ഉത്തരവുകളിലൊതുങ്ങിപ്പോയ നിർമ്മല സീതാരാമന്റെ വാ​ഗ്ദാനങ്ങൾ; ഇനിയും എത്തിയിട്ടില്ല കേന്ദ്രം ഉറപ്പുനൽകിയ ധാന്യങ്ങൾ
national news
ഉത്തരവുകളിലൊതുങ്ങിപ്പോയ നിർമ്മല സീതാരാമന്റെ വാ​ഗ്ദാനങ്ങൾ; ഇനിയും എത്തിയിട്ടില്ല കേന്ദ്രം ഉറപ്പുനൽകിയ ധാന്യങ്ങൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th April 2020, 8:50 am

ന്യൂദൽഹി: ഉത്തരവുകളിൽ മാത്രം ഒതുങ്ങി കേന്ദ്ര മന്ത്രി നിർമ്മല സീതാരാമന്റെ കൊവിഡ് പാക്കേജുകൾ. രാജ്യത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കൊവി‍‍ഡ് പശ്ചാത്തലത്തിൽ ഒരു കിലോ ധാന്യ വർ​ഗങ്ങൾ അടുത്ത മൂന്ന് മാസത്തേക്ക് നൽകുമെന്ന് മർച്ച് 26ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു. എന്നാൽ പ്രഖ്യാപനം നടത്തിയിട്ട് ഒരുമാസം പിന്നിടുമ്പോഴും ധാന്യങ്ങൾ ജനങ്ങളിലേക്ക് എത്തിയില്ലെന്ന് ദ വയർ റിപ്പോർട്ട് ചെയ്യുന്നു.

ഏപ്രിൽ 20ന് പ്രധാനമന്ത്രി ​ഗരീബ് കല്യാൺ യോജന പദ്ധതിയിലൂടെ അർഹതപ്പെട്ടവർക്ക് ഒരു കിലോ ധാന്യവർ​ഗങ്ങൾ മൂന്ന് മാസത്തേക്ക് വിതരണം ചെയ്യുമെന്ന ഉത്തരവ് വീണ്ടും ഇറക്കുക മാത്രമാണ് കേന്ദ്ര സർക്കാർ ഇതുവരെ ചെയ്തത്.

സർക്കാർ പുറത്തിറക്കിയ കുറിപ്പിൽ 1,07,077 മെട്രിക് ടൺ ധാന്യവിളകൾ സംസ്ഥാനങ്ങൾക്ക് അനുവദിക്കാൻ തീരുമാനിച്ചു എന്നും വ്യക്തമാക്കുന്നു. അതേസമയം അനുവദിക്കാൻ തീരുമാനിച്ചു എന്നത് കൊണ്ട് ധാന്യങ്ങൾ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ചു എന്ന് അർത്ഥമില്ലെന്ന് നാഷണൽ അർ​ഗികൾച്ചർ കോപ്പറേറ്റീവ് മാർക്കറ്റിങ്ങ് ഫെഡറേഷൻ ഓഫ് ഇന്ത്യയിലെ മുൻ ഉദ്യേ​​ഗസ്ഥൻ ദ വയറിനോട് പ്രതികരിച്ചു. നിലവിൽ ധാന്യവർ​ഗങ്ങൾ സർക്കാരിന് വേണ്ടി ശേഖരിക്കുന്ന ഏജൻസി സംസ്ഥാനങ്ങൾ ഇത് പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുമെന്ന് ഉറപ്പ് വരുത്താനുള്ള ശ്രമത്തിലാണ്.

വ്യാഴാഴ്ച്ച ഇന്ത്യൻ എക്സ്പ്രസ് പുറത്ത് വിട്ട റിപ്പോർട്ടും വ്യക്തമാക്കുന്നത് ഇതിനോടകം 44,932 ടൺ ധാന്യവർ​ഗങ്ങൾ മാത്രമാണ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ചത് എന്നാണ്. നാഷണൽ ഫുഡ് സെക്യൂരിറ്റി പോർട്ടലിന്റെ കണക്ക് പ്രകാരം ഇന്ത്യയിൽ 23.6 കോടി റേഷൻ കാർഡ് ഉടമകളുണ്ട്. അങ്ങനെയെങ്കിൽ നിർമ്മല സീതാരാമന്റെ പ്രഖ്യാപനം നടപ്പിലാക്കാൻ ഒരു കിലോ ​ ധാന്യം ഒരു കാർഡിന് എന്ന കണക്കു പ്രകാരം 2,36000 ടൺ ധാന്യം ഓരോ മാസവും ആവശ്യമാണ്.

എപ്രിൽ മാസം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ സംസ്ഥാനങ്ങൾക്ക് ഒരുമാസത്തെ മൊത്തം ആവശ്യത്തിന്റെ 21 ശതമാനം മാത്രമാണ് കേന്ദ്രം ഇതുവരെ നൽകിയത്. 195 മില്ല്യൺ ആളുകളോളം പോഷകാഹരക്കുറവിന്റെ പ്രശ്നങ്ങൾ നേരിടുന്ന ഇന്ത്യയിൽ ധാന്യ വർ​ഗങ്ങൾക്ക് വലിയ പ്രാധാന്യമാണുള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.