Entertainment
70 കോടിയോ 45 കോടിയോ? എമ്പുരാന്റെ ഡിജിറ്റല്‍ റൈറ്റ്‌സിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ചൂടുപിടിച്ച് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 18, 11:49 am
Friday, 18th April 2025, 5:19 pm

മലയാളസിനിമയിലെ സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്തിരിക്കുകയാണ് മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍. ബോക്‌സ് ഓഫീസില്‍ എമ്പുരാന് മുന്നില്‍ വീഴാത്ത റെക്കോഡുകളൊന്നും ബാക്കിയില്ല. ഗ്ലോബല്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 260 കോടിയോളം സ്വന്തമാക്കിയ എമ്പുരാന്‍ ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് ടാഗും സ്വന്തമാക്കി.

ഏപ്രില്‍ 24 മുതല്‍ ചിത്രം ഒ.ടി.ടി സ്ട്രീമിങ്ങും ആരംഭിക്കും. ജിയോ ഹോട്‌സ്റ്റാറാണ് എമ്പുരാന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയത്. ഇതിന് പിന്നാലെ ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. മലയാളത്തിലെ ഏറ്റവുമുയര്‍ന്ന ഒ.ടി.ടി റൈറ്റ്‌സ് എമ്പുരാന്റെ പേരിലാണെന്നാണ് ചില ഓണ്‍ലൈന്‍ സിനിമാ അനലിസ്റ്റ് പേജുകള്‍ അഭിപ്രായപ്പെടുന്നത്.

എന്നാല്‍ കിങ് ഓഫ് കൊത്തയാണ് ഒന്നാമതെന്നും എമ്പുരാന്‍ രണ്ടാം സ്ഥാനത്താണെന്നും മറ്റ് ചില ട്രാക്കിങ് പേജുകള്‍ വാദിക്കുന്നുണ്ട്. 40 കോടിയായിരുന്നു കൊത്തയുടെ ഒ.ടി.ടി റൈറ്റ്‌സ്. മലയാളത്തിലെ ഏറ്റവുമുയര്‍ന്ന ഒ.ടി.ടി റൈറ്റ്‌സായിരുന്നു ചിത്രം സ്വന്തമാക്കിയത്. തിയേറ്ററില്‍ പരാജയമായിരുന്നെങ്കിലും ചിത്രത്തിന്റെ ഹൈപ്പ് മലയാളസിനിമ മുമ്പെങ്ങും കാണാത്ത വിധത്തില്‍ ഉയരത്തിലായിരുന്നു.

കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ആവേശം 35 കോടിക്കാണ് ഒ.ടി.ടി റൈറ്റ്‌സ് വിറ്റുപോയത്. ഒ.ടി.ടി റിലീസിന് പിന്നാലെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ആവേശം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ രണ്ട് ചിത്രങ്ങളെക്കാള്‍ ഉയര്‍ന്ന തുകക്കാണ് എമ്പുരാന്റെ റൈറ്റ്‌സ് വിറ്റുപോയതെന്നാണ് കേരള ബോക്‌സ് ഓഫീസ് എന്ന ഫേസ്ബുക്ക് പേജ് അവകാശപ്പെടുന്നത്.

70 കോടിക്ക് ഒ.ടി.ടി റൈറ്റ്‌സും 25 കോടിക്ക് സാറ്റലൈറ്റ് റൈറ്റ്‌സും വിറ്റുപോയെന്നാണ് ഈ പേജ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ മോഹന്‍ലാല്‍ ചിത്രങ്ങളെ മാത്രം പ്രൊമോട്ട് ചെയ്യുന്ന ഈ പേജിന്റെ വിശ്വാസ്യതയെ ചിലര്‍ ചോദ്യം ചെയ്യുന്നുണ്ട്. എത്ര കോടിക്കാണ് എമ്പുരാനെ ജിയോ ഹോട്‌സ്റ്റാര്‍ സ്വന്തമാക്കിയതെന്ന കാര്യത്തില്‍ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ വ്യക്തമാക്കിയില്ല.

നേരിട്ട് ഒ.ടി.ടിയിലെത്തിയ മോഹന്‍ലാല്‍ ചിത്രങ്ങളായ ബ്രോ ഡാഡി, 12th മാന്‍ എന്നീ ചിത്രങ്ങളും ഉയര്‍ന്ന തുകക്കായിരുന്നു വിറ്റുപോയത്. 39 കോടിയായിരുന്നു ഇരു ചിത്രങ്ങളുടെയും റൈറ്റ്‌സ് തുക. തിയേറ്ററില്‍ വന്‍ കളക്ഷന്‍ നേടിയ എമ്പുരാന്‍ ഒ.ടി.ടിയിലും ചര്‍ച്ചയാവുകയാണ്. ഔദ്യോഗികമായ അറിയിപ്പ് വരുന്നതുവരെ ഇത്തരം റൂമറുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Content Highlight: Social media discussing on the OTT rights price of Empuraan comparing with King of Kotha