Entertainment
ഇത്രനാള്‍ അഭിനയിച്ചത് ഭാര്യയോ കാമുകിയോ ആയിമാത്രം; ആദ്യമായി സുഹൃത്തായി അഭിനയിച്ച സിനിമ: പത്മപ്രിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 23, 02:44 pm
Wednesday, 23rd April 2025, 8:14 pm

മലയാളികള്‍ക്ക് എന്നും ഏറെ പ്രിയങ്കരിയായിരുന്ന നടിയാണ് പത്മപ്രിയ. മലയാള സിനിമയ്ക്ക് പുറമെ ബംഗാളി, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലെ സിനിമകളിലും അഭിനയിച്ച നടിയാണ് അവര്‍.

അഭിനയത്തോടും മോഡലിങ്ങിനോടുമുള്ള അഭിനിവേശമാണ് പത്മപ്രിയയെ സിനിമയില്‍ എത്തിക്കുന്നത്. 2004ല്‍ പുറത്തിറങ്ങിയ സീനു വാസന്തി ലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തുന്നത്.

അതേവര്‍ഷം തന്നെ പുറത്തിറങ്ങിയ മമ്മൂട്ടി – ബ്ലെസി ചിത്രമായ കാഴ്ച ആയിരുന്നു പത്മപ്രിയയുടെ ആദ്യ മലയാള സിനിമ. പിന്നീട് ശ്രദ്ധേയമായ നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ നടിക്ക് സാധിച്ചു.

മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നിവരോടൊപ്പം അഭിനയിക്കാനും പത്മപ്രിയക്ക് കഴിഞ്ഞിരുന്നു. മികച്ച സഹനടിക്കുള്ള കേരള സ്റ്റേറ്റ് അവാര്‍ഡ് രണ്ട് തവണയും മികച്ച നടിക്കുള്ള തമിഴ്‌നാട് സ്റ്റേറ്റ് അവാര്‍ഡ് രണ്ട് തവണയും ലഭിച്ചിരുന്നു.

ഇപ്പോള്‍ പത്മപ്രിയ നായികയായി എത്തിയ സിനിമയാണ് ബാക്ക് സ്റ്റേജ്. യുവ സപ്‌നോ കാ സഫര്‍ എന്ന ആന്തോളജി മൂവിയിലെ ഒരു ചിത്രമാണ് ഇത്. രണ്ടുപേര്‍ തമ്മിലുള്ള സൗഹൃത്തത്തെ കുറിച്ചാണ് ബാക്ക് സ്റ്റേജ് പറയുന്നത്.

ഇപ്പോള്‍ സിനിമാപ്രാന്തന് നല്‍കിയ അഭിമുഖത്തില്‍ ബാക്ക് സ്‌റ്റേജിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് പത്മപ്രിയ. താന്‍ സൗഹൃദത്തെ കുറിച്ച് പറയുന്ന കഥാപാത്രം ഒരിക്കലും ചെയ്തിട്ടില്ലെന്നാണ് നടി പറയുന്നത്.

‘ഞാന്‍ ഇതുവരെ സൗഹൃദത്തെ കുറിച്ച് പറയുന്ന കഥാപാത്രം ഒരിക്കലും ചെയ്തിട്ടില്ല. ഞാന്‍ എപ്പോഴും ആരുടെയെങ്കിലും ഭാര്യയോ കാമുകിയോ ഒക്കെ ആയിട്ടായിരുന്നു അഭിനയിച്ചിരുന്നത്.

സുഹൃത്തുക്കള്‍ തമ്മിലുള്ള ബന്ധത്തെ എക്‌സ്‌പ്ലോര്‍ ചെയ്യുന്ന ഒരു സിനിമ ലഭിച്ചിട്ടില്ല. നിമിഷയുടെ കൂടെ ചെയ്ത ഒരു തെക്കന്‍ തല്ലുകേസ് എന്ന സിനിമയില്‍ കുറച്ചൊക്കെ സഹോദരബന്ധത്തെ കുറിച്ച് പറയുന്നതായിരുന്നു.

എന്നാല്‍ ബാക്ക് സ്റ്റേജ് എന്ന സിനിമയില്‍ അങ്ങനെയല്ല. അത് പൂര്‍ണമായും സൗഹൃദത്തെ കുറിച്ചാണ് പറയുന്നത്. ഫീമെയില്‍ ഫ്രണ്ട്ഷിപ്പിനെ പറ്റിയാണ് പറഞ്ഞത്. അത് ശരിക്കും വളരെ മികച്ച ഒരു കാര്യമായിരുന്നു,’ പത്മപ്രിയ പറയുന്നു.

ബാക്ക് സ്‌റ്റേജ്:

ഇന്ത്യയിലുടനീളമുള്ള വ്യത്യസ്ത നഗരങ്ങളുടെ പശ്ചാത്തലത്തില്‍ എട്ട് ആകര്‍ഷകമായ കഥകള്‍ ഉള്‍പ്പെടുത്തിയ ആന്തോളജിയാണ് യുവ സപ്‌നോ കാ സഫര്‍. അതില്‍ കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രമാണ് ബാക്ക് സ്‌റ്റേജ്.

45 മിനുട്ട് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തത് അഞ്ജലി മേനോന്‍ ആണ്. പത്മപ്രിയക്കൊപ്പം റിമ കലിങ്കലാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയത്.


Content Highlight: Padmapriya Talks About Backstage Movie