Entertainment
മലയാളത്തിലെ ഏറ്റവും സീനിയറായ ആ നടനെ വെച്ച് നേരം വെളുക്കുന്നതുവരെ ഷൂട്ട് ചെയ്തിട്ടുണ്ട്, ഒരിക്കല്‍ പോലും അദ്ദേഹം പരാതിപ്പെട്ടിട്ടില്ല: ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 18, 10:59 am
Friday, 18th April 2025, 4:29 pm

മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തിയവരില്‍ പ്രധാനിയാണ് ലാല്‍. സിദ്ദിഖിനൊപ്പം ഒരുപിടി മികച്ച സിനിമകള്‍ സംവിധാനം ചെയ്ത ലാല്‍ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെയാണ് അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. പിന്നീട് മലയാളത്തിലും തെലുങ്കിലും തമിഴിലും ഹിന്ദിയിലും മികച്ച വേഷങ്ങള്‍ ചെയ്യാന്‍ ലാലിന് സാധിച്ചു. സിദ്ദിഖുമായി പിരിഞ്ഞ ശേഷവും സംവിധാനരംഗത്ത് ലാല്‍ തന്റെ സാന്നിധ്യമറിയിച്ചു.

നിര്‍മാതാവ്, ഗായകന്‍ എന്നീ മേഖലകളിലും ലാല്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. സിനിമാമേഖലയിലെ സഹകരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ലാല്‍. മുകേഷ്, സിദ്ദിഖ്, ജഗദീഷ് എന്നിവരുമായിട്ടൊക്കെ വളരെ നല്ല ബന്ധമായിരുന്നു തനിക്കുണ്ടായിരുന്നതെന്ന് ലാല്‍ പറഞ്ഞു. പല സിനിമകളും ആ ഒരു സൗഹൃദത്തിന്റെ പുറത്താണ് കൂടുതല്‍ മികച്ചതായതെന്ന് ലാല്‍ കൂട്ടിച്ചേര്‍ത്തു.

പഴയകാല നടന്മാരെല്ലാം സിനിമ നന്നാകാന്‍ വേണ്ടി എത്ര ബുദ്ധിമുട്ടും  സഹിക്കുമെന്നും ലാല്‍ പറഞ്ഞു. ചതിക്കാത്ത ചന്തു എന്ന സിനിമയുടെ നിര്‍മതാവ് താനായിരുന്നെന്നും ആ സിനിമയില്‍ മധുവും പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്തിരുന്നെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. പല ദിവസവും നേരം വെളുക്കുന്നതുവരെ ഷൂട്ട് ഉണ്ടാകുമായിരുന്നെന്നും അതിന് അദ്ദേഹം പൂര്‍ണമായും സഹകരിക്കുമായിരുന്നെന്നും ലാല്‍ പറഞ്ഞു.

ചില ദിവസങ്ങളില്‍ പുലര്‍ച്ചെയൊക്കെ അദ്ദേഹം ഷോട്ടിന് റെഡിയാകുമ്പോള്‍ താന്‍ ചെന്ന് സോറി പറയുമായിരുന്നെന്നും അതൊന്നും കുഴപ്പമില്ലെന്ന് അദ്ദേഹം മറുപടി തന്നിരുന്നെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. താന്‍ അഭിനയത്തിലെത്തിയപ്പോഴും ഇതേ കാര്യങ്ങള്‍ ഫോളോ ചെയ്തിരുന്നെന്നും ലാല്‍ പറഞ്ഞു. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ഇക്കാര്യം പറഞ്ഞത്.

‘പണ്ടൊക്കെ സിനിമ ചെയ്തിരുന്നത് പരസ്പരമുള്ള ഒരു സഹകരണത്തിന്റെ പുറത്തായിരുന്നു. ബുദ്ധിമുട്ടുകളൊക്കെ മനസിലാക്കി എല്ലാവരും കൂടെ നിന്നിട്ടാണ് സിനിമകളൊക്കെ കംപ്ലീറ്റാക്കിയത്. സിദ്ദിഖ്, മുകേഷ്, ജഗദീഷ് എന്നിവരുമായിട്ടൊക്കെ ഉണ്ടായിരുന്നത് അത്തരം സഹകരണമായിരുന്നു. ആ സൗഹൃദത്തിന്റെ പുറത്താണ് പല സിനിമകളും പൂര്‍ത്തിയാക്കിയത്. പഴയകാലത്തെ പല നടന്മാര്‍ക്കും ആ ചിന്തയുണ്ട്. സിനിമ നന്നാകാന്‍ വേണ്ടി എത്ര ബുദ്ധിമുട്ടും അവര്‍ സഹിക്കും.

മധു സാറിനെയൊക്കെ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. ചതിക്കാത്ത ചന്തുവിന്റെ പ്രൊഡ്യൂസര്‍ ഞാനായിരുന്നു. ആ പടത്തിലൊക്കെ അദ്ദേഹത്തെ വെച്ച് നേരം വെളുക്കുന്നതുവരെ ഷൂട്ട് ചെയ്തിട്ടുണ്ട്. പുലര്‍ച്ചെയൊക്കെ ഷോട്ടിന്റെ കാര്യം പറയാന്‍ ചെല്ലുമ്പോള്‍ അദ്ദേഹത്തോട് സോറി പറഞ്ഞിരുന്നു. എന്നാല്‍ മധു സാര്‍ അതിനൊന്നും പരാതിപ്പെട്ടില്ല. പിന്നീട് ഞാന്‍ അഭിനയത്തിലെത്തിയപ്പോഴും ഇതേ കാര്യങ്ങള്‍ ഫോളോ ചെയ്യുമായിരുന്നു,’ ലാല്‍ പറയുന്നു.

Content Highlight: Lal about actor Madhu in Chathikkatha Chandu movie