IPL
പഹല്‍ഗാമില്‍ സംഭവിച്ചത് ഹൃദയഭേദകം, എല്ലാ ഓസ്‌ട്രേലിയന്‍ താരങ്ങളും ഇന്ത്യയ്‌ക്കൊപ്പം, ദുഃഖത്തില്‍ പങ്കുചേരുന്നു: പാറ്റ് കമ്മിന്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 23, 02:31 pm
Wednesday, 23rd April 2025, 8:01 pm

പഹല്‍ഗാം ഭീകരാക്രമണത്തില്‍ അനുശോചനം രേഖപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ്. ഹൈദരാബാദിലെ ഉപ്പലില്‍ നടക്കുന്ന മുംബൈ ഇന്ത്യന്‍സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിന്റെ ടോസിനിടെയാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ കൂടിയായ കമ്മിന്‍സ് ഭീകരാക്രമണത്തെ അപലപിച്ചത്.

‘പഹല്‍ഗാമിലെ സംഭവങ്ങള്‍ ഹൃദയഭേദകമാണ്. ഞങ്ങള്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ പ്രിയപ്പെട്ടവരുടെ ദുഃഖത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു,’ പാറ്റ് കമ്മിന്‍സ് പറഞ്ഞു.

മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യയും കൊല്ലപ്പെട്ടവര്‍ക്കായി അനുശോചനം രേഖപ്പെടുത്തിയിരുന്നു.

അതേസമയം, ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനമര്‍പ്പിച്ച് കറുത്ത ആം ബാന്‍ഡ് ധരിച്ചാണ് ഇരു ടീമിലെയും താരങ്ങള്‍ കളത്തിലിറങ്ങിയത്.

താരങ്ങള്‍ മാത്രമല്ല, അമ്പയര്‍മാരടക്കമുള്ള മാച്ച് ഒഫീഷ്യലുകളും കറുത്ത ആം ബാന്‍ഡ് ധരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവര്‍ക്കായി ഒരു നിമിഷം മൗനം ആചരിച്ച ശേഷമാണ് മത്സരം ആരംഭിച്ചത്. വെടിക്കെട്ടുകളോ ചിയര്‍ ഗേള്‍സോ മത്സരത്തിന്റെ ഭാഗമല്ല.

മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹോം ടീമിന് തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നു. സൂപ്പര്‍ താരം ട്രാവിസ് ഹെഡ് നാല് പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായപ്പോള്‍ പുറത്താകാതെ സ്വയം തിരിച്ചുനടന്ന ഇഷാന്‍ കിഷന്റെ വിക്കറ്റും ടീമിന് നഷ്ടമായി.

നിലവില്‍ മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ 12 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് സണ്‍റൈസേഴ്‌സ്. ആറ് പന്തില്‍ എട്ട് റണ്‍സുമായി അഭിഷേക് ശര്‍മയും നാല് പന്തില്‍ ഒരു റണ്ണുമായി നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ക്രീസില്‍.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

റിയാന്‍ റിക്കല്‍ടണ്‍(വിക്കറ്റ് കീപ്പര്‍), വില്‍ ജാക്ക്സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, മിച്ചല്‍ സാന്റ്നര്‍, ദീപക് ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, വിഘ്നേഷ് പുത്തൂര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്‌റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്കട്, സീഷന്‍ അന്‍സാരി, ഇഷാന്‍ മലിംഗ

 

Content Highlight: IPL 2025: MI vs SRH: Pat Cummins expresses condolences to those killed in Pahalgam