ഐ.പി.എല്ലില്‍ തുടര്‍ച്ചയായി രണ്ടാം വിജയം തേടി പഞ്ചാബ് കിങ്സ് ഇന്ന് ഇറങ്ങും. മികച്ച ഫോമില്‍ തുടരുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് എതിരാളികള്‍. ബെംഗളുരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.
ആറ് മത്സരങ്ങളില്‍ നിന്ന് മൂന്ന് വീതം ജയവും തോല്‍വിയുമായാണ് ഇരു ടീമുകളും പോരാട്ടത്തിനിറങ്ങുന്നത്. മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് പോയിന്റ് ടേബിളില്‍ രണ്ടാമതെത്താന്‍ സാധിക്കും. തന്റെ പഴയ ടീമിനെതിരെ ഇറങ്ങുന്ന യുസ്വേന്ദ്ര ചഹലായിരിക്കും മത്സരത്തിലെ ശ്രദ്ധാ കേന്ദ്രം.
മത്സരത്തിന് മുന്നോടിയായി യുസ്വേന്ദ്ര ചഹലിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. യുസ്വേന്ദ്ര ചഹലിന് ഇതിന് പക വീട്ടാനുള്ള മത്സരമാണെന്നും കഴിഞ്ഞ മത്സരത്തില്‍ നാല് വിക്കറ്റുകള്‍ നേടിയ ശേഷമാണ് ചഹല്‍ വരുന്നതെന്നത് മികച്ചതാണെന്നും ചോപ്ര പറഞ്ഞു. തന്റെ യൂട്യൂബ് ചാനല്‍ സംസാരിക്കുകയായിരുന്നു.
‘യൂസി ചാഹലിന് ഇത് ഒരു പക വീട്ടല്‍ മത്സരമാണ് – ‘നിങ്ങള്‍ എന്നെ മാത്രം എടുക്കുന്നില്ല. നിങ്ങള്‍ എന്നെ എടുക്കാത്തതു കൊണ്ട് ഞാന്‍ ആദ്യം രാജസ്ഥാനിലേക്ക് പോയി.
പിന്നീട് ഞാന്‍ പഞ്ചാബിലേക്ക് പോയി, കാരണം നിങ്ങള്‍ എന്നെ വീണ്ടും എടുത്തില്ല’ എന്നാണ് അവന്‍ ചിന്തിക്കുക. കഴിഞ്ഞ മത്സരത്തില്‍ നാല് വിക്കറ്റുകള്‍ നേടിയ ശേഷമാണ് അദ്ദേഹം വരുന്നത്. അത് ശരിക്കും മികച്ചതാണ്,’ ചോപ്ര പറഞ്ഞു.
ഐ.പി.എല്ലില്‍ 2014 – 2021 കാലഘട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരമായിരുന്നു ചഹല്‍. എട്ട് സീസണുകളില്‍ ടീമിനൊപ്പമുണ്ടായിരുന്ന താരം 113 മത്സരങ്ങളില്‍ നിന്ന് ബെംഗളുരുവിനായി 139 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്‌സിനായി ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തതും ഇന്ത്യന്‍ ലെഗ് സ്പിന്നറാണ്.
2021ല്‍ ബെംഗളൂരു റീലീസ് ചെയ്തതോടെ തുടര്‍ന്നുള്ള രണ്ട് സീസണുകളില്‍ ചഹല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു. ഈ സീസണിന് മുന്നോടിയായി നടന്ന മെഗാ ലേലത്തിലൂടെയാണ് താരം പഞ്ചാബ് കിങ്സിനൊപ്പമെത്തിയത്.
ഈ സീസണില്‍ പഞ്ചാബിനായി ഭേദപ്പെട്ട പ്രകടനമാണ് ചഹല്‍ പുറത്തെടുക്കുന്നത്. ആറ് മത്സരങ്ങളില്‍ ആറ് വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്. 32.50 ശരാശരിയിലും 10.26 എക്കണോമിയിലുമാണ് ചഹല്‍ ടൂര്‍ണമെന്റില്‍ പന്തെറിയുന്നത്. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നേടിയ 28 റണ്‍സിന് നാല് വിക്കറ്റ് നേട്ടമാണ് ഈ സീസണിലെ മികച്ച പ്രകടനം.
Content Highlight: IPL 2025: PBKS vs RCB: Former Indian Cricketer Akash Chopra talks about Punjab Kings leg spinner Yuzvendra Chahal