IPL
നേരത്തെ തീരുമാനിച്ച കാര്യങ്ങള്‍ മുംബൈ മറന്നു, സ്‌ക്രിപ്റ്റ് ഓര്‍മിച്ചത് ഇഷാനും അമ്പയറും മാത്രം; ഇഷാന്‍ കിഷന്റെ പുറത്താകല്‍ കത്തുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 23, 03:07 pm
Wednesday, 23rd April 2025, 8:37 pm

ഐ.പി.എല്‍ 2025ലെ 41ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടുകയാണ്. സണ്‍റൈസേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

വാംഖഡെയിലേറ്റ തോല്‍വിക്ക് പ്രതികാരം ചെയ്യണമെന്നുറച്ച് കളത്തിലിറങ്ങിയ സണ്‍റൈസേഴ്‌സിന് തുടക്കത്തിലേ പിഴച്ചിരിക്കുകയാണ്. 15 റണ്‍സിനിടെ ആദ്യ നാല് വിക്കറ്റുകളും കളഞ്ഞുകുളിച്ചാണ് ഹോം ടീം വന്‍ തകര്‍ച്ചയിലേക്ക് വീണിരിക്കുന്നത്.

ട്രാവിസ് ഹെഡ് പൂജ്യത്തിനും ഇഷാന്‍ കിഷന്‍ ഒരു റണ്ണിനും പുറത്തായപ്പോള്‍ അഭിഷേക് ശര്‍മ എട്ട് റണ്‍സും നിതീഷ് കുമാര്‍ റെഡ്ഡി രണ്ട് റണ്‍സും സ്വന്തമാക്കിയാണ് പുറത്തായത്.

ഇതില്‍ ഇഷാന്‍ കിഷന്റെ വിക്കറ്റ് ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇതിനോടകം തിരികൊളിത്തിയിരിക്കുകയാണ്. മൂന്നാം ഓവറിലെ ആദ്യ പന്തിലാണ് ഇഷാന്‍ മടങ്ങുന്നത്. ദീപക് ചഹറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിയാന്‍ റിക്കല്‍ടണ് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

വിക്കറ്റ് കീപ്പര്‍ ക്യാച്ച് കൈപ്പിടിയിലൊതുക്കിയെങ്കിലും വിക്കറ്റിനായി അപ്പീല്‍ ചെയ്തിരുന്നില്ല. ബൗളറും വിക്കറ്റിനായി വാദിച്ചിരുന്നില്ല. നായകന്‍ ഹര്‍ദിക് പാണ്ഡ്യ വിക്കറ്റിനായി അപ്പീല്‍ ചെയ്‌തെങ്കിലും ഒട്ടും കോണ്‍ഫിഡന്‍സ് താരത്തിന്റെ മുഖത്തുണ്ടായിരുന്നില്ല.

എന്നാല്‍ അപ്പീലിന് മുമ്പ് തന്നെ ഫീല്‍ഡ് അമ്പയര്‍ ഔട്ട് എന്ന നിലയില്‍ കൈ ഉയര്‍ത്താന്‍ ആരംഭിച്ചിരുന്നു. കൈ ഉയര്‍ത്തി തുടങ്ങിയെങ്കിലും ബൗളര്‍ പോലും അപ്പീല്‍ ചെയ്യാത്തിലുള്ള കണ്‍ഫ്യൂഷനും അമ്പയറിന്റെ മുഖത്ത് വ്യക്തമായിരുന്നു. അമ്പയര്‍ വിക്കറ്റ് വിളിക്കുന്നത് കണ്ട ശേഷം മാത്രമാണ് ദീപക് ചഹര്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്തത്.

എന്നാല്‍ ഈ സംഭവങ്ങള്‍ ഒരു വശത്ത് അരങ്ങേറുമ്പോള്‍ തന്നെ ഇഷാന്‍ കിഷന്‍ അത് ഔട്ട് എന്നുറപ്പിച്ച് ഡ്രസ്സിങ് റൂമിലേക്ക് തിരികെ നടക്കാന്‍ ആരംഭിച്ചിരുന്നു. പുഞ്ചിരിയോടെയാണ് ഇഷാന്‍ തിരിച്ചുനടന്നത്. ഇതുകണ്ട ഹര്‍ദിക് പാണ്ഡ്യയടക്കമുള്ള മുംബൈ താരങ്ങളെല്ലാം ഇഷാന്‍ കിഷനെ അഭിനന്ദിക്കുകയും ചെയ്തു.

റിവ്യൂ പോലും എടുക്കാതെ ഇത്തരമൊരു സാഹചര്യത്തില്‍ ഇഷാന്‍ കിഷന്‍ തിരികെ നടന്നെങ്കിലും പിന്നീട് അള്‍ട്രാ എഡ്ജില്‍ പന്ത് ബാറ്റില്‍ കൊണ്ടിട്ടില്ല എന്ന് വ്യക്തമായിരുന്നു. ട്രാവിസ് ഹെഡിനെ തുടക്കത്തിലേ നഷ്ടപ്പെട്ട് സമ്മര്‍ദത്തിലേക്ക് വീണ ഹോം ടീമിനെ വീണ്ടും സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടാണ് മുന്‍ മുംബൈ ഇന്ത്യന്‍ താരമായിരുന്ന ഇഷാന്‍ കിഷന്‍ ‘ഔട്ടകാതെ ഔട്ടായത്’.

ഇതിന് പിന്നാലെ വിമര്‍ശനങ്ങളും ഉയരുകയാണ്. ഇഷാന്‍ കിഷന്‍ തന്റെ പഴയ ടീമിനോട് കൂറ് കാണിച്ചെന്നും മാച്ച് ഫിക്‌സിങ് നടന്നിട്ടുണ്ടെന്നുമാണ് നെറ്റിസണ്‍സ് പറയുന്നത്.

മുംബൈ താരങ്ങള്‍ അപ്പീല്‍ ചെയ്യാതിരുന്നത് ചൂണ്ടിക്കാട്ടി ‘ഇഷാന്‍ കിഷനും അമ്പയറും നേരത്തെ തീരുമാനിച്ച പ്രകാരം കാര്യങ്ങള്‍ നടത്തിയെങ്കിലും മുംബൈ ഇന്ത്യന്‍സ് സ്‌ക്രിപ്റ്റ് മറന്നുപോയെന്നും ഒത്തുകളിക്കുകയാണെന്ന് ഇങ്ങനെ വ്യക്തമാക്കരുതെന്നും ആരാധകര്‍ പറയുന്നു.

അതേസമയം, മത്സരം പത്ത് ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 52 എന്ന നിലയിലാണ് ഹോം ടീം. 22 പന്തില്‍ 26 റണ്‍സുമായി ഹെന്‌റിക് ക്ലാസനും രണ്ട് പന്തില്‍ ഒരു റണ്ണുമായി അഭിനവ് മനോഹറുമാണ് ക്രീസില്‍.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

റിയാന്‍ റിക്കല്‍ടണ്‍(വിക്കറ്റ് കീപ്പര്‍), വില്‍ ജാക്ക്സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, മിച്ചല്‍ സാന്റ്നര്‍, ദീപക് ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, വിഘ്നേഷ് പുത്തൂര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്‌റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്കട്, സീഷന്‍ അന്‍സാരി, ഇഷാന്‍ മലിംഗ.

 

 

Content Highlight: IPL 2025: SRH vs MI: Fans reacts on Ishan Kishan’s dismissal