national news
ഇന്റേര്‍ണല്‍ പരീക്ഷയില്‍ പരാജയപ്പെട്ടുവെന്ന്..., 240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 18, 10:27 am
Friday, 18th April 2025, 3:57 pm

ചെന്നൈ: ഇന്റേര്‍ണല്‍ പരിശീലന പരീക്ഷയില്‍ പരാജയപ്പെട്ടുവെന്ന് കാണിച്ച് പുതിയതായി നിയമിച്ച 240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്. ഇമെയില്‍ വഴിയാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് അറിയിച്ചതെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

350ലധികം ജീവനക്കാരെ കഴിഞ്ഞ മാസങ്ങളിലായി വിവിധ കാരണങ്ങള്‍ പറഞ്ഞ് പിരിച്ചുവിട്ടതിന് പിന്നാലെയാണ് വീണ്ടും 240 ജീവനക്കാരെ പിരിച്ചുവിടാനുള്ള ഇന്‍ഫോസിസിന്റെ നീക്കം.

2024 ഒക്ടോബറിലാണ് ഒരു പരിശീലന ബാച്ചിന്റെ ഭാഗമായി ഈ ജീവനക്കാര്‍ കമ്പനിയില്‍ ചേര്‍ന്നത്. 2022ല്‍ ഓഫര്‍ ലെറ്റര്‍ ലഭിച്ചിട്ടും പകര്‍ച്ച വ്യാധി, പ്രൊജക്ട് മാന്ദ്യം തുടങ്ങിയ കാരണങ്ങളാല്‍ ജോയിനിങ്ങ് കാലാവധി നീണ്ടു പോയതിനെ തുടര്‍ന്നായിരുന്നു വൈകിയത്.

അതേസമയം ഇത്തരത്തില്‍ ജോയിന്‍ ചെയ്ത ജീവനക്കാര്‍ അവര്‍ക്ക് നല്‍കിയ മൂന്ന് അസെസ്‌മെന്റുകളില്‍ ഒന്നായ ഇന്റേര്‍ണല്‍ പരീക്ഷയില്‍ വിജയിച്ചില്ലെന്ന് കാണിച്ചാണ് കമ്പനിയുടെ നീക്കം. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് പിരിച്ചുവിടലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘ഇന്റേണല്‍ ടെസ്റ്റുകള്‍ വിജയിക്കുന്നതിനുള്ള മൂന്ന് ശ്രമങ്ങള്‍, മോക്ക് അസസ്മെന്റുകള്‍, സംശയ നിവാരണ സെഷനുകള്‍ എന്നിവയുള്‍പ്പെടെ നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും, ഈ പരിശീലനാര്‍ത്ഥികള്‍ക്ക് ആവശ്യമായ പ്രകടന മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞില്ല,’ ഇന്‍ഫോസിസ് പറഞ്ഞു.

ഇന്റേണല്‍ അസസ്‌മെന്റുകളിലെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്‍ഫോസിസിന്റെ മൈസൂരു കാമ്പസില്‍ നിന്നും 30 മുതല്‍ 45 വരെ ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി നേരത്തെയും തീരുമാനമെടുത്തിരുന്നു.

കമ്പനിയുടെ ഫൗണ്ടേഷന്‍ സ്‌കില്‍സ് പരിശീലന പരിപാടിയുടെ ഭാഗമായിരുന്ന ട്രെയിനികള്‍ കൂടുതല്‍ തയ്യാറെടുപ്പുകള്‍, മോക്ക് അസസ്മെന്റുകള്‍, സംശയ നിവാരണ സെഷനുകള്‍ എന്നിവ നടത്തിയിട്ടും പാസിങ്ങ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് അന്നും ഇന്‍ഫോസിസ് അധികൃതര്‍ പറഞ്ഞത്.

2024 ഒക്ടോബറില്‍ ജോലിയില്‍ പ്രവേശിച്ച 700ല്‍ 400 പേരെയായിരുന്നു നേരത്തെ പിരിച്ചുവിടാനൊരുങ്ങിയത്. ജോലിയില്‍ പ്രവേശിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഉദ്യോഗാര്‍ത്ഥികളെ കൊണ്ട് സ്ഥാപനം വീണ്ടും പരീക്ഷ എഴുതിച്ചിരുന്നു. ഈ പരീക്ഷയില്‍ തോറ്റവര്‍ ഉടന്‍ ക്യാമ്പസ് വിടണമെന്നായിരുന്നു നിര്‍ദേശം. രാജ്യത്തുടനീളമുള്ള ഇന്‍ഫോസിസ് ക്യാമ്പസുകളിലേക്കാണ് ആദ്യഘട്ടത്തില്‍ പരീക്ഷ നടന്നത്. എന്നാല്‍ 2022ല്‍ സാമ്പത്തിക മാന്ദ്യം ചൂണ്ടിക്കാട്ടി ഇന്‍ഫോസിസ് ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെച്ചിരുന്നു.

ഇക്കാലയളവില്‍ ഇന്‍ഫോസിസിന്റെ സെലക്ഷന്‍ നോട്ടീസ് ലഭിക്കുകയും ജോയ്നിങ് നോട്ടീസ് ലഭിക്കാതിരുന്നതുമായ 1000ത്തോളം ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. അതേസമയം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ പാസാകാന്‍ മൂന്ന് തവണ അവസരം നല്‍കിയെന്നാണ് ഇന്‍ഫോസിസ് ഒരു പ്രസ്താവനയില്‍ പറഞ്ഞത്. അന്ന് ഇന്‍ഫോസിസിനെതിരെ ഐ.ടി ജീവനക്കാരുടെ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Content Highlight: Infosys fires 240 employees for failing internal exams