national news
പഹൽഗാം ആക്രമണത്തിൽ സർക്കാരിനെ ചോദ്യം ചെയ്തു; സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി സർക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 30, 01:34 am
Wednesday, 30th April 2025, 7:04 am

ന്യൂദൽഹി: പഹൽഗാം ആക്രമണത്തിൽ സർക്കാരിനെ ചോദ്യം ചെയ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഉത്തർപ്രദേശ് സർക്കാർ.

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട സമീപകാല പോസ്റ്റുകളുടെ പേരിൽ സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ നിരൂപകരായ ‘റാന്റിങ് ഗോള ‘ എന്നറിയപ്പെടുന്ന ഷമിത യാദവിനും ‘ ഡോ. മെഡൂസ ‘ എന്നറിയപ്പെടുന്ന ലഖ്‌നൗ യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ. മാദ്രി കകോട്ടിയക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. ഷമിത യാദവിനെതിരെ പരാതി ലഭിച്ചിട്ടുള്ളുവെങ്കിലും ഡോ. മാദ്രി കകോട്ടിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്.

വ്യക്തവുമായ രാഷ്ട്രീയ നിലപാടുകൾക്ക് പേരുകേട്ടവരാണ് ഇരുവരും. തൊഴിൽ, സാമ്പത്തിക വളർച്ച, ന്യൂനപക്ഷങ്ങൾക്കെതിരായ വർധിച്ചുവരുന്ന വിദ്വേഷ കുറ്റകൃത്യങ്ങൾ, വിവിധ സർക്കാരുകളുടെ നടപടികൾ എന്നിവയുൾപ്പെടെയുള്ള സാമൂഹിക വിഷയങ്ങളെക്കുറിച്ച് അവർ പതിവായി പ്രസക്തമായ ചോദ്യങ്ങൾ ചോദിക്കാറുണ്ട്.

അഭിഭാഷകയായ അമിത സച്ച്ദേവയാണ് ‘റാന്റിങ് ഗോള ‘ എന്ന ഷമിത യാദവിനെതിരെ പൊലീസിൽ പരാതി നൽകിയത്. ഷമിത യാദവ് തന്റെ പുതിയ വീഡിയോയിൽ മനുസ്മൃതിയെ അപമാനിച്ചു എന്നും ഭാരത് വിരുദ്ധ പ്രചാരണം പ്രോത്സാഹിപ്പിച്ചുവെന്നും അഭിഭാഷക ആരോപിച്ചു. ഷമിത യാദവ് അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തതായി ആരോപിച്ച് അഭിഭാഷക അവർക്കെതിരെ നടപടിയെടുക്കാൻ അധികാരികളോട് ആവശ്യപ്പെട്ടു.

‘അവരുടെ പ്രസ്താവനകൾ മതവികാരങ്ങളെ വ്രണപ്പെടുത്തുക മാത്രമല്ല, ഇന്ത്യയുടെ പരമാധികാരത്തിനും ദേശീയ സുരക്ഷയ്ക്കും എതിരാണ്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് മാത്രമല്ല, ഭാരതത്തെ ദുർബലപ്പെടുത്തുന്നതിനും വിശുദ്ധ ഗ്രന്ഥങ്ങളെ അപമാനിക്കുന്നതിനും ശത്രുതാപരമായ വിദേശ ശബ്ദങ്ങളെ ധൈര്യപ്പെടുത്തുന്നതിനും വേണ്ടിയുള്ള സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗമാണ്,’ അമിത സച്ച്ദേവ ഒരു പൊതു പ്രസ്താവനയിൽ പറഞ്ഞു.

തന്റെ പുതിയ വീഡിയോയിൽ ഷമിത പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കുകയും ആഭ്യന്തര മന്ത്രാലയത്തിനും കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനും ഉൾപ്പെടെയുണ്ടായ ഗുരുതരവും വീഴ്ചകളെക്കുറിച്ച് വിമർശിക്കുകയും ചെയ്തു. ഒപ്പം സുരക്ഷാ വീഴ്ചകളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു.

അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) നേതാവ് ജതിൻ ശുക്ലയാണ് ഡോ. മാദ്രി കക്കോട്ടിക്കെതിരെ കേസ് ഫയൽ ചെയ്തത്. ഏപ്രിൽ 28 തിങ്കളാഴ്ച മാദ്രിക്കെതിരെ പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി. മാദ്രി തന്റെ എക്സ് പോസ്റ്റുകളിലൂടെ ഇന്ത്യയുടെ ഐക്യത്തെയും പരമാധികാരത്തെയും അപമാനിച്ചുവെന്ന് ശുക്ല ആരോപിച്ചു.

മാദ്രിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌.ഐ.ആറിൽ രാജ്യദ്രോഹം, ശത്രുത വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ, പൊതുസമാധാനത്തിന് ഭംഗം വരുത്തൽ, ഐ.ടി ആക്ട് ലംഘനം എന്നീ കുറ്റങ്ങൾ ഉൾപ്പെടുന്നു.

ലഖ്‌നൗ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്ന മാദ്രി സർക്കാർ നയങ്ങളെയും സാമൂഹിക പ്രശ്‌നങ്ങളെയും കുറിച്ചുള്ള ആക്ഷേപഹാസ്യ വീഡിയോകൾ ചെയ്യാറുണ്ട്. അവരുടെ പുതിയ വീഡിയോകൾ പഹൽഗാം ഭീകരാക്രമണത്തെയും സുരക്ഷാ വീഴ്ചകളെയും അപലപിക്കുന്നു.

ആക്രമണത്തിന് ശേഷം ഇന്ത്യൻ മുസ്‌ലിങ്ങൾക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളെ അവർ വിമർശിച്ചിരുന്നു. ആൾക്കൂട്ടക്കൊല, ജോലിയിൽ നിന്ന് ആളുകളെ പിരിച്ചുവിടൽ, ചില സമുദായങ്ങൾക്ക് വീട് നിഷേധിക്കൽ, മതത്തിന്റെ അടിസ്ഥാനത്തിൽ വീടുകൾ തകർക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും ഭീകരതയുടെ രൂപങ്ങളാണെന്ന് അവർ പറഞ്ഞിരുന്നു.

വീഡിയോകൾ പ്രചരിച്ചതിന് തൊട്ടുപിന്നാലെ, എ.ബി.വി.പി അംഗങ്ങൾ അവർക്കെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അഞ്ച് ദിവസത്തിനുള്ളിൽ രേഖാമൂലം വിശദീകരണം എഴുതണമെന്ന് ആവശ്യപ്പെട്ട് ലഖ്‌നൗ സർവകലാശാല ഡോ. മാദ്രി കകോട്ടിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. എങ്കിലും മാദ്രി തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതായി പ്രഖ്യാപിച്ചു.

 

Content Highlight: Political content creators booked for questioning govt on Pahalgam attack