'ബി.ജെ.പി രാമക്ഷേത്രത്തെ രാഷ്ട്രീയ നേട്ടത്തിന് കരുവാക്കുന്നു'; ആരോപണവുമായി ഹിന്ദുത്വ പ്രവർത്തകർ
national news
'ബി.ജെ.പി രാമക്ഷേത്രത്തെ രാഷ്ട്രീയ നേട്ടത്തിന് കരുവാക്കുന്നു'; ആരോപണവുമായി ഹിന്ദുത്വ പ്രവർത്തകർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd December 2023, 2:37 pm

ലഖ്‌നൗ: രാമക്ഷേത്രത്തെ ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നുവെന്ന ആരോപണവുമായി ഹിന്ദുത്വ പ്രവർത്തകർ.

ക്ഷേത്രത്തിന്റെയും പ്രതിഷ്ഠയുടെയും നിർമാണത്തിൽ അഹിന്ദുക്കൾ പങ്കാളികളായിട്ടുണ്ടെന്നും ക്ഷേത്രത്തിന് ഇസ്‌ലാമിക രൂപമുണ്ടെന്നും ഹിന്ദുത്വ പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ ആരോപിച്ചിരുന്നു.

എന്നാൽ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ശില്പം വിദഗ്ധർ പണിതതാണെന്നും അവർക്കിടയിൽ വിവേചനമൊന്നുമില്ലെന്നും ക്ഷേത്രം ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പട് റായ് പറഞ്ഞൂ.

ഹൈന്ദവ ദൈവം വിഷ്ണുവിന്റെ പുനർജന്മമാണ് നരേന്ദ്ര മോദിയെന്ന റായിയുടെ പരാമർശം ഹിന്ദുത്വ പ്രവർത്തകരെ കൂടുതൽ ചൊടിപ്പിച്ചു. രാമക്ഷേത്ര ഉദ്‌ഘാടനത്തിന്റെ മതപരമായ പ്രാധാന്യം അവഗണിച്ചുകൊണ്ട് ബി.ജെ.പി രാഷ്ട്രീയ നേട്ടം കൊയ്യാൻ നോക്കുകയാണെന്ന് ആരോപണം ഉയർന്നു.

‘ഞങ്ങളാണ് രാം ജന്മഭൂമി മുന്നേറ്റം ആരംഭിച്ചത്. എന്നാൽ ബി.ജെ.പി ഇപ്പോൾ പെരുമാറുന്നത് ക്ഷേത്രത്തിന്റെ കരാർ അവരാണ് ഏറ്റെടുത്തത് എന്ന പോലെയാണ്,’ ഹിന്ദുമഹാസഭ ജനറൽ സെക്രട്ടറി സുനിൽ കുമാർ പറഞ്ഞു.

ജനുവരി 22ന് നടക്കുന്ന ക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ വിസമ്മതിച്ച ഹിന്ദു മഹാസഭ അത് ബി.ജെ.പി സ്പോൺസർ ചെയ്ത രാഷ്ട്രീയ പരിപാടി ആയിരിക്കുമെന്ന് ആരോപിച്ചു.

ബി.ജെ.പിയുടെ സ്ഥാപക നേതാക്കളായ എൽ.കെ. അദ്വാനിയോടും മുരളി മനോഹർ ജോഷിയോടും പ്രായാധിക്യം ചൂണ്ടിക്കാണിച്ച് ചടങ്ങിൽ പങ്കെടുക്കരുതെന്ന് അഭ്യർത്ഥിച്ച ക്ഷേത്ര ട്രസ്റ്റിന്റെ നടപടിയോടും വിയോജിപ്പുള്ളവർ ഉണ്ട്. ക്ഷണം ലഭിച്ച മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡക്ക് 90 വയസ് പ്രായമുണ്ടെന്ന് അഭിപ്രായം വരുന്നുണ്ട്.

നരേന്ദ്ര മോദി മുഴുവൻ ശ്രദ്ധയും തന്നിൽ നിന്ന് അകലാതിരിക്കാൻ മുതിർന്ന ബി.ജെ.പി നേതാക്കളെ ഒതുക്കിയതാണെന്ന് സമൂഹമാധ്യമങ്ങളിൽ നിരവധി പേർ ആരോപിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പ് മനസ്സിൽ കണ്ട് രാമക്ഷേത്രത്തെ ബി.ജെ.പി രാഷ്ട്രീയ പ്രോജക്ട് ആയി കാണുന്നുവെന്ന് പുരോഗമന ഹിന്ദു ആക്ടിവിസ്റ്റ് എന്ന് സ്വയം അവകാശപ്പെടുന്ന ഋതു റാത്തോർ ആരോപിച്ചു.

CONTENT HIGHLIGHT: Why some Hindutva supporters are angry with Modi’s Ayodhya temple inauguration