Kerala News
ഒരു സ്റ്റേറ്റ് ഏജന്‍സിയും വേണ്ടാതെ സ്വയം പ്രവര്‍ത്തനക്ഷമമായ ഫാസിസ്റ്റ് കാലത്താണ് നമ്മള്‍; അതിന് ആദ്യം ഇരയാകാന്‍ പാടില്ലാത്തവരാണ് കലാകാരന്‍മാര്‍: അരുണ്‍ കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 30, 04:26 pm
Sunday, 30th March 2025, 9:56 pm

തിരുവനന്തപുരം: ഭരണകൂടമോ കോടതിയോ മന്ത്രിയോ ആവശ്യപ്പെടാതെ സ്വയം കത്രിക വയ്ക്കാന്‍ തീരുമാനിപ്പിക്കുന്ന മനോനിലയാണ് നവ ഫാസിസത്തിന്റെ ഇന്ത്യന്‍ പതിപ്പെന്ന് മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍. സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ച് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

എമ്പുരാന്‍ സിനിമയിലെ വിവാദ സീനുകള്‍ നീക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായ സാഹചര്യത്തിലാണ് അരുണ്‍കുമാറിന്റെ പരാമര്‍ശം.

ഒരു ഭരണകൂട ഉപകരണവും ഒരു മന്ത്രിയോ ഉദ്യോഗസ്ഥനോ റീസെന്‍സറിങ് ആവശ്യപ്പെട്ടിട്ടില്ലെന്നും ഒരു പാര്‍ട്ടിയും ബഹിഷ്‌ക്കരണത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും അരുണ്‍കുമാറിന്റെ പോസ്റ്റില്‍ പറയുന്നു.

കോടതിയില്‍ ഒരു ഹരജി പോലും ഫയല്‍ ചെയ്തിട്ടില്ലെന്ന സാഹചര്യത്തില്‍ പോലും സ്വയം കത്രിക വെയ്ക്കാന്‍ മനോനിലയെ തീരുമാനിപ്പിക്കുന്നതാണ് ഫാസിസത്തിന്റെ ഇന്ത്യന്‍ പതിപ്പെന്നും അദ്ദേഹം പറഞ്ഞു.

ഒരു സ്‌റ്റേറ്റ് ഏജന്‍സിയും വേണ്ടാതെ സ്വയം പ്രവര്‍ത്തനക്ഷമമായ ഫാസിസ്റ്റ് കാലത്താണ് നമ്മളെന്നും അതിന് ആദ്യം ഇരയാകാന്‍ പാടില്ലാത്തവരാണ് കലാകാരന്മാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവില്‍ എമ്പുരാനിലെ 17 ഭാഗങ്ങള്‍ കട്ട് ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വില്ലന്റെ പേരിലും റീ എഡിറ്റ് ചെയ്ത ഭാഗമാണ് നാളെ മുതല്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുകയെന്നാണ് വിവരം. മൂന്ന് മിനിട്ടോളമാണ് വെട്ടിമാറ്റിയത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

‘ഒരു ഭരണകൂട ഉപകരണവും ആവശ്യപ്പെട്ടില്ല റീസെന്‍സറിങ്.
ഒരു മന്ത്രിയോ ഉദ്യോഗസ്ഥനോ ആവശ്യപ്പെട്ടില്ല റീ സെന്‍സറിങ്.
ഒരു പാര്‍ട്ടിയും ആഹ്വാനം ചെയ്തില്ല ബഹിഷ്‌ക്കരണം.
ഒരു കോടതിയിലും ഒരു ഹര്‍ജി പോലും ഫയല്‍ ചെയ്തില്ല.
എന്നിട്ടും സ്വയം കത്രിക വയ്ക്കാന്‍ തീരുമാനിപ്പിക്കുന്ന മനോനിലയാണ് നവ ഫാസിസത്തിന്റെ ഇന്ത്യന്‍ പതിപ്പ്.
ഒരു സ്റ്റേറ്റ് ഏജന്‍സിയും വേണ്ടാതെ സ്വയം പ്രവര്‍ത്തനക്ഷമമായ ഫാസിസ്റ്റ് കാലത്താണ് നമ്മള്‍. അതിന് ആദ്യം ഇരയാകാന്‍ പാടില്ലാത്തവരാണ് കലാകാരന്‍മാര്‍.’

Content Highlight: We are in a fascist era that is self-sufficient without the need for any state agency; artists should not be the first to fall victim to it: Arun Kumar