Advertisement
IPL
ഞാന്‍ ഒരു തല ആരാധകന്‍, എന്ത് വന്നാലും അതില്‍ ഒരു ശതമാനം പോലും കുറയില്ല: അമ്പാട്ടി റായിഡു
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 10, 09:42 am
Thursday, 10th April 2025, 3:12 pm

ചെന്നൈ സൂപ്പര്‍ കിങ്സ് മുന്‍ നായകന്‍ എം.എസ്. ധോണിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അമ്പാട്ടി റായിഡു. താന്‍ ഒരു ധോണി ആരാധകനാണെന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും റായിഡു പറഞ്ഞു.

ആര് എന്ത് വിചാരിച്ചാലും ചെയ്താലും തനിക്ക് പ്രശ്‌നമില്ലെന്നും അതിനാല്‍ ദയവായി പണമടച്ചുള്ള പി.ആറില്‍ പണം ചെലവഴിക്കുന്നത് നിര്‍ത്തി ചാരിറ്റിക്ക് സംഭാവന ചെയ്യൂവെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്സിലൂടെയാണ് റായിഡു വിമര്‍ശനവുമായി എത്തിയത്.

‘ഞാന്‍ തലയുടെ ആരാധകനായിരുന്നു. ഞാന്‍ തലയുടെ ആരാധകനാണ്. ഞാന്‍ എപ്പോഴും തലയുടെ ആരാധകനായിരിക്കും.

ആര് എന്ത് വിചാരിച്ചാലും ചെയ്താലും എനിക്ക് പ്രശ്‌നമില്ല. അദ്ദേഹത്തിനോടുള്ള ആരാധനയില്‍ ഒരു ശതമാനം പോലും വ്യത്യാസമുണ്ടാക്കില്ല.

അതിനാല്‍ ദയവായി പണമടച്ചുള്ള പി.ആറില്‍ പണം ചെലവഴിക്കുന്നത് നിര്‍ത്തി അത് ചാരിറ്റിക്ക് സംഭാവന ചെയ്യുക. നിരവധി പിന്നാക്കക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും,’ റായിഡു എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

വിക്കറ്റ് കീപ്പിങ്ങില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ടെങ്കിലും ബാറ്റിങ്ങില്‍ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ധോണിക്കായിട്ടില്ല. സീസണിലെ ആദ്യ മത്സരങ്ങളില്‍ ലോവര്‍ ഓര്‍ഡറില്‍ ബാറ്റിനിറങ്ങി സ്ലോ ഇന്നിങ്സുകള്‍ കളിച്ചതിന് താരത്തിന് നേരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഒമ്പതാം നമ്പറിലും രാജസ്ഥാന്‍ റോയല്‍സിനെതിരെ ഏഴാം നമ്പറിലുമാണ് മുന്‍ നായകന്‍ ക്രീസിലെത്തിയത്. ഇതും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സീസണില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് ധോണി 103 റണ്‍സാണ് നേടിയത്.

Content Highlight: IPL 2025: Former Indian Cricketer Ambati Rayudu Says That He Was A Dhoni Fan And Remain Same