IPL
ടീമിന്റെ ചരിത്രവും തിരുത്തി, ആശാനെയും വെട്ടി; ആദ്യ വിക്കറ്റില്‍ ചരിത്രമെഴുതി ബൂം ബൂം ബുംറ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 27, 01:33 pm
Sunday, 27th April 2025, 7:03 pm

ഐ.പി.എല്‍ സൂപ്പര്‍ സണ്‍ഡേ ഡബിള്‍ ഹെഡ്ഡറിലെ ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 216 റണ്‍സിന്റെ വിജയലക്ഷ്യവുമായി മുംബൈ ഇന്ത്യന്‍സ്. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന് മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന്റെയും റിയാന്‍ റിക്കല്‍ടണിന്റെയും തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് മുംബൈ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ ജയന്റ്‌സിന് തുടക്കം പാളിയിരുന്നു. മൂന്നാം ഓവറില്‍ തന്നെ സൂപ്പര്‍ താരം ഏയ്ഡന്‍ മര്‍ക്രമിനെ മടക്കി ജസ്പ്രീത് ബുംറ ടീമിനാവശ്യമായ ബ്രേക് ത്രൂ നല്‍കി. 11 പന്തില്‍ ഒമ്പത് റണ്‍സുമായി നമന്‍ ധിറിന് ക്യാച്ച് നല്‍കിയായിരുന്നു സൂപ്പര്‍ ജയന്റ്‌സ് സൂപ്പര്‍ താരത്തിന്റെ മടക്കം.

ഈ വിക്കറ്റിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് ബുംറയെ തേടിയെത്തിയത്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡിലേക്കാണ് ബുംറ നടന്നുകയറിയത്.

മുംബൈ ഇതിഹാസവും നിലവില്‍ ടീമിന്റെ ബൗളിങ് പരിശീലകനുമായ ലസിത് മലിംഗയെ മറികടന്നുകൊണ്ടാണ് ബുംറ ഈ റെക്കോഡ് നേട്ടത്തില്‍ ഒന്നാമതെത്തിയത്.

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരങ്ങള്‍

(താരം – വിക്കറ്റ് എന്നീ ക്രമത്തില്‍)

ജസ്പ്രീത് ബുംറ – 171*

ലസിത് മലിംഗ – 170

ഹര്‍ഭജന്‍ സിങ് – 127

മിച്ചല്‍ മക്ലെനാഗന്‍ – 71

കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 69

ഹര്‍ദിക് പാണ്ഡ്യ – 65

അതേസമയം, നിലവില്‍ 14 ഓവര്‍ പിന്നടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 134 എന്ന നിലയിലാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ബാറ്റിങ് തുടരുന്നത്. 21 പന്തില്‍ 35 റണ്‍സുമായി ആയുഷ് ബദോണിയും 12 പന്തില്‍ 20 റണ്‍സുമായി ഡേവിഡ് മില്ലറുമാണ് ക്രീസില്‍.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് മൂന്നാം ഓവറില്‍ തന്നെ രോഹിത് ശര്‍മയെ നഷ്ടപ്പെട്ടിരുന്നു. അഞ്ച് പന്തില്‍ 12 റണ്‍സാണ് രോഹിത് നേടിയത്.

രണ്ടാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി റിയാന്‍ റിക്കല്‍ടണും വില്‍ ജാക്‌സും ഇന്നിങ്‌സിന് അടിത്തറയൊരുക്കി. ടീം സ്‌കോര്‍ 88 നില്‍ക്കവെ റിക്കല്‍ടണെ മടക്കി ദിഗ്വേഷ് രാഥി ലഖ്‌നൗവിനാവശ്യമായ ബ്രേക് ത്രൂ നല്‍കി.

32 പന്തില്‍ നാല് സിക്‌സറും ആറ് ഫോറുമടക്കം 181.25 സ്‌ട്രൈക്ക് റേറ്റില്‍ 58 റണ്‍സാണ് താരം സ്വന്തമാക്കിയത്.

പിന്നാലെയെത്തിയ സൂര്യകുമാറും വില്‍ ജാക്‌സിനെ ഒപ്പം കൂട്ടി സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. വില്‍ ജാക്‌സ് 21 പന്തില്‍ 29 റണ്‍സടിച്ച് മടങ്ങി. പിന്നാലെയെത്തിയ തിലക് വര്‍മ ആറ് റണ്‍സിനും ഹര്‍ദിക് പാണ്ഡ്യ അഞ്ച് റണ്‍സിനും മടങ്ങിയെങ്കിലും സ്‌കൈ തന്റെ താണ്ഡവം തുടര്‍ന്നു.

ടീം സ്‌കോര്‍ 180ല്‍ നില്‍ക്കവെയാണ് സൂര്യ മടങ്ങുന്നത്. 28 പന്തില്‍ 54 റണ്‍സാണ് സൂര്യ അടിച്ചെടുത്തത്. നാല് വീതം ഫോറും സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

നമന്‍ ധിര്‍ 11 പന്തില്‍ പുറത്താകാതെ 25 റണ്‍സും കോര്‍ബിന്‍ ബോഷ് പത്ത് പന്തില്‍ 20 റണ്‍സുമായി മുംബൈ ഇന്നിങ്‌സില്‍ നിര്‍ണായകമായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ടീം 215ലെത്തി.

സൂപ്പര്‍ ജയന്റ്‌സിനായി മായങ്ക് യാദവും ആവേശ് ഖാനും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ രവി ബിഷ്‌ണോയ്, പ്രിന്‍സ് യാദവ്, ദിഗ്വേഷ് സിങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

 

Content Highlight: IPL 2025: MI vs LSG: Jasprit Bumrah surpassed Lasith Maliga to becomes the leading wicket taker for Mumbai Indians