത്തായത്.

ആദ്യ പന്തില്‍ തന്നെ ഷെയ്ഖ് റഷീദിനെ നഷ്ടമായെങ്കിലും വണ്‍ ഡൗണായെത്തിയ സാം കറനെ ഒരറ്റത്ത് നിര്‍ത്തി ആയുഷ് മാഹ്ത്രെ ഇന്നിങ്സ് പടുത്തുയര്‍ത്താനുള്ള ശ്രമം ആരംഭിച്ചു. എന്നാല്‍ സാം കറമെ പുറത്താക്കി ഹര്‍ഷല്‍ പട്ടേല്‍ കൂട്ടുകെട്ട് പൊളിച്ചു.

അനികേത് വര്‍മയുടെ കയ്യിലൊതുങ്ങി മടങ്ങുമ്പോള്‍ പത്ത് പന്തില്‍ ഒമ്പത് റണ്‍സാണ് സാം കറന്റെ പേരിലുണ്ടായിരുന്നത്.

അധികം വൈകാതെ മാഹ്ത്രെയെ മടക്കി പാറ്റ് കമ്മിന്‍സ് അടുത്ത ബ്രേക് ത്രൂ നേടി. 19 പന്തില്‍ ആറ് ബൗണ്ടറികളുടെ അകമ്പടിയോടെ 30 റണ്‍സാണ് താരത്തിന്റെ പേരിലുണ്ടായിരുന്നത്.

ഓരോ തവണ മികച്ച കൂട്ടുകെട്ടുകളുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടിയ സണ്‍റൈസേഴ്സ് ഹോം ടീമിനെ സമ്മര്‍ദത്തിലേക്ക് തള്ളിവിട്ടു.

രവീന്ദ്ര ജഡേജ (17 പന്തില്‍ 21), ശിവം ദുബെ (ഒമ്പത് പന്തില്‍ 12), എം.എസ്. ധോണി (പത്ത് പന്തില്‍ ആറ്) എന്നിങ്ങനെ സീനിയര്‍ താരങ്ങളെ ഓറഞ്ച് ആര്‍മി തളിച്ചിട്ടു.

25 പന്തില്‍ 42 റണ്‍സ് നേടിയ ഡെവാള്‍ഡ് ബ്രെവിസിന്റെ ചെറുത്തുനില്‍പ്പാണ് ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ഒരു ഫോറും നാല് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

പിന്നാലെയെത്തിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനാകാതെ വന്നതോടെ ചെന്നൈ 19.5 ഓവറില്‍ 154ന് പുറത്തായി.

സണ്‍റൈസേഴ്സിനായി ഹര്‍ഷല്‍ പട്ടേല്‍ നാല് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ പാറ്റ് കമ്മിന്‍സും ജയ്ദേവ് ഉനദ്കട്ടും രണ്ട് വിക്കറ്റ് വീതവും നേടി. കാമിന്ദു മെന്‍ഡിസും മുഹമ്മദ് ഷമിയുമാണ് ശേഷിച്ച വിക്കറ്റെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് നിലവില്‍ എട്ട് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 54 എന്ന നിലയിലാണ്. അഭിഷേക് ശര്‍മ (രണ്ട് പന്തില്‍ പൂജ്യം), ട്രാവിസ് ഹെഡ് (16 പന്തില്‍ 19) എന്നിവരുടെ വിക്കറ്റുകളാണ് ഓറഞ്ച് ആര്‍മിക്ക് ഇതിനോടകം നഷ്ടമായത്.

23 പന്തില്‍ 27 റണ്‍സുമായി ഇഷാന്‍ കിഷനും ഏഴ് പന്തില്‍ ഏഴ് റണ്‍സുമായി ഹെന്‌റിക് ക്ലാസനുമാണ് ക്രീസില്‍.

ചെന്നൈ സൂപ്പര്‍ കിങ്സ് പ്ലെയിങ് ഇലവന്‍

ആയുഷ് മാഹ്ത്രെ, ഷെയ്ഖ് റഷീദ്, സാം കറന്‍, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, രവീന്ദ്ര ജഡേജ, ദീപക് ഹൂഡ, എം.എസ്. ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന.

സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, കാമിന്ദു മെന്‍ഡിസ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, ജയ്ദേവ് ഉനദ്കട്, സീഷന്‍ അന്‍സാരി, മുഹമ്മദ് ഷമി.

 

Content Highlight: IPL 2025: CSK vs SRH: Sunrisers Hyderabad becomes the 2nd team to all out CSK at Chepauk stadium