മെക്‌സിക്കോ: രാജ്യത്തെ ആദ്യത്തെ നോണ്‍ബൈനറി ജഡ്ജിയും മുന്‍നിര എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റി അവകാശ പ്രവര്‍ത്തകനുമായ ജീസസ് ഒസീല്‍ ബെയ്ന മരണപെട്ടതായി റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് മെക്‌സിക്കോയില്‍ വന്‍ പ്രതിഷേധവും ഭരണവിരുദ്ധതയും ഉടലെടുത്തു. രാജ്യത്തെ സെന്‍ട്രല്‍ നഗരമായ അഗ്വാസ്‌കാലിയന്റസിലെ വീട്ടിലാണ് ജീസസ് ഒസീല്‍ ബെയ്നയെ മരിച്ചതായി കണ്ടെത്തിയത്.
മരണം കൊലപാതകമാണോ അപകടമാണോയെന്ന് നിര്‍ണയിക്കപ്പെട്ടിട്ടില്ലെന്ന് മെക്‌സിക്കോ സുരക്ഷാ മന്ത്രി റോസ ഐസെല റോഡ്രിഗസ് പറഞ്ഞു. ബെയ്നയുടെ പങ്കാളിക്കും ആയുധങ്ങളാല്‍ മുറിവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരെങ്കിലും ഉണ്ടോയെന്നതില്‍ വ്യക്തത വരുത്താന്‍ സാധിച്ചിട്ടില്ലെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ ജീസസ് ഫിഗ്യൂറോവ ഒര്‍ട്ടേഗ പറഞ്ഞു.
ബെയ്ന അദ്ദേഹത്തിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളാല്‍ ഭീഷണി നേരിട്ടിരുന്നെന്നും മരണത്തില്‍ ശ്രദ്ധാപൂര്‍വവും പക്ഷപാതരഹിതമായി അന്വേഷണം നടത്തുമെന്നും ഫിഗ്യൂറോവ ഒര്‍ട്ടേഗ കൂട്ടിച്ചേര്‍ത്തു.
ബെയ്ന നിരവധി വിദ്വേഷ സന്ദേശങ്ങളും അക്രമത്തിന്റെയും മരണത്തിന്റെയും ഭീഷണികള്‍ ലഭിച്ച വ്യക്തിയായിരുന്നെന്നും പൊലീസ് അന്വേഷണങ്ങളില്‍ സര്‍ക്കാരിന് ഇത്തരം ഭീഷണികള്‍ അവഗണിക്കാന്‍ കഴിയില്ലെന്നും എല്‍.ജി.ബി.ടി.ക്യു അവകാശ ഗ്രൂപ്പായ ‘ലെട്ര എസ്’ ഡയറക്ടര്‍ അലജാന്‍ഡ്രോ ബ്രിട്ടോ പറഞ്ഞു. ബെയ്നയുടെ മരണം എല്‍.ജി.ബി.ടി.ക്യു സമൂഹത്തില്‍ പെടുന്നവര്‍ക്ക് നേരെ അക്രമം അഴിച്ചു വിടുന്നതിന് കാരണമാകുമോയെന്ന് തങ്ങള്‍ ഭയക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മെക്‌സിക്കോയിലും ലാറ്റിന്‍ അമേരിക്കയിലുമുള്ള എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിയുടെ അവകാശങ്ങളില്‍ ഉണ്ടായ മാറ്റങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ജീസസ് ഒസീല്‍ ബെയ്നയെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ബെയ്നയെ ജഡ്ജിയായി പ്രഖ്യാപിച്ചതിലൂടെ വിവേചനവും അക്രമവും നേരിടുന്ന എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിയില്‍ വ്യാപകമായ വഴിത്തിരിവുണ്ടായിട്ടുണ്ടെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. മെഴുകുതിരി കൊളുത്തി ‘ഞങ്ങള്‍ നിശബ്ദരായിരിക്കില്ല’ എന്ന് ആക്രോശിച്ചുകൊണ്ടാണ് പ്രതിഷേധക്കാര്‍ റാലി സംഘടിപ്പിച്ചത്.
‘ഞാന്‍ ഒരു നോണ്‍ബൈനറി വ്യക്തിയാണ്. എന്നെ ഒരു സ്ത്രീയായോ പുരുഷനായോ കാണാന്‍ എനിക്ക് താത്പര്യമില്ല. ഇതൊരു ഐഡന്റിറ്റിയാണ്. അത് എന്റേതാണ്,’ ജൂണ്‍ മാസത്തില്‍ ബെയ്ന എക്സില്‍ കുറിച്ചു.
Content Highlight: Widespread protests in Mexico following the death of the first Non-binary judge