പത്തനംതിട്ട: പത്തനംതിട്ടയില്‍ ഹോം നേഴ്‌സിന്റെ മര്‍ദനത്തില്‍ പരിക്കേറ്റ 59കാരനായ അല്‍ഷിമേഴ്സ് രോഗി ഗുരുതരാവസ്ഥയില്‍ തുടരുന്നു. സംഭവത്തില്‍ കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരുന്നു . ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
മര്‍ദനമേറ്റ ശശിധരന്റെ ബന്ധുക്കള്‍ സംശയം തോന്നി സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് അതിക്രമം അറിയുന്നത്.
ശശിധരനെ ഹോം നേഴ്സ് തറയിലൂടെ വലിച്ചിഴക്കുന്നതിന്റെയും അടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ശശിധരന്റെ പങ്കാളി തിരുവനന്തപുരം പാറശ്ശാലയിലാണ് ജോലി ചെയ്യുന്നത്. മകള്‍ വിദേശത്തുമാണ്. ഈ സാഹചര്യത്തിലാണ് ശശിധരനെ നോക്കുന്നതിനായി കുടുംബം ഹോം നേഴ്സിനെ സമീപിച്ചത്.
അടൂരിലുള്ള ഒരു ഏജന്‍സി വഴിയാണ് കുടുംബം ഹോം നേഴ്സിനെ കണ്ടെത്തിയത്. ഈ വിഷയത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് ഏജന്‍സി അറിയിച്ചതായാണ് കുടുംബം പറയുന്നത്.
നിലവില്‍ ശശിധരന്‍ പരുമല ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. മര്‍ദനത്തില്‍ ആന്തരിക രക്തസ്രാവം അടക്കമുള്ള ഗുരുതരമായ പരിക്കുകള്‍ ഉണ്ടായതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.
ആദ്യഘട്ടത്തില്‍ വീണ് പരിക്കേറ്റതെന്നാണ് ശശിധരന്റെ കുടുംബം കരുതിയിരുന്നത്. പിന്നീട് സംശയം തോന്നുകയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയുമായിരുന്നു.
‘ശശിധരന്റെ രണ്ട് കാലുകളും വിഷ്ണു തല്ലിയൊടിച്ചിട്ടുണ്ട്. പിന്നാലെ അദ്ദേഹത്തിന്റെ തല കൊണ്ട് ചുമരില്‍ ഇടിപ്പിക്കുകയായിരുന്നു. അടുക്കളയില്‍ നിന്നാണ് അദ്ദേഹത്തെ വലിച്ചിഴച്ച് കൊണ്ടുപോയത്. നടക്കാതിരിക്കാന്‍ വേണ്ടിയാണ് ഈ അതിക്രമം മുഴുവന്‍ ചെയ്തത്. വീടിന്റെ ഉള്ളില്‍ ഇപ്പോഴും ചോരപ്പാടുകളുണ്ട്. സി.സി.ടി.വി ഉള്ളതുകൊണ്ട് മാത്രം ഇതെല്ലാം അറിയാന്‍ കഴിഞ്ഞു. പ്രതി ഒരു മദ്യപാനി കൂടിയാണ്,’ വാര്‍ഡ് മെമ്പര്‍ പ്രസാദ് കുമാര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പ്രതി പറഞ്ഞിരുന്നതെന്നും പിന്നീട് ശശിധരനെ മര്‍ദിച്ചുവെന്ന് വിഷ്ണു സമ്മതിച്ചതായും പൊലീസ് പറയുന്നു.
Content Highlight: Alzheimer’s patient in critical condition after being assaulted by home nurse in Pathanamthitta; accused arrested