ജെ.എന്‍.യുവില്‍ പൊലീസിന്റെ നോക്കുകുത്തി നയം; പ്രഥമ വിശദീകരണത്തില്‍ തന്നെ നാക്കുളുക്കി ദല്‍ഹി പൊലീസ്
JNU
ജെ.എന്‍.യുവില്‍ പൊലീസിന്റെ നോക്കുകുത്തി നയം; പ്രഥമ വിശദീകരണത്തില്‍ തന്നെ നാക്കുളുക്കി ദല്‍ഹി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th January 2020, 9:10 am

ന്യൂദല്‍ഹി: ദല്‍ഹിയിലെ ജെ.എന്‍.യു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അതിക്രമിച്ചെത്തിയ സംഘം തല്ലിച്ചതയ്ക്കുമ്പോള്‍ ഗെയ്റ്റിനിപ്പുറം പൊലീസ് നോക്കുകുത്തിയായി നിന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഈ സാഹചര്യത്തില്‍ വിശദീകരണവുമായി എത്തിയ പൊലീസ് ആദ്യ വിശദീകരണത്തില്‍ തന്നെ വെട്ടിലായിരിക്കുകയാണ്. എഫ്.ഐ.ആറിലെ വിവരങ്ങളും വിശദീകരണവും തമ്മിലുള്ള വൈരുദ്ധ്യമാണ് പൊലീസിനെ കുഴപ്പത്തിലാക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍വ്വകലാശാലയില്‍ നിന്ന് ക്യാംപസിലേക്ക് പ്രവേശിക്കാനുള്ള അനുമതി ലഭിക്കാത്തത് കൊണ്ടാണ് അക്രമികളെ തടയാന്‍ ക്യാംപസിനകത്ത് കയറാതിരുന്നതെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ പൊലീസ് തന്നെ തയ്യാറാക്കിയ എഫ്.ഐ.ആറില്‍ വൈകിട്ട് 3.45 ന് പെരിയാര്‍ ഹോസ്റ്റലില്‍ ആദ്യ സംഘര്‍ഷം ഉണ്ടായപ്പോള്‍ ജെ.എന്‍.യു അഡ്മിനിസ്ട്രേറ്റീവ് വിഭാഗം പൊലീസ് സഹായം ആവശ്യപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്നു.

ഇത് നിയമ പ്രകാരം ക്യാംപസിനകത്തേക്ക് പ്രവേശിക്കാനുള്ള ഔദ്യോഗിക ഉത്തരവിന് കാത്തിരിക്കുക മാത്രമായിരുന്നു തങ്ങള്‍ എന്ന പൊലീസിന്റെ ന്യായം പൊളിക്കുന്നതാണ്. ജെ.എന്‍.യു ക്യംപസില്‍ വൈകുന്നേരം മൂന്ന് മണിമുതല്‍ തന്നെ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നെങ്കിലും പൊലീസ് 8മണിക്ക് ശേഷം മാത്രമാണ് സര്‍വ്വകലാശാലയ്ക്കുള്ളില്‍ പ്രവേശിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഡെപ്യൂട്ടി കമ്മീഷണര്‍ ആദ്യ പരാതി പെരിയാറില്‍ നിന്ന് ലഭിച്ചപ്പോള്‍ സാഹചര്യങ്ങള്‍ നിരീക്ഷിക്കാന്‍ എത്തിയിരുന്നു. എന്നാല്‍ രാത്രി 50 ഓളം പേര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചുവിട്ടപ്പോള്‍ പൊലീസ് ഇടപെടാതിരുന്നത് ബോധപൂര്‍വ്വമാണെന്ന ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ വാദം ശരിവെക്കുന്നതാണ് പൊലീസ് തന്നെ തയ്യാറാക്കിയ എഫ്.ഐ.ആര്‍.