national news
മഹാരാഷ്ട്രയിലെ മറാത്ത്‌വാഡയിൽ കര്‍ഷക ആത്മഹത്യ കൂടുന്നു; 2025ല്‍ 32 ശതമാനത്തിന്റെ വര്‍ധനവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 23, 04:57 am
Wednesday, 23rd April 2025, 10:27 am

മുംബൈ: മഹാരാഷ്ട്രയിലെ മറാത്ത്‌വാഡയിൽ കര്‍ഷക ആത്മഹത്യ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെ 269 കര്‍ഷക ആത്മഹത്യകളാണ് മറാത്ത്വാഡയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡിവിഷണല്‍ കമ്മീഷണറുടെ ഓഫീസില്‍ നിന്നുള്ള വിവരങ്ങള്‍ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

2024 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 204 കര്‍ഷകരാണ് മറാത്ത്‌വാഡയിൽ ആത്മഹത്യ ചെയ്തത്. എന്നാല്‍ 2025ല്‍ എത്തിയപ്പോള്‍ ആത്മഹത്യയുടെ എണ്ണത്തില്‍ 32 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

മറാത്ത്‌വാഡയിൽ ബീഡിലാണ് ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. 2025ലെ കണക്കുകള്‍ അനുസരിച്ച് 71 പേര്‍ ബീഡില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. എന്നാല്‍ 2024ല്‍ ഇത് 44 ആയിരുന്നു.

ഇക്കാലയളവില്‍ ഛത്രപതി സംഭാജിനഗറില്‍ 50, നന്ദേഡില്‍ 37, പര്‍ഭാനിയില്‍ 33, ധാരാശിവില്‍ 31, ലാത്തൂരില്‍ 18, ഹിംഗോളിയില്‍ 16, ജല്‍നയില്‍ 13 കര്‍ഷകരും ആത്മഹത്യ ചെയ്തിട്ടുണ്ട്.

2001 മുതല്‍ മഹാരാഷ്ട്രയില്‍ 39,825 കര്‍ഷക ആത്മഹത്യകളാണ് രേഖപ്പെടുത്തിയത്. ഇതില്‍ 22,193 ആത്മഹത്യകള്‍ക്കും കാരണമായത് മഹാരാഷ്ട്രയിലെ കാര്‍ഷിക മേഖലയിലുണ്ടായ പ്രതിസന്ധികളാണ്.

കടബാധ്യത, കുറഞ്ഞ വിളവ്, അപര്യാപ്തമായ ജലസേചന മാര്‍ഗങ്ങള്‍, ഭൂമിയുടെ ഉടമസ്ഥാവകാശം, വിളനാശം, കാലാവസ്ഥ വ്യതിയാനം എന്നിവയാണ് കര്‍ഷകരെ കൂടുതലായും ആത്മഹത്യയിലേക്ക് നയിച്ചത്. അടുത്തിടെ കര്‍ഷക ആത്മഹത്യയുടെ കാരണങ്ങള്‍ കണ്ടെത്താന്‍ മഹാരാഷ്ട്രയില്‍ ജില്ലാ തലത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു.

എന്നാല്‍ മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട് എന്നതിലുപരി കമ്മിറ്റിക്ക് ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

2024ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുമെന്ന് മഹാരാഷ്ട്രയിലെ എന്‍.ഡി.എ സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ മഹായുതി സര്‍ക്കാര്‍ തങ്ങളുടെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് മുന്‍ ലോക്‌സഭാ എം.പിയും കര്‍ഷക സംഘടനായ ഷേത്കാരി സംഘടനയുടെ തലവനുമായ രാജു ഷെട്ടി പറഞ്ഞു.

സംസ്ഥാനത്തെ കര്‍ഷക പ്രതിസന്ധി മനസിലാക്കി കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളണമെന്ന് രാജു ഷെട്ടി ആവശ്യപ്പെടുകയും ചെയ്തു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ ഭരണകക്ഷി ആയിരുന്നിട്ടുകൂടി മഹായുതി സഖ്യം വലിയ തിരിച്ചടിയാണ് നേരിട്ടത്. എന്‍.സി.പി (ശരദ് പവാര്‍), കോണ്‍ഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ) ഉള്‍പ്പെടുന്ന മഹാ വികാസ് അഘാഡി സഖ്യം എന്‍.ഡി.എ സഖ്യത്തെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുകയും ചെയ്തു.

ഈ തിരിച്ചടിക്ക് കാരണമായത് സംസ്ഥാനത്തെ ഉള്ളികര്‍ഷകരുടെ വോട്ടുകളാണ്. ഉള്ളിയുടെ വിലക്കയറ്റം മഹാരാഷ്ട്രയിലെ ഭൂരിഭാഗം വരുന്ന കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹായുതിയെ തഴഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Content Highlight: Marathwada recorded 32% increase in farmer suicides in 2025