Entertainment
ഇപ്പോഴും ലാലേട്ടന്റെ ആ സിനിമ കാണുമ്പോൾ എനിക്ക് സങ്കടം വരും; അതിലെ ഭാര്യ വേഷം ഞാൻ ചെയ്യേണ്ടിയിരുന്നത്: അനുശ്രീ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 27, 02:01 pm
Sunday, 27th April 2025, 7:31 pm

2012ൽ റിലീസായ ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്‌സിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ നടിയാണ് അനുശ്രീ. ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം, ഇതിഹാസ എന്നീ സിനിമകളിലൂടെ അവർ മുൻനിര നടിയായി ഉയർന്നു.

തനിക്ക് നഷ്ടമായ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അനുശ്രീ. സിനിമയിൽ വന്ന് നാല് വർഷം കഴിഞ്ഞപ്പോൾ തന്റെ കൈയ്ക്ക് ഒരു സർജറി വേണ്ടിവന്നെന്നും ആ സമയത്താണ് പുലിമുരുകനിലേക്ക് തനിക്ക് വിളി വരുന്നതെന്നും അനുശ്രീ പറയുന്നു. മോഹൻലാലിന്റെ ഭാര്യയുടെ വേഷമായിരുന്നു അതെന്നും എന്നാൽ തനിക്ക് ചെയ്യാൻ കഴിഞ്ഞില്ലെന്നും അനുശ്രീ പറഞ്ഞു.

പുലിമുരുകൻ കാണുമ്പോൾ ഇപ്പോഴും വിഷമം വരുമെന്നും കമാലിനി മുഖർജി ചെയ്‌ത ആ വേഷം താൻ ചെയ്യേണ്ടതായിരുന്നില്ലേ എന്ന് തോന്നുമെന്നും നടി കൂട്ടിച്ചേർത്തു.

‘സിനിമയിൽ വന്ന് നാല് വർഷം കഴിഞ്ഞപ്പോൾ കൈയ്ക്ക് ഒരു സർജറി വേണ്ടി വന്നു. കൈയുടെ ചലനശേഷി പഴയതുപോലെയാകുമോ, സിനിമയിലേക്ക് മടങ്ങിവരാനാകുമോ എന്നൊക്കെ ചിന്തിച്ച് അന്ന് കുറേ വിഷമിച്ചിട്ടുണ്ട്. അന്ന് സിനിമയിൽ ഒരുപാട് അവസരങ്ങൾ വരുന്നുണ്ടായിരുന്നു.

‘പുലിമുരുകനി’ൽ ലാലേട്ടൻ്റെ ഭാര്യയുടെ റോൾ ചെയ്യാനുള്ള ഓഫർ അതിനിടയ്ക്കാണ് വന്നത്. ഞാൻ സർജറി കഴിഞ്ഞ് വിശ്രമത്തിലാണ്. എനിക്കത് വേണ്ടന്ന് വെക്കേണ്ടി വന്നു. ‘പുലിമുരുകൻ’ കാണുമ്പോൾ ഇപ്പോഴും വിഷമം വരും. കമാലിനി മുഖർജി ചെയ്‌ത ആ വേഷം ഞാൻ ചെയ്യേണ്ടതായിരുന്നില്ലേ എന്ന് തോന്നും.

ലോണൊക്കെ എടുത്ത് വീടുപണി കഴിഞ്ഞ സമയംകൂടിയായിരുന്നു അത്. സിനിമ മുടങ്ങിയാൽ പ്രതിസന്ധി വരും. വീട്ടുകാർക്ക് ആ ബാധ്യതകളൊക്കെ തനിച്ച് വീട്ടാനാകുമോ എന്നൊക്കെ തോന്നി. മാനസികമായി സമ്മർദം അനുഭവിച്ചു. ദൈവം സഹായിച്ച് ആ ബാധ്യതകളൊക്കെ തീർക്കാനായി,’ അനുശ്രീ പറയുന്നു.

Content highlight: Anusree Talks About Pulimurukan Movie