IPL
ഒന്നോ രണ്ടോ മേഖലകളില്‍ മാത്രമാണ് പ്രശ്നമെങ്കില്‍ അത് കുഴപ്പമില്ല, പക്ഷെ..... തുറന്ന് പറഞ്ഞ് ധോണി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 26, 03:30 am
Saturday, 26th April 2025, 9:00 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരാജയപ്പെടുത്തിയിരുന്നു. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് ചെന്നൈ വഴങ്ങിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ കിങ്സ് 19.4 ഓവറില്‍ 154 റണ്‍സിന് പുറത്തായി. ഡെവാള്‍ഡ് ബ്രെവിസിന്റെയും ആയുഷ് മാഹ്‌ത്രെയുടെയും പ്രകടനത്തിലാണ് ചെന്നൈ മോശമല്ലാത്ത സ്‌കോറിലേക്ക് ഉയര്‍ന്നത്.

മറുപടി ബാറ്റിങ്ങില്‍ സണ്‍റൈസേഴ്സ് വിജയലക്ഷ്യം എട്ട് പന്ത് ബാക്കി നില്‍ക്കവെ മറികടക്കുകയായിരുന്നു. ഇതാദ്യമായാണ് ചെന്നൈ ചെപ്പോക്കില്‍ സണ്‍റൈസേഴ്സിനോട് തോല്‍ക്കുന്നത്. നേരത്തെ ഓറഞ്ച് ആര്‍മിക്കെതിരെ ചെന്നൈയില്‍ കളിച്ച അഞ്ച് മത്സരത്തില്‍ അഞ്ചിലും സൂപ്പര്‍ കിങ്സ് വിജയിച്ചിരുന്നു. തോല്‍വിയോടെ ഈ സീസണില്‍ സ്വന്തം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ നാലാം തോല്‍വിയും ധോണി സംഘത്തിന് നേരിടേണ്ടി വന്നു.

മത്സരശേഷം ചെന്നൈ നായകന്‍ എം.എസ്. ധോണി പുതിയ സീസണിലെ ടീമിന്റെ പരാജയ കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. ഐ.പി.എല്‍ പോലുള്ള ടൂര്‍ണമെന്റില്‍ ഒന്നോ രണ്ടോ മേഖലകളില്‍ മാത്രമാണ് കുഴപ്പങ്ങള്‍ ഉള്ളതെങ്കില്‍ അത് നല്ലതാണെന്നും പക്ഷേ കളിക്കാരില്‍ ഭൂരിഭാഗവും നന്നായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അത് വെല്ലുവിളിയാണെന്നും ധോണി പറഞ്ഞു. ബോര്‍ഡില്‍ റണ്‍സ് നേടാതെ ഒരു ടീമിനും മുന്നോട്ട് പോകാന്‍ കഴില്ലെന്നും ചെന്നൈ നിരയില്‍ മാറ്റം അത്യാവശ്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ഇതുപോലുള്ള ഒരു ടൂര്‍ണമെന്റില്‍, നിങ്ങള്‍ക്ക് കുഴപ്പങ്ങള്‍ നികത്താന്‍ ഒന്നോ രണ്ടോ മേഖലകള്‍ മാത്രമേ ഉള്ളുവെങ്കില്‍ അത് നല്ലതാണ്. പക്ഷേ, നിങ്ങളുടെ കളിക്കാരില്‍ ഭൂരിഭാഗവും നന്നായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, അത് ബാറ്റിങ്ങായാലും ബൗളിങ്ങായാലും കുറച്ച് മാറ്റങ്ങള്‍ വരുത്തേണ്ടി വരും. അത് ഒരു വെല്ലുവിളിയാണ്.

എന്നാല്‍ അവരില്‍ ഭൂരിഭാഗവും നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍, അവര്‍ക്ക് കുറച്ച് അധിക ഗെയിമുകള്‍ നല്‍കും. അത് വിജയിച്ചില്ലെങ്കില്‍, നിങ്ങള്‍ അടുത്തതിലേക്ക് നീങ്ങും.

എന്നാല്‍ അവരില്‍ നാലുപേര്‍ ഒരേ സമയം മികച്ച പ്രകടനം പുറത്തെടുക്കുന്നില്ലെങ്കില്‍, നിങ്ങള്‍ ആ മാറ്റം വരുത്താന്‍ ബാധ്യസ്ഥരാണ്. കാരണം ബോര്‍ഡില്‍ ആവശ്യത്തിന് റണ്‍സ് നേടാതെ നിങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. അത് ഇപ്പോള്‍ അത്യാവശ്യമാണ്,’ ധോണി പറഞ്ഞു.

ചെന്നൈക്കായി അരങ്ങേറ്റം കുറിച്ച ഡെവാള്‍ഡ് ബ്രെവിസ് 25 പന്തില്‍ 42 റണ്‍സെടുത്തപ്പോള്‍ യുവതാരം ആയുഷ് മാഹ്‌ത്രെ 19 പന്തില്‍ 30 റണ്‍സും നേടി. ഇവര്‍ക്ക് പുറമെ ദീപക് ഹൂഡയും രവീന്ദ്ര ജഡേജയുമാണ് ചെന്നൈ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

മത്സരത്തില്‍ നാല് വിക്കറ്റുമായി തിളങ്ങിയ ഹര്‍ഷന്‍ പട്ടേലാണ് ചെന്നൈയെ തകര്‍ത്തത്. നാല് ഓവറില്‍ താരം 28 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഹര്‍ഷലിന് പുറമെ സണ്‍റൈസേഴ്‌സിനായി പാറ്റ് കമ്മിന്‍സും ജയ്‌ദേവ് ഉനദ്കട്ടും രണ്ട് വിക്കറ്റ് വീതവും നേടി. കാമിന്ദു മെന്‍ഡിസും മുഹമ്മദ് ഷമിയുമാണ് ശേഷിച്ച വിക്കറ്റെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സിനും തുടക്കം പാളിയിരുന്നു. ഖലീല്‍ അഹമ്മദ് എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ അഭിഷേക് ശര്‍മ പുറത്തായി. അധികം വൈകാതെ ട്രാവിസ് ഹെഡും ഹെന്റിക് ക്ലാസനും മടങ്ങി.

ആദ്യ മത്സരത്തിലെ സെഞ്ച്വറിക്ക് ശേഷം പാടെ നിരാശപ്പെടുത്തിയ ഇഷാന്‍ കിഷന്‍ വേഗത്തിലല്ലെങ്കില്‍ക്കൂടിയും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 34 പന്തില്‍ 44 റണ്‍സാണ് ഇഷാന്‍ കിഷന്‍ നേടിയത്.

പിന്നാലെയെത്തിയ അനികേത് വര്‍മ (19 പന്തില്‍ 19), കാമിന്ദു മെന്‍ഡിസ് (22 പന്തില്‍ 32), നിതീഷ് കുമാര്‍ റെഡ്ഡി (13 പന്തില്‍ പുറത്താകാതെ 19) എന്നിവര്‍ സണ്‍റൈസേഴ്സിനെ വിജയത്തിലേക്ക് നയിച്ചു.

ചെന്നൈയ്ക്കായി നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അന്‍ഷുല്‍ കാംബോജ്, രവീന്ദ്ര ജഡേജ, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

Content Highlight: IPL 2025: CSK vs SRH: MS Dhoni points out the reason behind Chennai Super Kings’ miserable IPL 2025 season