Kerala News
സി.എം.ആര്‍.എല്ലിന് സേവനങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല; വീണ ടി.യുടെ വെളിപ്പെടുത്തല്‍ എസ്.എഫ്.ഐ.ഒ കുറ്റപത്രത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 26, 04:13 am
Saturday, 26th April 2025, 9:43 am

കൊച്ചി: സി.എം.ആര്‍.എല്ലിന് തന്റെ കമ്പനിയായ എക്‌സാലോജിക് സേവനങ്ങള്‍ ഒന്നും നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണ. ടി മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. എസ്.എഫ്.ഐ.ഒ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് വീണ ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്‌.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനാണ് വീണ വിജയനെ എസ്.എഫ്.ഐ.ഒ ചോദ്യം ചെയ്തത്. ഈ സമയത്താണ് സി.എം.ആര്‍.എല്ലിന് ഒരു സേവനങ്ങളും നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 72 സാക്ഷികളും 114രേഖകളുമാണ് എസ്.എഫ്.ഐ.ഒയുടെ
കുറ്റപത്രത്തിലുള്ളത്.

സി.എം.ആര്‍.എല്ലിന്റേയും എക്‌സാലോജിക്കിന്റേയും ബുക്ക് ഓഫ് റെക്കോഡ്‌സ് പ്രകാരമായിരുന്നു എസ്.എഫ്.ഐ.ഒയുടെ ചോദ്യം ചെയ്യല്‍. സ്‌കൂള്‍ മാനേജ്‌മെന്റ് സംബന്ധിച്ച സോഫ്റ്റവെയര്‍ ആണ് വീണ വിജയന്റെ കമ്പനി തയ്യാറാക്കിയിരിക്കുന്നത്. പിന്നെ എങ്ങനെയാണ് സി.എം.ആര്‍.എല്ലിന് ഐ.ടി സേവനങ്ങള്‍ നല്‍കുക എന്നായിരുന്നു എസ്.എഫ്.ഐ.ഒ പ്രധാനമായും വീണയോട് ചോദിച്ചിരുന്നത്.

അതേസമയം എസ്.എഫ്.ഐ.ഒയുടെ കുറ്റപത്രം ഹൈക്കോടതിയുടെ സ്‌റ്റേയിലാണ്. അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരം തുടര്‍ നടപടിക്കായി കാത്ത് നില്‍ക്കുകയാണ് എസ്.എഫ്.ഐ.ഒ.

ഹൈക്കോടതിയുടെ സ്റ്റേ ഉള്ളതിനാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് കുറ്റപത്രം കൈമാറാനുള്ള തയ്യാറെടുപ്പിലാണ് എസ്.എസ്.എഫ്.ഐ.ഒ.

നാഷണല്‍ ഫിനാന്‍സ് റിപ്പോര്‍ട്ടിങ് അതോറിറ്റി, സെന്‍ട്രല്‍ എക്കണോമിക്‌ ബ്യൂറോ ഇന്റലിജന്‍സ്, നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍, റിസര്‍വ് ബാങ് ഓഫ് ഇന്ത്യ എന്നീ ഏജന്‍സികളേയും എസ്.എഫ്.ഐ.ഒ കേസിന്റെ വിശദാംശങ്ങള്‍ അറിയിച്ചിട്ടുണ്ട്. എക്‌സാലോജിക്കിന് വിലക്ക് ഏര്‍പ്പെടുത്താനുള്ള നടപടികള്‍ക്കായാണ്‌ എസ്.എഫ്.ഐ.ഒ ഈ സ്ഥാപനങ്ങളെ സമീപിച്ചിരിക്കുന്നത്.

Content Highlights: No services were provided to CMRL; Veena T’s revelation in SFIO chargesheet