പാട്ന: ബീഹാറിലെ കോസി നദി കരയിൽ ഉണ്ടായ വെള്ളപ്പൊക്കം മൂലം ഗ്രാമവാസികൾ ദുരിതത്തിൽ. വെള്ളപ്പൊക്കത്തിൽ മുങ്ങിയ നിരവധി കുടുംബങ്ങളെ അധികൃതർ അവഗണിച്ചതായി ഗ്രാമവാസികൾ ആരോപിക്കുന്നു.
ദർഭംഗ ജില്ലയിലെ കോസി നദിയുടെ പടിഞ്ഞാറൻ കരയ്ക്ക് സമീപമുള്ള ഗ്രാമവാസികളാണ് ദുരിതം അനുഭവിക്കുന്നത്. ഈ വർഷം ബീഹാറിൽ മൺസൂൺ മഴ സാധാരണയെക്കാൾ കുറവാണ് പെയ്തത്. മൺസൂണിൽ സെപ്റ്റംബർ 30 വരെ 798.3 മില്ലി മീറ്റർ മഴയാണ് രേഖപ്പെടുത്തിയത് ഇത് സാധാരണ മഴയായ 992.2 മില്ലി മീറ്ററിനെക്കാളും 20% കുറവാണ്.
എന്നാൽ നേപ്പാളിലെ ടെറായി മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴ നേപ്പാളിൽ നിന്ന് ഉത്ഭവിക്കുന്ന കോസി നദിയുടെ ജലനിരപ്പ് ക്രമാതീതമായി വർധിക്കാൻ കാരണമായി. തുടർന്ന് കോസി നദിയിലെ ബിർപൂർ ബാരേജിൽ നിന്ന് സെപ്റ്റംബർ 29ന് പുലർച്ചെ അഞ്ചുമണിക്ക് 6 ,61,295 ക്യൂസെക്സ് വെള്ളം പുറന്തള്ളപ്പെട്ടു . 1968 ന് ശേഷമുള്ള ഏറ്റവും ഉയർന്ന അളവ് വെള്ളമാണ് ഇത്. സെപ്റ്റംബർ രാത്രി 28നാണ് ഈ അപകടം ഉണ്ടായത്. തൽഫലമായി സീതർ മഹൽ, വെസ്റ്റ് ചമ്പാരൻ, ഷിയോഹാർ , ദർഭംഗ എന്ന നാല് ജില്ലകളിലെ ഏഴ് നദികൾ കരകവിഞ്ഞൊഴുകി.
പിന്നാലെ പ്രദേശത്തെ അണക്കെട്ട് പൊട്ടിയതിനെ തുടർന്ന് ഇവയോട് ചേർന്നുള്ള ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്തു. പ്രദേശത്തെ പല കോൺക്രീറ്റ് വീടുകൾ പോലും തകരുന്ന തരത്തിലുള്ള വെള്ളപ്പൊക്കമാണ് ഉണ്ടായത്. ലക്ഷക്കണക്കിന് ആളുകൾ ഒറ്റരാത്രികൊണ്ട് ഭവനരഹിതരായി മാറുകയും ചെയ്തു.
ഭോഭൗൾ ഗ്രാമത്തിൽ കോശി അണക്കെട്ട് തകർന്നതിനെ തുടർന്ന് 50 വീടുകൾ പൂർണമായും തകരുകയും വെള്ളത്തിൽ മുങ്ങുകയും ചെയ്തതായി പ്രദേശവാസിയായ 50കാരനായ ഭണ്ഡാരി യാദവ് പറഞ്ഞു. നദിയുടെ ഇത്രയും രൂക്ഷമായ രൂപം താൻ ആദ്യമായാണ് കാണുന്നത് എന്ന് യാദവ് പറഞ്ഞു. സെപ്റ്റംബർ 27 മുതൽ ഉറക്കമില്ലാത്ത രാത്രികൾ കഴിച്ചുകൂട്ടിയിരുന്ന ഗ്രാമവാസിയായ ഗംഗ പസ്വാനും തങ്ങളുടെ ദുരിതം തന്നെയാണ് പറയാനുള്ളത്.
താൻ ഭയന്നിരുന്നതുപോലെ ഗ്രാമത്തിൽ വെള്ളപ്പൊക്കം ഉണ്ടാവുകയും എന്നാൽ സർക്കാരിൻ്റെ യാതൊരുവിധ സഹായവും തങ്ങൾക്ക് ലഭിച്ചില്ലെന്നും അദ്ദേഹം പറയുന്നു. കണക്കുകൾ പ്രകാരം ഇന്ത്യയിലെ വെള്ളപ്പൊക്ക ബാധ്യത പ്രദേശങ്ങളിലെ 17.2% ബീഹാറിൽ ആണ്. സംസ്ഥാനം എല്ലാവർഷവും വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിക്കുന്നുണ്ട് ഇത് വലിയ സാമ്പത്തിക നഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്നു. കഴിഞ്ഞ ദശകത്തിലെ വെള്ളപ്പൊക്കം 2300 പേരുടെ മരണത്തിനും കോടിക്കണക്കിന് രൂപയുടെ കൃഷിനാശത്തിനും കാരണമായിരുന്നു.
Content Highlight: ‘We Will Die of Hunger’: Flood-Affected Villagers in Areas Around Kosi Embankments Plead for Help