കോഴിക്കോട്: പ്രതിഷേധങ്ങളുടെ ശബ്ദം കേവലം ഭയപ്പെടുത്തലുകള്‍ കൊണ്ട് അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്ന് എന്‍.ഐ.ടി അധികൃതര്‍ക്ക് മനസിലായ ദിവസങ്ങളായിരുന്നു കഴിഞ്ഞുപോയത്. എന്‍.ഐ.ടിയില്‍ ഇന്ത്യയുടെ ഭൂപടം വികലമാക്കി പ്രദര്‍ശിപ്പിച്ചതില്‍ പ്രതിഷേധമുന്നയിച്ച വിദ്യാര്‍ത്ഥിയായ വൈശാഖ് പ്രേംകുമാറിനെതിരെ സ്വീകരിച്ച നടപടിയില്‍ നിന്നും പിന്നോട്ട് പോകേണ്ടി വന്നത് മേധാവികളുടെ പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ കാരണം.
എന്‍.ഐ.ടിയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കാണ് അധികൃതര്‍ സാക്ഷ്യം വഹിച്ചത്. ഒടുവില്‍ സംഘപരിവാര്‍ കൂട്ടാളികള്‍ക്ക് വിദ്യാര്‍ത്ഥി രോഷത്തിന് മുമ്പില്‍ മുട്ടുമടക്കേണ്ടി വരികയായിരുന്നു.
കെ.എസ്.യു, എസ്.എഫ്.ഐ, എം.എസ്.എഫ് അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തകരുടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ രാത്രി ഒമ്പതോടെയാണ് വിദ്യാര്‍ത്ഥി വൈശാഖ് പ്രേംകുമാറിന്റെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ച് ഉത്തരവിറക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.
ഒരു കാരണവശാലും സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന വാശിയിലായിരുന്നു സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ ഡീനടക്കമുള്ളവര്‍. എന്നാല്‍ സംഘര്‍ഷം ശക്തിപ്രാപിച്ചാല്‍ തടയാനാകില്ലെന്നും അങ്ങനെ വന്നാല്‍ എന്‍.ഐ.ടി അധികൃതര്‍ക്കെതിരെ കേസെടുക്കേണ്ടിവരുമെന്ന് പൊലീസും മുന്നറിയിപ്പ് നല്‍കി.
സ്ഥാപനത്തെ കാവി വത്കരിക്കുന്നതിനെതിരെയുള്ള താക്കീത് കൂടിയായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. പതിവിന് വിപരീതമായി എന്‍.ഐ.ടിയിലെ വിദ്യാര്‍ഥികളും ഒന്നായി രംഗത്തിറങ്ങിതോടെ അധികൃതര്‍ തോറ്റുമടങ്ങി.
എന്‍.ഐ.ടിയില്‍ സംഭവിക്കുന്നത്
ശാസ്ത്രവും നൂതന സാങ്കേതിക വിദ്യകളും പുതിയ തലമുറയെ പഠിപ്പിക്കാനായി സ്ഥാപിച്ച കോഴിക്കോട് എന്‍.ഐ.ടിയില്‍ ഇന്ന് പഠിപ്പിക്കുന്നത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമാണ്. ശാസ്ത്രസാങ്കേതിക വിദ്യകള്‍ക്ക് പകരം നൂറ്റാണ്ടുകള്‍ പിന്നോട്ട് സഞ്ചരിക്കുമ്പോഴുള്ള പ്രതീതിയാണ് ക്യാമ്പസിനകത്ത് പ്രവേശിക്കുമ്പോള്‍ ഉണ്ടാകുന്നത്.
സംഘപരിവാര്‍ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിയുടെ പരിപാടികള്‍ ഔദ്യോഗിക പരിപാടികളായി മാറുന്നു, പൂജാരിമാരും സന്യാസിമാരും ക്യാമ്പസിനകത്തും ഹോസ്റ്റലുകളിലും പൂജകള്‍ക്കായി എത്തുന്നു, ശാസ്ത്ര പരിപാടികള്‍ക്ക് പകരം രാമായണം, മഹാഭാരതം. ഭഗവത് ഗീത ക്വിസ് പ്രോഗ്രാമുകള്‍ നടക്കുന്നു, ഫാക്കല്‍റ്റിയായ അധ്യാപകന്‍ ആര്‍.എസ്.എസ് പരിപാടികളില്‍ സ്ഥിരമായി പങ്കെടുക്കുന്നു.
ക്യാമ്പസില്‍ നാല് സംഘപരിവാര്‍ അനുകൂല ക്ലബ്ബുകള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഓരോ ക്ലബ്ബുകളുടെയും ചുമതലക്കാരായി അധ്യാപകരും ജീവനക്കാരും. കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഭൂപടം വികൃതമാക്കി വരച്ചത് ഇതില്‍ ഒരു ക്ലബ്ബിലെ അംഗങ്ങളാണ്.
ക്യാമ്പസ് കാവി വത്കരിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തുന്നത്. പ്രാണപതിഷ്ഠയോടനുബന്ധിച്ച് തലേദിവസം രാത്രി നടന്ന പരി പാടികളില്‍ എന്‍.ഐ.ടി മേധാവികളും കുടുംബവും വരെ പങ്കെടുത്തിരുന്നു.
അയോധ്യ ശ്രീരാമ ക്ഷേത്ര ഉദ്ഘാടനത്തിന്റെ ഭാഗമായി രണ്ടുദിവസം ക്യാമ്പസിലും ഹോസ്റ്റലുകളിലും ആഘോഷമായിരുന്നു. ദീപാലങ്കാരം, മണ്‍ ചിരാതുകളില്‍ ദീപം തെളിക്കല്‍, പ്രസാദ വിതരണം, അന്നദാനം വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പണപ്പിരിവ്, വിദ്യാര്‍ഥികളെ കൊണ്ട് നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കല്‍ എന്നിങ്ങനെയാണ് ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം ക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് ആഘോഷമാക്കിയത്.
അധികൃതരുടെ പൂര്‍ണ പിന്തുണയോടെയായിരുന്നു പരിപാടികള്‍ എന്നതാണ് ഭീതിയുണര്‍ത്തുന്ന മറ്റൊരു വസ്തുത. ഈ പരിപാടികളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുന്ന സ്ഥിതി വിശേഷം പോലും ഉണ്ടായി.
ഫ്രഷേഴ്സ് ദിനത്തില്‍ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചത് ഗണപതി സ്തുതിയാണ്. അത് വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധിച്ച് പാടിപ്പിക്കുകയും ചെയ്തു. പാടാന്‍ വിസമ്മതിച്ചവര്‍ക്ക് ഭീഷണിയും മര്‍ദനവും. കലാപരിപാടികളില്‍ വീശിയതാകട്ടെ കാവിക്കൊടിയും.
ഇതിനെതിരെ പ്രതിഷേധ സ്വരമുയര്‍ത്തിയ വിദ്യാര്‍ത്ഥികളെ സംഘപരിവാര്‍ വിദ്യാര്‍ഥികള്‍ മര്‍ദിക്കുകയും ചെയ്തു. മേധാവികളുടെ ആശീര്‍വാദത്തോടെ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ നടപടി ഭയന്ന് മറ്റ് വിദ്യാര്‍ഥികള്‍ തയാറാകാറില്ല.
ജയ് ശ്രീറാം വിളിയില്‍ ഭക്തി മൂത്ത് കൈകൂപ്പി അധ്യാപകരും ഫാക്കല്‍റ്റികളും എത്തുന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഉന്നതമായ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളിലെ ഇന്നത്തെ അവസ്ഥയാണിത്
ഇതിന് പുറമെ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ നാഥുറാം വിനായക് ഗോഡ്സെയെ പ്രകീര്‍ത്തിച്ചുകൊണ്ട് കോഴിക്കോട് എന്‍.ഐ.ടി പ്രഫസറുടെ കമന്റ് വിവാദമായിരുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗം പ്രൊഫസര്‍ ഷൈജ ആണ്ടവനാണ് ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്ന് കമന്റിട്ടത്.
തീവ്ര ഹിന്ദുത്വ വാദിയായ അഡ്വ. കൃഷ്ണരാജ് ഇട്ട പോസ്റ്റിന് മറുപടിയായിട്ടാണ് പ്രൊഫസറുടെ ഈ കമന്റ്. ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നാഥുറാം വിനായക് ഗോഡ്സെ ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ ആണെന്നായിരുന്നു അഡ്വ. കൃഷ്ണരാജിന്റെ പോസ്റ്റ്. ഇതിന്റെ കമന്റായിട്ടാണ് ഷൈജ ആണ്ടവന്‍ ‘പ്രൗഡ് ഓഫ് ഗോഡ്സെ ഫോര്‍ സേവിങ് ഇന്ത്യ’ എന്ന് കമന്റിട്ടത്.
എന്നാല്‍ ഗൗരവത്തിലുള്ള കമന്റല്ല ഇതെന്നും ഇത്രയും വിവാദമാകുമെന്ന് കരുതിയില്ലെന്നാണ് ഷൈജ പ്രതികരിച്ചത്. കമന്റ് പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു.
വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍
അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്ന ദിവസം ക്യാമ്പസില്‍ ഇന്ത്യയുടെ ഭൂപടം കാവിയില്‍ വരച്ചതിനെതിരെ പ്രതിഷേധിച്ചതിന് ദളിത് വിദ്യാര്‍ത്ഥിയെ സസ്‌പെന്റ് ചെയ്തതിന് പിന്നാലെയാണ് എന്‍.ഐ.ടിയുടെ സമീപകാല ചരിത്രത്തിലെ ഏററവും വിലയ വിദ്യാര്‍ത്ഥി പ്രതിഷേധം ഉടലെടുത്തത്.
അയോധ്യ പ്രതിഷ്ഠാ ദിനത്തില്‍ ഇന്ത്യയുടെ ഭൂപടം കാവിയില്‍ വരച്ചത് കൂടാതെ ക്യാമ്പസില്‍ എസ്.എന്‍.എസ് എന്ന ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘപരിവാര്‍ അനുകൂല പ്രചരണം സംഘടിപ്പിക്കുകയും ജയ് ശ്രീറാം മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തിരുന്നു.
ഇതിനെതിരെ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലി കമ്മ്യൂണിക്കേഷന്‍സ് നാലാം വര്‍ഷ വിദ്യാര്‍ത്ഥിയായ വൈശാഖ്, ‘ഇന്ത്യ രാമരാജ്യം അല്ല മതേതര രാജ്യമാണ്’ എന്ന പ്ലക്കാര്‍ഡുകളുമായി പ്രതിഷേധം നടത്തി. ഇത് അധികൃതരെ ചൊടിപ്പിക്കുകയും വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്യുകയുമാണ് ഉണ്ടായത്.
തുടര്‍ന്ന് ക്യാമ്പസിലെ സംഘപരിവാര്‍ നിലപാടിനെതിരെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ രംഗത്തുവരികയും ക്യാമ്പസില്‍ സംഘര്‍ഷാവസ്ഥയുണ്ടാവുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധി കൈലാഷ്, നാലാം വര്‍ഷം വിദ്യാര്‍ത്ഥി വൈശാഖ് എന്നിവര്‍ക്ക് മര്‍ദനമേല്‍ക്കുകയും ചെയ്തിരുന്നു.
പിന്നാലെ എന്‍.ഐ.ടിയിലെ വിദ്യാര്‍ത്ഥികള്‍ ഒന്നായി ഈ നടപടിക്കെടിക്കെതിരെ ക്യാമ്പസിനുള്ളില്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തി. എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ് അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളും അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധിക്കുകയും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് മുമ്പില്‍ മുട്ടുമടക്കിയ അധികൃതര്‍ ഒടുവില്‍ വൈശാഖിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു. അപ്പീല്‍ അതോറിറ്റി വിദ്യാര്‍ത്ഥിയുടെ സസ്‌പെന്‍ഷന്‍ പരിഗണിക്കുന്നത് വരെയാണ് അധികൃതര്‍ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചിട്ടുള്ളത്. സസ്‌പെന്‍ഷന്‍ മരവിപ്പിച്ചതിനെ തുടര്‍ന്ന് സംയുക്തമായി നടത്തിയ പ്രതിഷേധങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അവസാനിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് വ്യാഴാഴ്ച രാത്രി 10 മണി വരെ പ്രതിഷേധ സമരം നടത്തിയാണ് വിദ്യാര്‍ത്ഥികള്‍ എന്‍.ഐ.ടിയുടെ നടപടിയെ പ്രതിരോധിച്ചത്.
ചെറിയ യുദ്ധമാണെങ്കിലും ഇതില്‍ നമ്മള്‍ വിജയിച്ചിരിക്കുന്നുവെന്നും അപ്പീല്‍ അതോറിറ്റി തന്റെ പരാതി കേള്‍ക്കുന്നതുവരെ തനിക്ക് ക്ലാസില്‍ കയറാമെന്നും സസ്‌പെന്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥി മാധ്യമങ്ങളോട് പ്രതികരിച്ചു. വരാനിരിക്കുന്ന നടപടികള്‍ നീതിപരമായിരിക്കുമെന്നും താന്‍ ഒരു രീതിയിലുള്ള കുറ്റങ്ങളും ചെയ്തതായി തോന്നുന്നില്ലെന്നും വിദ്യാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു.
Content Highlight: What is happening at NIT is a deliberate attempt to saffronize an entire campus; Students in struggle