മലയാളികള്‍ക്ക് മികച്ച കുറേ സിനിമകള്‍ നല്‍കിയിട്ടുള്ള സംവിധായകനാണ് വി.എം വിനു. ബാലേട്ടന്‍, മയിലാട്ടം, വേഷം, ബസ് കണ്ടക്ടര്‍, മകന്റെ അച്ഛന്‍ തുടങ്ങിയ സിനിമകളൊക്കെ സംവിധാനം ചെയ്തത് വിനു ആയിരുന്നു. 2006ല്‍ വി.എം വിനു സംവിധാനം ചെയ്ത ചിത്രമായിരുന്നു യെസ് യുവര്‍ ഓണര്‍.
ഈ കോര്‍ട്ട് റൂം ത്രില്ലര്‍ ചിത്രത്തില്‍ നായകനായത് ശ്രീനിവാസനായിരുന്നു. ഒപ്പം പത്മപ്രിയ, സായ് കുമാര്‍, ഇന്നസെന്റ്, തിലകന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങി മികച്ച താരനിര തന്നെ ഒന്നിച്ചിരുന്നു. ഇപ്പോള്‍ നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ യെസ് യുവര്‍ ഓണര്‍ സിനിമയെ കുറിച്ചും ശ്രീനിവാസനെ കുറിച്ചും പറയുകയാണ് വി.എം വിനു.
‘ബാലേട്ടന്‍ എന്ന സിനിമയൊക്കെ കഴിഞ്ഞാണ് യെസ് യുവര്‍ ഓണര്‍ വരുന്നത്. അത് വലിയ രസമാണ്. ഒരു ദിവസം എന്നെ ദാമോദരന്‍ മാഷ് (ടി. ദാമോദരന്‍) വിളിക്കുകയായിരുന്നു. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് ദാമോദരന്‍ മാഷ്.
‘മിസ്റ്റര്‍ വിനു, താങ്കള്‍ക്ക് എന്റെ കൂടെ സിനിമ ചെയ്യാന്‍ താത്പ്പര്യമുണ്ടോ?’ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. മാഷിന്റെ സംസാര രീതി അങ്ങനെയാണ്. ഞാന്‍ ‘അതെന്താ മാഷെ’ എന്ന് തിരിച്ചു ചോദിച്ചു. ‘ശരി, അപ്പോള്‍ നമുക്ക് നാളെ അളകാപുരിയില്‍ വെച്ച് കാണാം’ എന്ന് അദ്ദേഹം മറുപടി നല്‍കി.
അങ്ങനെ പിറ്റേദിവസം ഞാന്‍ അളകാപുരിയില്‍ ചെന്ന് മാഷിനെ കണ്ടു. ചുരുക്കം വാക്കുകളില്‍ വളരെ രസകരമായ ഒരു കഥ മാഷ് പറഞ്ഞു. ‘നമുക്ക് ഇത് ശ്രീനിവാസനെ വെച്ച് ചെയ്യാം’ എന്നും പറഞ്ഞു. ഞാന്‍ ചാടി വീണ് ഓക്കെ പറഞ്ഞു.
ഒന്നാമത്തെ കാര്യം, ഏത് സംവിധായകനും ആഗ്രഹിക്കുന്ന വലിയൊരു എഴുത്തുകാരന്റെ തിരക്കഥയാണ്. രണ്ടാമത്തെ കാര്യം, എനിക്ക് വളരെ അടുപ്പമുള്ള ശ്രീനിയേട്ടന്‍ അഭിനയിക്കുന്നു എന്നതായിരുന്നു. മാഷ് തന്നെ ശ്രീനിയേട്ടനെ വിളിച്ച് കാര്യം പറഞ്ഞു.
ശ്രീനിയേട്ടനും ആ കഥയോട് താത്പ്പര്യമായി. മലയാളത്തിലെ വലിയ ബാനറായ കെ.ടി.സി ആണ് ആ സിനിമ നിര്‍മിച്ചത്. ആ സിനിമയാണ് യെസ് യുവര്‍ ഓണര്‍. സൂപ്പര്‍ഹിറ്റ് വിജയം നേടിയ ചിത്രമായിരുന്നു അത്,’ വി.എം വിനു പറഞ്ഞു.
Content Highlight: VM Vinu Talks About Sreenivasan And Yes Your Honour Movie