വാഷിങ്ടണ്‍: അറബ്-അമേരിക്കന്‍ പൗരന്മാരുടെ നേട്ടങ്ങളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടി നടത്താന്‍ വിസമ്മതിച്ച് ആമസോണ്‍. പരിപാടി നടക്കുന്നതിന് 11 മണിക്കൂര്‍ മുമ്പാണ് ആമസോണ്‍ സംഘടകരെ തീരുമാനം അറിയിച്ചത്. അറബ്-അറബ് ഇതര ജീവനക്കാരോട് പരിപാടിയില്‍ പങ്കെടുക്കരുതെന്നും ആമസോണ്‍ നിര്‍ദേശം നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍.
ആമസോണിന്റെ തീരുമാനം വിവേചനപരമാണെന്ന് സംഘാടകര്‍ പ്രതികരിച്ചു. അറബ്-അമേരിക്കന്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കമാണ് തീരുമാനത്തിന് പിന്നിലെന്നും സംഘാടകര്‍ പറഞ്ഞു. യു.എസ് സെനറ്റര്‍ റാഷിദ ത്‌ലൈബിനെ പ്രസംഗിക്കാന്‍ ക്ഷണിച്ച സംഘാടകരുടെ നീക്കം ആമസോണ്‍ അധികാരികളെ പ്രകോപിപ്പിച്ചുവെന്നാണ് വിവരം.
യു.എസിലെ ഏക ഫലസ്തീന്‍-അമേരിക്കന്‍ വനിത പ്രതിനിധിയും കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ രണ്ട് മുസ്‌ലിം സ്ത്രീകളില്‍ ഒരാളുമാണ് റാഷിദ ത്‌ലൈബ്.
ഏപ്രില്‍ ഒമ്പതിനാണ് റാഷിദയെ അടക്കം ഉള്‍പ്പെടുത്തി പരിപാടി നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചിരുന്നത്. വിര്‍ജീനിയയിലെ ആര്‍ലിങ്ടണിലുള്ള ആമസോണ്‍ ഈസ്റ്റ് കോസ്റ്റ് ആസ്ഥാനമായിരുന്നു ദേശീയ അറബ്-അമേരിക്കന്‍ പൈതൃക മാസാചരണത്തിന്റെ വേദി.
കഴിഞ്ഞ ആറ് മാസമായി സംഘാടകര്‍ പരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്തുവരികയായിരുന്നു. ഫെബ്രുവരിയില്‍ ആമസോണിന്റെ എംപ്ലോയി റിസോഴ്സ് ഗ്രൂപ്പായ അറബ് അറ്റ് ആമസോണുമായി ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. ഏകദേശം 4000ത്തിലധികം അംഗങ്ങള്‍ ഈ സംഘടനയിലുണ്ട്.
2017 മുതല്‍ ദേശീയ അറബ്-അമേരിക്കന്‍ പൈതൃക മാസചരണം നടത്തുന്നുണ്ട്. അറബ്-അമേരിക്ക ഫൗണ്ടേഷന്റെ സഹസ്ഥാപകനായ വാറന്‍ ഡേവിഡാണ് ഇതിന് തുടക്കം കുറിച്ചത്. ഇപ്പോള്‍ മാറ്റിവെച്ച പരിപാടിയുടെ സംഘാടകരില്‍ പ്രധാനപ്പെട്ട ഒരാള്‍ കൂടിയായിരുന്നു ഡേവിഡ്.
അതേസമയം ആമസോണിന്റെ വിസമ്മതത്തെ തള്ളിക്കൊണ്ട് സംഘാടകര്‍ പരിപാടി നടത്തിയെന്ന് വാറന്‍ ഡേവിഡ് പറഞ്ഞു. ആമസോണ്‍ ആസ്ഥാനത്ത് നിന്ന് 50 മിനിറ്റ് യാത്ര ചെയ്താല്‍ എത്തുന്ന പൊട്ടോമാക്കിലെ സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ അന്ത്യോക്കിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലാണ് പരിപാടി നടന്നത്.
പരിപാടിക്കായി രാജ്യത്തുടനീളമുള്ള സംഗീതജ്ഞര്‍ അടക്കം 300ലധികം ആളുകള്‍ നേരത്തെ ഹോട്ടല്‍ റൂമുകള്‍ ബുക്ക് ചെയ്തിരുന്നു. അതിനാല്‍ തന്നെ പരിപാടിയില്‍ നിന്ന് പിന്മാറുക എന്നത് അസാധ്യമായ കാര്യമായിരുന്നുവെന്നും ഡേവിഡ് മിഡില്‍ ഈസ്റ്റ് ഐയോട് പ്രതികരിച്ചു.
വേദി മാറ്റിയ വിവരം എല്ലാവരെയും സമയബന്ധിതമായി അറിയിക്കാന്‍ കഴിയാതിരുന്നതിനാല്‍ കുറേയധികം ആളുകള്‍ ആമസോണ്‍ ആസ്ഥാനത്തേക്ക് പോയെന്നും ഡേവിഡ് പറയുന്നു.
അതേസമയം പരിപാടി റദ്ദാക്കിയെന്ന വിവരം ആമസോണ്‍ വക്താവ് ബ്രാഡ് ഗ്ലാസര്‍ നിഷേധിച്ചു. ഇതോടെയാണ് സംഭവം വിവാദമായത്. കമ്പനി നയം പാലിക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടുവെന്നും ബ്രാഡ് കുറ്റപ്പെടുത്തി.
Content Highlight: Amazon cancels Arab-American event after organizers invited Rashida Tlaib to speak