കോഴിക്കോട്: ‘ഒരു മതത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം’ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ഉയര്‍ന്നുവന്ന ആരോപണമായിരുന്നു ഇത്. എന്നാല്‍ ഈ ഭീകരാക്രമണത്തില്‍ കേവലം മുസ്‌ലിം ഇതര മതസ്ഥര്‍ മാത്രമായിരുന്നില്ല കൊല്ലപ്പെട്ടത്. മറിച്ച് കൊല്ലപ്പെട്ടവരുടെ ലിസ്റ്റില്‍ സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ എന്ന ധീരന്റെ പേരുമുണ്ടായിരുന്നു.
കുതിരസവാരിക്കാരനായ സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ കശ്മീരിലെ ഒരു നിര്‍ധന കുടുംബത്തിലെ അംഗമായിരുന്നു. രോഗബാധിതരായ മാതാപിതാക്കളും കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണി. വിനോദസഞ്ചാരികളെ സവാരി കൊണ്ടുപോകുന്നതിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ടാണ് ആദില്‍ ഹുസൈന്‍ ഷാ തന്റെ കുടുംബത്തെ സംരക്ഷിച്ചിരുന്നത്.
ഇന്നലെയും പതിവുപോലെ ആദില്‍ ഹുസൈന്‍ ഷാ തന്റെ ജോലിക്ക് പുറപ്പെട്ടപ്പോഴാണ് രാജ്യത്തെ നടുക്കിയ ആക്രമണത്തില്‍ അദ്ദേഹത്തിനും ജീവന്‍ നഷ്ടപ്പെട്ടത്. കാഴ്ചയില്‍ തന്നെ കശ്മീരി മുസ്‌ലിം എന്ന് മനസിലായത് കൊണ്ട് ആദിലിനെ തീവ്രവാദികള്‍ ഉപദ്രവിക്കാതെ മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ ഒരു ഭീകരന്‍ താന്‍ സവാരി കൊണ്ട് പോയ ടൂറിസ്റ്റുകളെ മുസ്‌ലിം അല്ല എന്ന് തിരിച്ചറിഞ്ഞ് വെടി വെക്കാന്‍ ശ്രമിക്കവെ അവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ആദിലിന് ജീവന്‍ നഷ്ടപ്പെട്ടത്.
ടൂറിസ്റ്റുകളെ ഭീകരര്‍ കൊലപ്പെടുത്തുന്നതിനിടെ, അവരുടെ തന്നെ തോക്ക് തട്ടിപ്പറിച്ച് വാങ്ങി അക്രമികളെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ സയ്യിദ് ആദില്‍ ഹുസൈന്‍ ഷായ്ക്കും അതിനിടെ വെടിയേറ്റ് മരിക്കുകയായിരുന്നു. വലിയൊരു ജനക്കൂട്ടം തന്നെ അവിടെ ഉണ്ടായിരുന്നിട്ടും, ആ ഭീകരന്മാരോട് പൊരുതാന്‍ ആകെ ധൈര്യം കാണിച്ചത് സെയ്ത് ആദില്‍ ഹുസ്സൈന്‍ ഷാ മാത്രമായിരുന്നു.
ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ആദില്‍ ഹുസൈന്‍ ഷായുടെ കുടുംബം ഈ ആക്രമണത്തിന്റെ വിവരം അറിയുന്നത്. അദ്ദേഹം സുരക്ഷിതനാണോയെന്നറിയാന്‍ കുടുംബം നിരവധി തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നെ ഹുസൈന് പരിക്കേറ്റ വിവരമാണ് കുടുംബത്തെ തേടിയെത്തിയത്.
ഹുസൈന്റെ മരണത്തില്‍ നീതി വേണമെന്നാണ് അദ്ദേഹത്തിന്റെ കുടുംബം ഇപ്പോള്‍ ആവശ്യപ്പെടുന്നത്. അവന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും അവര്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്നത്. 28 പേരുടെ ജീവനെടുത്ത ആക്രമണം നടത്തിയ തീവ്രവാദികളുടെ രേഖാചിത്രം ജമ്മു കശ്മീര്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങളാണ് സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടത്. ആസിഫ് ഫൗജി, സുലെമാന്‍ ഷാ, അബു തല്‍ഹ എന്നീ പ്രതികളെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്.
25 വര്‍ഷത്തിന് ശേഷം ജമ്മു കശ്മീരില്‍ ടൂറിസ്റ്റുകള്‍ക്ക് നേരെ ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
Content Highlight: A fighter who fought for his brothers despite having a chance to escape and gave his life; Social media is flooded with Adil Hussain Shah