national news
ന്യായമായ വേതനത്തിനായി പ്രതിഷേധം; വാരണാസിയിൽ 150 ബ്ലിങ്കിറ്റ് തൊഴിലാളികളുടെ ഐ.ഡികൾ സസ്‌പെൻഡ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 30, 01:13 am
Wednesday, 30th April 2025, 6:43 am

വാരണാസി: വാരണാസിയിൽ ന്യായമായ വേതനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ട് സമരം ചെയ്ത 150 ബ്ലിങ്കിറ്റ് തൊഴിലാളികളുടെ ഐഡികൾ സസ്‌പെൻഡ് ചെയ്തു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ന്യായമായ വേതനം, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ, വേനൽക്കാല കാലാവസ്ഥയ്ക്ക് അനുയോജ്യമായ കോട്ടൺ വർക്ക് യൂണിഫോം എന്നിവ ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ വാരണാസിയിലെ ബ്ലിങ്കിറ്റിലെ ഏകദേശം 150 ഗിഗ് തൊഴിലാളികൾ പണിമുടക്ക് നടത്തുകയായിരുന്നു. പിന്നാലെയാണ് തൊഴിലാളികളുടെ ഐ.ഡികൾ സസ്പെൻഡ് ചെയ്തത്.

സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള പലചരക്ക് ഡെലിവറി ആപ്പ് ആണ് ബ്ലിങ്കറ്റ്. തങ്ങളെ കണ്ട് സംസാരിക്കുന്നതിനുപകരം ബ്ലിങ്കറ്റ് തങ്ങളുടെ വർക്ക് ഐ.ഡികൾ താത്ക്കാലികമായി സസ്പെൻഡ് ചെയ്യുകയായിരുന്നെന്നും പ്രതിഷേധമില്ലെന്ന് പറയുന്ന കരാറുകളിൽ ഒപ്പിടാൻ നിർബന്ധിച്ചുവെന്നും തൊഴിലാളികൾ പറഞ്ഞു.

ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം സർവീസസ് വർക്കേഴ്സ് യൂണിയൻ (ജി.ഐ.പി.എസ്‌.ഡബ്ല്യു.യു) ആണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 4 വരെയുള്ള നിർബന്ധിത ഷിഫ്റ്റുകൾ നിർത്തലാക്കുക, ഏറ്റവും കുറഞ്ഞ വേതനം ഉയർത്തുക, കുടിവെള്ളം, തണലുള്ള കാത്തിരിപ്പ് കേന്ദ്രങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്നിവയായിരുന്നു പ്രതിഷേധിച്ച തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങൾ.

ഏപ്രിൽ 26 വാരണാസിയിലെ ശ്രീറാം കോളനിയിലാണ് പണിമുടക്ക് ആരംഭിച്ചതെന്ന് ജി.ഐ.പി.എസ്‌.ഡബ്ല്യു.യുവിന്റെ ദേശീയ കോർഡിനേറ്റർ നിർമ്മൽ ഗൊറാന പറഞ്ഞു. ഉടനടി തന്നെ കമ്പനി തൊഴിലാളികൾക്കെതിരെ നടപടിയെടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പിറ്റേന്ന് തന്നെ 150 തൊഴിലാളികളെ സിസ്റ്റത്തിൽ നിന്ന് പുറത്താക്കിയെന്നും അദ്ദേഹം ആരോപിച്ചു.

കമ്പനി സമരക്കാരായ തൊഴിലാളികൾക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും വീണ്ടും പണിമുടക്കില്ലെന്ന് ഉറപ്പ് നൽകുന്ന സത്യവാങ്മൂലങ്ങളിൽ ഒപ്പിടാൻ ആവശ്യപ്പെടുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ നൽകണമെന്നും തൊഴിൽ പീഡനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് മഞ്ഞ യൂണിഫോം ധരിച്ച ബ്ലിങ്കിറ്റ് തൊഴിലാളികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തൊഴിലാളികൾക്ക് നേരെ സമ്മർദങ്ങൾ ഉയരുന്നുണ്ടെങ്കിലും ജീവനക്കാർ തങ്ങളുടെ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ജി.ഐ.പി.എസ്‌.ഡബ്ല്യു.യു വ്യക്തമാക്കി. ‘ഞങ്ങൾ പണിമുടക്കിയത് ആരെയും ബുദ്ധിമുട്ടിക്കാനല്ല. മറിച്ച് ഞങ്ങളുടെ നീതിക്ക് വേണ്ടിയാണ്. ഞങ്ങളെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കരുതെന്നും ഞങ്ങൾക്ക് നീതി നൽകണമെന്നും ഞങൾ ആവശ്യപ്പെടുന്നു,’ ജി.ഐ.പി.എസ്‌.ഡബ്ല്യു.യു പറഞ്ഞു.

 

Content Highlight: 150 Varanasi Blinkit worker IDs suspended over protest for fair pay, better conditions