സ്‌ട്രോക്ക് എന്ന അവസ്ഥയെ കുറിച്ച് അറിയാത്തവര്‍ ഇന്ന് ചുരുക്കമായിരിക്കും. പലരും അവരുടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ രോഗാവസ്ഥയെ കുറിച്ച് കേട്ടിട്ടുണ്ടാകും. ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയവരും സ്‌ട്രോക്കിനെ അതിജീവിച്ചവരുമൊക്കെ നമുക്കിടയിലുണ്ട്.
ശരീരം തരുന്ന ചില മുന്നറിയിപ്പുകള്‍ അവഗണിക്കുകയോ അല്ലെങ്കില്‍ അവ അറിയാതെ പോവുകയോ ചെയ്യുന്ന ഘട്ടത്തില്‍ നമ്മുടെ ജീവന് തന്നെ ഭീഷണിയേക്കാവുന്ന ഒന്നാണ് സ്‌ട്രോക്ക്. എന്നാല്‍ ഈയൊരു രോഗാവസ്ഥയെ കുറിച്ച് കൃത്യമായ അവബോധമുണ്ടെങ്കില്‍ വലിയൊരു അളവുവരെ നമുക്ക് നിയന്ത്രിക്കാനാവുന്ന ഒന്നുകൂടിയാണ് ഇത്. കൃത്യസമയത്ത് ചികിത്സ ലഭിച്ചെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന ഈ രോഗത്തെ കുറിച്ച് കൂടുതല്‍ അറിയാം.
തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയോ, പൂര്‍ണമായും തടസ്സപ്പെടുകയോ അല്ലെങ്കില്‍ തലച്ചോറില്‍ രക്തസ്രാവം ഉണ്ടാവുകയോ ചെയ്യുമ്പോഴാണ് പക്ഷാഘാതം അഥവാ സ്‌ട്രോക്ക് ഉണ്ടാകുന്നത്.
മസ്തിഷ്‌കാഘാതം സംഭവിക്കുമ്പോള്‍ മസ്തിഷ്‌ക കോശങ്ങള്‍ക്ക് ഓക്സിജന്‍ ലഭ്യമാകാതെ വരുകയും തുടര്‍ന്ന് അവ നശിച്ചുപോകാന്‍ തുടങ്ങുകയും ചെയ്യുന്നു. അതുമൂലം ഏതു ഭാഗത്തെ കോശങ്ങള്‍ ആണോ നശിക്കുന്നത് ആ ഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതെ വരുകയും തന്മൂലം, ഓര്‍മ്മ, കാഴ്ച, കേള്‍വി, പേശീനിയന്ത്രണം തുടങ്ങിയ കഴിവുകള്‍ക്ക് തടസ്സം നേരിടുകയും ചെയ്യുന്നു.
തലച്ചോറില്‍ എത്രമാത്രം ക്ഷതം സംഭവിച്ചിട്ടുണ്ട് എന്നതിനെ ആശ്രയിച്ചാണ് ഒരു രോഗിയെ സ്ട്രോക്ക് എങ്ങനെ ബാധിക്കുന്നു എന്ന് തിരിച്ചറിയുക. വളരെ ചെറിയ രീതിയിലുള്ള പക്ഷാഘാതം ആണെങ്കില്‍ രോഗിയുടെ ഒരു കാലിനോ അല്ലെങ്കില്‍ കൈക്കോ മാത്രം ചെറിയ തളര്‍ച്ച അനുഭവപ്പെടുന്നതാകാം ആദ്യലക്ഷണം. എന്നാല്‍ തീവ്രമായ രീതിയില്‍ സ്ട്രോക്ക് ബാധിച്ചവരില്‍ ശരീരമാകെ തളര്‍ന്നുപോകുകയും സംസാരശേഷി നഷ്ടപ്പെട്ടുപോകാനും സാധ്യതയുണ്ട്.
രണ്ട് തരം സ്‌ട്രോക്കുകളാണ് ഉള്ളത്. ഇസ്‌കെമിക് സ്‌ട്രോക്കും (Ischemic stroke) ഹെമറാജിക് സ്‌ട്രോക്കും (Hemorrhagic stroke). രണ്ടിന്റെയും ലക്ഷണങ്ങള്‍ ഒരു പോലായതിനാല്‍ സ്‌കാന്‍ ചെയ്ത ശേഷമാണ് ഏതു തരത്തിലുള്ള സ്‌ട്രോക്ക് ആണ് സംഭവിച്ചതെന്ന് തിരിച്ചറിയുന്നത്. അതിനനുസരിച്ചുള്ള ചികിത്സാവിധികളാണ് രോഗിക്ക് പിന്നീട് നല്‍കുക.
ഇസ്‌കെമിക് സ്‌ട്രോക്ക്, ഹെമറാജിക് സ്‌ട്രോക്ക്
Ischaemic / Thrombotic സ്‌ട്രോക്ക്: തലച്ചോറിലേക്കുള്ള ഏതെങ്കിലും ഒരു രക്തക്കുഴലില്‍ കൊഴുപ്പു വന്നു അടിയുന്ന മൂലം അവിടെ ബ്ലോക്ക് ഉണ്ടാവുകയും തലച്ചോറിലെ ആ ഒരു ഭാഗം സ്തംഭിക്കുകയും ചെയ്യുന്നു.
Haemorrhagic സ്‌ട്രോക്ക് അഥവാ തലച്ചോറിലെ രക്തസ്രാവം: തലച്ചോറിലെ രക്തസ്രാവത്തിനു പല കാരണങ്ങള്‍ ആവാം. തലച്ചോറിലെ രക്തക്കുഴലില്‍ പ്രഷര്‍ കൂടിയത് മൂലം ഞരമ്പു പൊട്ടുന്നത് കൊണ്ടാവാം അല്ലെങ്കില്‍ ധമനികളില്‍ ഉള്ള വീക്ക (Anettursm) മൂലവും ആവാം. Aneurysm എന്നാല്‍ തലച്ചോറിലെ രക്തധമനികളില്‍ ചെറിയ കുമിളകള്‍ പോലെ വരികയും ബലഹീനത സംഭവിക്കുകയും പെട്ടെന്ന് പൊട്ടുകയും ചെയ്യുന്നതുവഴി തലച്ചോറില്‍ രക്തസ്രാവം സംഭവിക്കുന്നു.
ഇതും കൂടാതെ ചിലപ്പോള്‍ ചില രക്തധമനികള്‍ക്കു ജന്മനാ സംഭവിക്കുന്ന തകരാറുകള്‍ ( Congenital anomaly) മൂലവും രക്തസ്രാവം സംഭവിച്ചേക്കാം. Arteriovenous Malformation അത്തരത്തില്‍ ഒന്നാണ്. ഇത്തരം അവസ്ഥയില്‍ രക്തധമനികള്‍ക്കു വലിയ ബലം കാണില്ല. അവ ഏതെങ്കിലും ഒരു ഘട്ടത്തില്‍ പൊട്ടുന്നത് വഴി രക്തസ്രാവം സംഭവിക്കുന്നു.
COVID-19 അണുബാധ ഇസ്‌കെമിക് സ്‌ട്രോക്കിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ചില പ്രാഥമിക ഗവേഷണങ്ങള്‍ കാണിക്കുന്നുണ്ട്. എന്നാല്‍ കൂടുതല്‍ പഠനങ്ങള്‍ ഇക്കാര്യത്തില്‍ ആവശ്യമാണ്.
സ്‌ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങള്‍
*സംസാരിക്കുന്നതിലും മറ്റുള്ളവര്‍ എന്താണ് പറയുന്നതെന്ന് മനസ്സിലാക്കുന്നതിലും നേരിടുന്ന പ്രശ്‌നം, വാക്കുകള്‍ പുറത്തുവരാതെ സംസാരം കുഴഞ്ഞുപോകാം.
* മരവിപ്പും ബലഹീനതയും: മുഖം, കൈ അല്ലെങ്കില്‍ കാലിന് മരവിപ്പും ബലഹീനതയും അനുഭവപ്പെടാം. ഇത് പലപ്പോഴും ശരീരത്തിന്റെ ഒരു വശത്തെ മാത്രമേ ബാധിക്കുകയുള്ളൂ. നിങ്ങളുടെ രണ്ട് കൈകളും ഒരേ സമയം നിങ്ങളുടെ തലയ്ക്ക് മുകളില്‍ ഉയര്‍ത്താന്‍ ശ്രമിക്കുക. ഒരു കൈ താഴേക്ക് വീഴുകയാണെങ്കില്‍ അത് സ്‌ട്രോക്കിന്റെ ലക്ഷണമാണ്. ചിരിക്കാന്‍ ശ്രമിക്കുമ്പോഴും സംസാരിക്കാന്‍ ശ്രമിക്കുമ്പോഴും മുഖം ഒരു വശത്തേക്ക് കോടിപ്പോകല്‍
*കാഴ്ച പ്രശ്‌നങ്ങള്‍: കാഴ്ച മങ്ങല്‍, ദൃശ്യങ്ങള്‍ രണ്ടായി തോന്നല്‍ എന്നിവയും സ്‌ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങളാണ്.
*തലവേദന: പെട്ടെന്നുള്ള കഠിനമായ തലവേദന, ഛര്‍ദ്ദി, തലകറക്കം അല്ലെങ്കില്‍ ബോധക്ഷയം ഇവയും സ്‌ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങളാണ്.
*നടക്കാന്‍ ബുദ്ധിമുട്ട്: നടക്കാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങളുടെ കാലുകള്‍ ഇടറുകയോ ബാലന്‍സ് നഷ്ടപ്പെടുകയോ ചെയ്യാം. നിങ്ങള്‍ക്ക് പെട്ടെന്ന് തലകറങ്ങുന്നത് പോലെ തോന്നാം.
ഡോക്ടറെ സമീപിക്കേണ്ടത് എപ്പോള്‍ ?
സ്‌ട്രോക്കിന്റെ ഏതെങ്കിലും ലക്ഷണങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍, അഥവാ അത്തരം ലക്ഷണങ്ങള്‍ വന്ന് പോകുകയാണെങ്കില്‍ പോലും ഉടന്‍ വൈദ്യസഹായം തേടേണ്ടതുണ്ട്. ‘വേഗത’ എന്നത് സ്‌ട്രോക്കിന്റെ കാര്യത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. സ്‌ട്രോക്കാണ് സംഭവിച്ചതെന്ന് ഉറപ്പിക്കാന്‍ താഴെ പറയുന്ന ചില കാര്യങ്ങള്‍ ചെയ്തുനോക്കാവുന്നതാണ്.
മുഖം: സ്‌ട്രോക്ക് സംശയിക്കുന്ന വ്യക്തിയോട് പുഞ്ചിരിക്കാന്‍ ആവശ്യപ്പെടുക. മുഖത്തിന്റെ ഒരു വശം താഴുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക.
കൈകള്‍: ഇരു കൈകളും ഉയര്‍ത്താന്‍ ആവശ്യപ്പെടുക. ഒരു കൈ താഴേക്ക് വീണുപോകുന്നുണ്ടോ, അല്ലെങ്കില്‍ ഒരു കൈ ഉയര്‍ത്താന്‍ സാധിക്കാതെ വരുന്നുണ്ടോ എന്ന് നോക്കുക.
സംസാരം: എന്തെങ്കിലും ചിലത് സംസാരിക്കാന്‍ രോഗിയോട് ആവശ്യപ്പെടുക. അവരുടെ സംസാരം അവ്യക്തമാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.
സമയം: ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും നിങ്ങള്‍ നിരീക്ഷിക്കുകയാണെങ്കില്‍, ഉടന്‍ തന്നെ രോഗിയെ ആശുപത്രിയില്‍ എത്തിക്കുക. രോഗലക്ഷണങ്ങള്‍ അവസാനിക്കുമോ എന്നറിയാന്‍ ഒരിക്കലും കാത്തിരിക്കരുത്. ഓരോ നിമിഷവും വിലപ്പെട്ടതാണ്. അടിയന്തര ചികിത്സ ലഭിക്കാന്‍ വൈകുന്ന ഓരോ നിമിഷത്തിലും മസ്തിഷ്‌ക ക്ഷതവും വൈകല്യവും സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.
രോഗസാധ്യതയിലേക്ക് നയിക്കുന്ന ഘടകങ്ങള്‍
അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍: ഉയര്‍ന്ന അളവില്‍ ഉപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും, വളരെ കൂടിയ അളവില്‍ അന്നജം, കൊളസ്ട്രോള്‍ എന്നിവയടങ്ങിയ ആഹാരരീതിയും സ്‌ട്രോക്കിന് കാരണമായേക്കാം.
വ്യായാമക്കുറവ്: കൂടുതല്‍ സമയം വെറുതെ ഇരിക്കുന്നതും, യാതൊരു തരത്തിലുള്ള ശാരീരിക വ്യായാമമില്ലായ്മയും, സ്ട്രോക്കിലേക്ക് നയിച്ചേക്കാം.
മദ്യപാനം, പുകവലി: മദ്യപാനവും പുകവലിയും മസ്തിഷ്‌കാഘാത സാധ്യത വളരെയധികം വര്‍ധിപ്പിക്കുന്ന ഒന്നാണ്. ഇവ മൂലം ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുകയും, രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടി രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
പാരമ്പര്യം: ചെറിയൊരു ശതമാനം ആളുകളില്‍ ചില പാരമ്പര്യഘടകങ്ങളിലുണ്ടാവുന്ന വ്യതിയാനങ്ങള്‍ സ്‌ട്രോക്കിന്റെ സാധ്യത വര്‍ധിപ്പിച്ചേക്കാം.
മറ്റു തരത്തിലുള്ള രോഗാവസ്ഥകള്‍: ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് സ്ട്രോക്ക് വരുന്നതിനുള്ള ഏറ്റവും പ്രധാന കാരണങ്ങളിലൊന്ന്. അതോടൊപ്പം തന്നെ അനിയന്ത്രിതമായ പ്രമേഹം, ഹൃദയമിടിപ്പുകളിലുണ്ടാവുന്ന വ്യതിയാനങ്ങള്‍ എന്നിവയും സ്ട്രോക്ക് വരുന്നതിനുള്ള പ്രധാന കാരണങ്ങളാണ്.
പ്രായം: 55 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ആളുകള്‍ക്ക് ചെറുപ്പക്കാരേക്കാള്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്.
ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍: ഗര്‍ഭനിരോധന ഗുളികകള്‍ അല്ലെങ്കില്‍ ഈസ്ട്രജന്‍ ഉള്‍പ്പെടുന്ന ഹോര്‍മോണ്‍ തെറാപ്പി എന്നിവയുടെ അമിത ഉപയോഗം അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു.
രോഗനിര്‍ണയം
രോഗനിര്‍ണയത്തിനായി രോഗിയുടെ ലക്ഷണങ്ങളെക്കുറിച്ച് വിശദമായി ചോദിച്ചറിയേണ്ടതാണ്. രക്തസമ്മര്‍ദം, ഹൃദയതാളം, എന്നിവയുടെ പ്രാഥമിക പരിശോധനകള്‍ക്കു ശേഷം രോഗിയുടെ ശാരീരിക പരിശോധനയിലൂടെ രോഗിയുടെ ശരീര സന്തുലനാവസ്ഥ, പേശികളുടെ ബലം, ചലനശേഷി, കാഴ്ചശക്തി തുടങ്ങിയ നാഡീ സംബന്ധമായ വിവരങ്ങള്‍ ശേഖരിക്കുന്നു. അതിനുശേഷം രോഗിക്ക് സ്ട്രോക്ക് സംഭവിച്ചിട്ടുണ്ടോ, എന്തായിരിക്കും കാരണം, തലച്ചോറിന്റെ ഏത് ഭാഗത്താണ് ബാധിച്ചിരിക്കുന്നത്, എന്നിവയെക്കുറിച്ച് കൃത്യമായി തിരിച്ചറിയുന്നതിന് ചില ടെസ്റ്റുകള്‍ നടത്തേണ്ടതുണ്ട്.
രോഗനിര്‍ണയത്തിനുള്ള ടെസ്റ്റുകള്‍
രക്തപരിശോധന
എം.ആര്‍.ഐ., സി.ടി. സ്‌കാന്‍
സെറിബ്രല്‍ ആന്‍ജിയോഗ്രാം
കരോട്ടിഡ് ഡോപ്ലര്‍
ഇലക്ട്രോകാര്‍ഡിയോഗ്രാം, എക്കോ കാര്‍ഡിയോഗ്രാം
പ്രതിരോധിക്കേണ്ടത് എങ്ങനെ?
സ്‌ട്രോക്കിന്റെ അപകടസാധ്യത ഘടകങ്ങള്‍ അറിയുക, ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക എന്നിവയാണ് സ്‌ട്രോക്ക് തടയാന്‍ നിങ്ങള്‍ക്ക് സ്വീകരിക്കാവുന്ന ഏറ്റവും മികച്ച കാര്യങ്ങള്‍.
നിങ്ങളുടെ ഭക്ഷണത്തിലെ കൊളസ്‌ട്രോളിന്റെയും പൂരിത കൊഴുപ്പിന്റെയും അളവ് കുറയ്ക്കുക. രക്തധമനികളില്‍ ഫാറ്റ് അടിഞ്ഞുകൂടുന്നത് തടയാന്‍ ഇത് സഹായിക്കും.
ഭക്ഷണത്തിലെ മാറ്റങ്ങളിലൂടെ മാത്രം നിങ്ങള്‍ക്ക് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍, കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനുള്ള മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കുക.
പുകവലിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും സ്ട്രോക്ക് വരാമെങ്കിലും പുകയില ഉപയോഗം ഉപേക്ഷിക്കുന്നത് സ്ട്രോക്ക് സാധ്യത കുറയ്ക്കുന്നു.
പ്രമേഹം നിയന്ത്രിക്കുന്നത് മറ്റൊരു പ്രധാന കാര്യമാണ്. ഭക്ഷണക്രമം, വ്യായാമം, ശരീരഭാരം കുറയ്ക്കല്‍ എന്നിവയും പ്രധാനപ്പെട്ടതാണ്.
പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണം കഴിക്കുക- ദിവസേന അഞ്ചോ അതിലധികമോ പഴങ്ങളോ പച്ചക്കറികളോ അടങ്ങിയ ഭക്ഷണങ്ങള്‍ ഹൃദയാഘാത സാധ്യതയും കുറയ്ക്കും.
വ്യായാമം- എയ്‌റോബിക് വ്യായാമം പല വിധത്തില്‍ സ്‌ട്രോക്കിനുള്ള സാധ്യത കുറയ്ക്കുന്നു. വ്യായാമം വഴി രക്തസമ്മര്‍ദ്ദം കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും രക്തക്കുഴലുകളുടെയും ഹൃദയത്തിന്റെയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും. ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും ഇത് സഹായിക്കുന്നു. നടത്തം, നീന്തല്‍ അല്ലെങ്കില്‍ സൈക്കിള്‍ ചവിട്ടല്‍ എന്നിങ്ങനെ ആഴ്ചയിലെ മിക്ക ദിവസങ്ങളിലും, കുറഞ്ഞത് 30 മിനിറ്റെങ്കിലും മിതമായ രീതിയില്‍ വ്യായാമം ചെയ്യുക.
മിതമായ അളവില്‍ മദ്യം കഴിക്കാം- അമിതമായ മദ്യപാനം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഇസ്‌കെമിക് സ്‌ട്രോക്ക്, ഹെമറാജിക് സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. നിങ്ങള്‍ കഴിക്കുന്ന മറ്റ് മരുന്നുകളുമായും മദ്യം പ്രതിപ്രവര്‍ത്തിച്ചേക്കാം. എന്നിരുന്നാലും, ഒരു ദിവസം ഒരു പാനീയം പോലെ ചെറിയ അളവില്‍ മദ്യം കഴിക്കുന്നത്, രക്തം കട്ടപിടിക്കുന്ന പ്രവണത കുറയ്ക്കാനും ഇസ്‌കെമിക് സ്‌ട്രോക്ക് തടയാനും സഹായിക്കും. ഉയര്‍ന്ന അളവിലുള്ള മദ്യപാനം, മയക്കുമരുന്ന്, കൊക്കെയ്ന്‍ എന്നിവയെല്ലാം സ്‌ട്രോക്കിന് സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.
സങ്കീര്‍ണതകള്‍
വൈകല്യങ്ങള്‍: മസ്തിഷ്‌കത്തില്‍ രക്തപ്രവാഹം എത്രത്തോളം കുറയുന്നു എന്നതും ഏത് ഭാഗത്തെ ബാധിക്കുന്നു എന്നതിനെയും ആശ്രയിച്ച് സ്‌ട്രോക്ക് ചിലപ്പോള്‍ താല്‍ക്കാലികമോ സ്ഥിരമോ ആയ വൈകല്യങ്ങള്‍ക്ക് കാരണമാകാം.
പേശികളുടെ ചലനം നഷ്ടപ്പെടുന്നു: നിങ്ങള്‍ക്ക് ശരീരത്തിന്റെ ഒരു വശത്ത് തളര്‍ച്ച സംഭവിക്കാം, അല്ലെങ്കില്‍ മുഖത്തിന്റെ ഒരു വശത്തെ പേശികളുടെ നിയന്ത്രണം നഷ്ടപ്പെടാം.
സംസാരിക്കാനോ ആഹാര സാധനങ്ങള്‍ വിഴുങ്ങാനോ ബുദ്ധിമുട്ട് : സ്‌ട്രോക്ക് വായിലെയും തൊണ്ടയിലെയും പേശികളുടെ നിയന്ത്രണത്തെ ബാധിച്ചേക്കാം, ഇത് നിങ്ങള്‍ക്ക് വ്യക്തമായി സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്നു.
സംസാരം, വായന, എഴുത്ത്, സംസാരിക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കുന്നതിലുള്ള ബുദ്ധിമുട്ട്, ഓര്‍മക്കുറവ് എന്നിവയും സ്‌ട്രോക്കിന് ശേഷം രോഗികള്‍ നേരിടുന്ന ചില സങ്കീര്‍ണതകളാണ്. അതുപോലെ വൈകാരിക പ്രശ്‌നങ്ങള്‍ ചിലരെ അലട്ടാറുണ്ട്. സ്‌ട്രോക്ക് സംഭവിച്ചവര്‍ക്ക് അവരുടെ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാകാം, അല്ലെങ്കില്‍ വിഷാദം പോലുള്ള ചില അവസ്ഥകളിലേക്ക് മാറാം.
സ്‌ട്രോക്ക് ബാധിച്ച ശരീരഭാഗങ്ങളില്‍ വേദന, മരവിപ്പ് തുടങ്ങിയവ അനുഭവപ്പെടാം. സ്‌ട്രോക്കിന് ശേഷം രോഗിയ്ക്ക് അവരുടെ ദൈനംദിന കാര്യങ്ങളില്‍ സഹായം ആവശ്യമായി വന്നേക്കാം.
Content Highlight: What is strokeþ symptoms-causes