World News
സൗദിയുടെ മൗനത്തിനു കാരണമെന്ത്? ഇസ്രഈല്‍- സൗദി സൗഹൃദ പാതയ്ക്ക് എര്‍ദൊഗാനും ഹയ സോഫിയയും വിലങ്ങു തടിയാവുന്നോ?
അഭിനന്ദ് ബി.സി
2020 Aug 17, 02:48 pm
Monday, 17th August 2020, 8:18 pm

റിയാദ്: ഇസ്രഈലും യു.എ.ഇയും തമ്മില്‍ സമാധാന പദ്ധതിക്ക് ധാരണയായതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആഗോളതലത്തില്‍ നിന്നും ഇതിനകം പ്രതികരണം വന്നു കഴിഞ്ഞു. എന്നാല്‍  ഇസ്രഈല്‍-യു.എ.ഇ സൗഹൃദ ധാരണയായി ദിവസങ്ങള്‍ക്കു ശേഷവും സൗദി അറേബ്യ  ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്.

വിഷയത്തില്‍ ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നും യു.എ.ഇക്കെതിരെ രൂക്ഷ പ്രതികരണമാണുണ്ടായത് എന്നാല്‍ ഇതുവരെയും സൗദി ഇക്കാര്യത്തില്‍ ഒരു പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. സൗദി- ഇസ്രഈല്‍ രഹസ്യ ധാരണകള്‍ നിലനില്‍ക്കുന്നുണ്ട് എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് സൗദി സര്‍ക്കാര്‍ മൗനം തുടരുന്നത്.

ഇതിനിടെ യു.എ.ഇയെ മുന്‍ നിര്‍ത്തി സൗദിക്ക് ഇസ്രഈലുമായി രഹസ്യ സഹകരണം തുടരാം എന്ന സാധ്യതയും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സൗദി-ഇസ്രഈല്‍ സഹകരണത്തിന് ഒരു പാലമായി വര്‍ത്തിക്കാന്‍ യു.എ.ഇ സാഹചര്യമൊരുക്കുമെന്നാണ് നിരീക്ഷണം.

നിലവില്‍ ഇസ്രഈലിനെ പരസ്യമായി പിന്തുണയ്ക്കുന്നത് മേഖലയിലെ സ്വാധീനത്തിന് ദോഷകരമായി ബാധിക്കുമെന്നാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കണക്കു കൂട്ടല്‍.

അതേ സമയം തന്നെ സാങ്കേതികം, സാമ്പത്തികം,  സൈനികം എന്നീ മേഖലകളില്‍ ഇസ്രഈലിന്റെ പിന്തുണ സൗദി ആഗ്രഹിക്കുന്നുമുണ്ട്. സൗദിയുടെ സ്വപ്‌ന പദ്ധതിയായ സൗദി വിഷന്‍ 2030 മായി ബന്ധപ്പെട്ട് സൈബര്‍ സുരക്ഷ, ബയോടെക്‌നോളജി, ഉല്‍പാദന മേഖല എന്നീ മേഖലകളില്‍ ഇസ്രഈലിന്റെ സഹകരണം സൗദിക്ക് ആവശ്യമായി വരും എന്നാണ് നിരീക്ഷകര്‍ പറയുന്നത്.

രാജ്യത്തെ ജനങ്ങള്‍ക്കു മേലുള്ള സൈബര്‍ നിരീക്ഷണം സൗദി സര്‍ക്കാര്‍ ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സാങ്കേതിക മേഖലയിലെ വമ്പന്‍മാരായ ഇസ്രഈലുമായി സൗദി കോര്‍ക്കാനാഗ്രഹിക്കുന്നു.

ഇതിന്റെ എല്ലാ സൂചനകളും സൗദി അടുത്തിടെ നല്‍കിയിട്ടുണ്ട്. മെയ് മാസത്തില്‍ അമേരിക്കയിലുള്ള ഒരു ജൂതപുരോഹിതനായ മാര്‍ക് ഷെന്യര്‍ എ.എഫ്.പിയോട് വ്യക്തമാക്കിയതു പ്രകാരം സൗദി വിഷന്‍ 2030 എന്ന ലക്ഷ്യം നേടിയെടുക്കുന്നതില്‍ ഇസ്രഈല്‍ പ്രധാന ഘടമാണെന്ന് സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ പറഞ്ഞിരുന്നു.

ഇതിനു പുറമെ ഇസ്രഈലുമായി അടുക്കുന്നതിന്റെ സൂചനകള്‍ സര്‍ക്കാരിനു കീഴിലുള്ള വാര്‍ത്താ, വിനോദ മാധ്യമങ്ങളും നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന് ഉടമസ്ഥതയില്‍ പങ്കുള്ള എം.ബി.സി എന്ന ടെലിവിഷന്‍ ചാനല്‍ ഇസ്രഈല്‍-സൗദി സൗഹൃദം ജനങ്ങളിലെത്തിക്കുന്ന ചില സീരിയലുകള്‍ റമദാന്‍ മാസത്തില്‍ സംപ്രേഷണം ചെയ്തതും ഇതിനുദാഹരണമാണ്.

അതേ സമയം സൗദിയുടെ നിലവിലെ മൗനത്തിന് രാഷ്ട്രീയ പരമായ കണക്കു കൂട്ടലും ഉണ്ടെന്നാണ് സൂചന. നിലവില്‍ തുര്‍ക്കി വലിയ രീതിയില്‍ ഫലസ്തീന്‍ ജനതയുടെ വിഷയം ചൂണ്ടിക്കാണിച്ച് യു.എ.ഇ ഇസ്രഈല്‍ സൗഹൃദ നയത്തെ എതിര്‍ക്കുന്നുണ്ട്. ഫലസ്തീന്‍ ജനതയെ യു.എ.ഇ ചതിച്ചു എന്നും, ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്നുമാണ് തുര്‍ക്കി വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചത്. യു.എ.ഇയുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുന്നത് പരിഗണനയിലുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദോഗാന്‍ വ്യക്തമാക്കിയിട്ടുണ്ട് .

ഇതിനിടെ തുര്‍ക്കിയിലെ ചരിത്ര സ്മാരകമായിരുന്ന ഹാഗിയ സോഫിയ മസ്ജിദാക്കി മാറ്റിയതിനു പിന്നാലെ മുസ്ലീം ലോകത്തെ യാഥാസ്ഥിതിക പിന്തുണ എര്‍ദോഗാന് ലഭിച്ചിട്ടുമുണ്ട്. ഇതിനു പുറമെ ഫലസ്തീന്‍ ജനതയുടെ സംരക്ഷക കുപ്പായം പൂര്‍ണമായും എര്‍ദൊഗാനടുത്തിട്ടാല്‍ പശ്ചിമേഷ്യയിലെ മേല്‍ക്കോയ്മ  നഷ്ടപ്പെടുമെന്ന ഭയവും സൗദിക്കുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

അഭിനന്ദ് ബി.സി
ഡൂള്‍ന്യൂസ് സബ്എഡിറ്റര്‍ ട്രെയ്‌നി, വടകര എസ്.എന്‍ കോളേജില്‍ നിന്ന് ബിരുദം. കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ നിന്ന് ജേര്‍ണലിസത്തില്‍ നിന്ന് പി.ജി ഡിപ്ലോമ.