ഒരു സീരിയല്‍ കില്ലര്‍. കൊന്നവരുടെ എണ്ണം രണ്ട്, സീരിയല്‍ കില്ലറെ ഭയന്ന് മരിച്ചവരുടെ എണ്ണം നാല്. വിഷു റിലീസായി തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്ന ചിത്രമാണ് മരണമാസ്സ്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഒരു ഡാര്‍ക്ക് കോമഡി ഴോണറിലാണ് ഒരുക്കിയിരിക്കുന്നത്. സ്പൂഫ് സിനിമ സ്‌റ്റൈലില്‍ പോകുന്ന ചിത്രം കാണികളില്‍ ചിരി പരത്തും എന്ന കാര്യം ഉറപ്പാണ്. ഒരു ദിവസം വൈകുന്നേരം അരങ്ങേറുന്ന ചില അപ്രതീക്ഷിത പൊല്ലാപ്പുകളാണ് മരണമാസ്സ്. പേര് സൂചിപ്പിക്കുന്നതുപോലെ ഇതൊരു മരണത്തെ ചുറ്റിപ്പറ്റിയുള്ള സിനിമയാണ്.
ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് മുതല്‍ ടൈറ്റില്‍ കാര്‍ഡ് വരെ ശ്രദ്ധ നേടിയിരുന്നു. നൊമ്പര പൂവന്‍ പഴത്തിന് മരണമാസ്സില്‍ വലിയൊരു വേഷം തന്നെ ചെയ്തുതീര്‍ക്കാനുണ്ട്.
ബേസില്‍ ജോസഫ്, സുരേഷ് കൃഷ്ണ, സിജു സണ്ണി, അനിഷ്മ തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലൂക്ക് പി.പി എന്ന സിഗ്മ മെയിലാണ് ബേസില്‍. ബേസിലിന് ഇതുവരെ മലയാള സിനിമയില്‍ നിന്ന് ലഭിച്ചതില്‍ വെച്ച് മികച്ച ഇന്‍ട്രോ തന്നെയാണ് മരണമാസ്സില്‍ ഉള്ളത്. ബേസിലിന് ആ സ്‌റ്റൈലും സ്വാഗും നന്നായി ചേരുന്നുണ്ട്. എന്നാല്‍ കഥ മുന്നോട്ട് പോകുന്നതിനനുസരിച്ച് ബേസിലിന്റെ ആ സ്വാഗ് മുന്നോട്ട് കൊണ്ടുപോകാന്‍ തിരക്കഥക്ക് കഴിയുന്നില്ല.
ചിത്രത്തില്‍ എടുത്ത് പറയേണ്ട കഥാപാത്രമാണ് സുരേഷ് കൃഷ്ണയും അദ്ദേഹത്തിന്റെ വാവയും. ഒരുപാട് നാളുകള്‍ക്ക് ശേഷം സുരേഷ് കൃഷ്ണക്ക് അറിഞ്ഞ് തകര്‍ക്കാന്‍ കിട്ടിയ കഥാപാത്രമാണ് ചിത്രത്തിലേത്. കണ്‍വിന്‍സിങ് സ്റ്റാറിനെ വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ മരണമാസ്സിനായി. ശബ്ദം മാത്രമേ ഉള്ളുവെങ്കിലും നമുക്കെല്ലാം സുപരിചിതയായ വാവ പ്രേക്ഷരുടെ മനം കവരും.
ഐ ആം കാതലന്‍ എന്ന സിനിമക്ക് ശേഷം അനിഷ്മ നായികയായെത്തുന്ന ചിത്രമാണ് മരണമാസ്സ്. ഇടക്ക് കുറച്ച് സൈക്കോ ആണോ എന്ന് തോന്നിപ്പോകുന്ന കഥാപാത്രം അനിഷ്മയുടെ കയ്യില്‍ ഭദ്രമായിരുന്നു.
ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നടന്‍ സിജു സണ്ണിയാണ്. കോമഡി കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അദ്ദേഹം മരണമാസ്സില്‍ തനിക്ക് വേണ്ടി കുറച്ച് പക്വതയുള്ള സീരിയസ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ സിജു അവതരിപ്പിച്ച അരുവി എന്ന കഥാപാത്രത്തിന്റെ ഇമോഷന്‍ എവിടെയൊക്കെയോ പ്രേക്ഷര്‍ക്ക് കണക്ട് ആകാത്തതുപോലൊരു ഫീല്‍ ഉണ്ടായിരുന്നു.
സിനിമയിലെ സര്‍പ്രൈസിങ് എലമെന്റായിരുന്നു കേശവ കുറുപ്പായി എത്തിയ പൗലോസ്. അദ്ദേഹത്തിന്റെ പ്രകടനം കാണുമ്പോള്‍ ‘ഒന്നങ്ങ് കൊടുക്കടാ’ എന്ന് കാണുന്നവര്‍ക്ക് തോന്നുന്നത് തന്നെയാണ് കഥാപാത്രത്തിന്റെ വിജയം. കാലങ്ങളായി നാടകവേദികളില്‍ നിറഞ്ഞ് നിന്ന പൗലോസ് അനായാസമായാണ് കേശവ കുറുപ്പിനെ അവതരിപ്പിച്ചിരിക്കുന്നത്.
ബനാന കില്ലര്‍ ശ്രീകുമാറായി എത്തിയത് രജീഷ് മാധവനാണ്. സ്‌പോയിലറല്ല. സീരിയല്‍ കില്ലര്‍ ആരെന്ന് കണ്ടുപിടിക്കുന്നതല്ല ചിത്രത്തിന്റെ ഇതിവൃത്തം. കില്ലറെ നല്ല വെടിപ്പായിത്തന്നെ അദ്ദേഹം ചെയ്തിട്ടുണ്ട്. കോമഡി മാത്രം ചെയ്തിരുന്ന അദ്ദേഹത്തിന്റെ ട്രാക്ക് മാറ്റം നന്നായിട്ടുണ്ട്. എഡിറ്റിങ് ചെയ്ത ചമ്മന്‍ ചാക്കോയും മ്യൂസിക് ചെയ്ത ജെ.കെയും അവരുടെ ഭാഗം ഭംഗിയായി ചെയ്തു. കില്ലര്‍ ആന്തം കൊള്ളാം. നാദിറ മെഹ്റിന് നല്‍കിയ ടീച്ചര്‍ കഥാപാത്രവും നന്നായിരുന്നു.
ഒരു സീരിയല്‍ കില്ലറും കോമഡിയും കൊലപാതകവുമാണ് ചിത്രത്തിന്റെ പ്രധാന ചേരുവ. എന്നാല്‍ എല്ലാം പാകത്തിന് ചേര്‍ത്ത് രുചികരമായ ഒരു വിഭവം വിളമ്പാന്‍ എവിടെയൊ സംവിധായകനും എഴുത്തുകാരനും പിഴച്ചതുപോലെ. ഇന്‍സ്റ്റാഗ്രാമിലെ ട്രെന്‍ഡിങ് ഡയലോഗെല്ലാം കൃത്യമായി തന്നെ സന്ദര്‍ഭത്തിനനുസരിച്ച് ഉപയോഗിച്ച് ചിരി പരത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ചില സേവ് ദി ഡേറ്റ് സീന്‍ പോലുള്ളവ ഒഴിവാക്കാമായിരുന്നു. ഫസ്റ്റ് ഹാഫിലും സെക്കന്റ് ഹാഫിന്റെ തുടക്കത്തിലും ചെറിയൊരു ലാഗും തിരക്കഥക്ക് കുറച്ചുകൂടി ഒഴുക്കുണ്ടെങ്കില്‍ നന്നായേനെയെന്ന് തോന്നിപോയി.
എന്നാലും പ്രേക്ഷകരെ കയ്യിലെടുക്കാന്‍ വേണ്ടതെല്ലാം ചിത്രത്തിലുണ്ട്. വിഷുക്കാലത്ത് കുറച്ച് കോമഡിയും മാസുമായി ആസ്വദിച്ച് കണ്ടിരിക്കാന്‍ കഴിയുന്ന ചിത്രം തന്നെയാണ് മരണമാസ്സ്.
Content Highlight: Maranamass Movie Review