ന്യൂദല്‍ഹി: സിവില്‍ സര്‍വീസ് 2024 പരീക്ഷ ഫലം പ്രഖ്യാപിച്ചു. ആദ്യ രണ്ട് റാങ്കുകള്‍ പെണ്‍കുട്ടികള്‍ക്കാണ്.
ഉത്തര്‍ പ്രദേശ് സ്വദേശിയായ ശക്തി ദുബെയ്ക്കാണ് ഒന്നാം റാങ്ക്. ഹരിയാന സ്വദേശി ഹര്‍ഷിത ഗോയല്‍ രണ്ടാം റാങ്കും സ്വന്തമാക്കി. മൂന്നാം സ്ഥാനം മഹാരാഷ്ട്ര സ്വദേശി ഡോങ്ഗ്രെ അര്‍ചിത് പരാഗിനാണ്.
അലഹാബാദ് സര്‍വകലാശാലയില്‍ നിന്നും ബയോകെമിസ്ട്രിയില്‍ ബിരുദം നേടിയ വ്യക്തിയാണ് ശക്തി ദുബെ. എം.എസ് യൂണിവേഴ്സിറ്റി ബറോഡയില്‍ നിന്നും ബികോം ബിരുദം നേടിയതാണ് ഹര്‍ഷിത ഗോയല്‍.
പൊളിറ്റിക്കല്‍ സയന്‍സും ഇന്റര്‍നാഷനല്‍ റിലേഷന്‍സുമായിരുന്നു ഒന്നും രണ്ടും റാങ്കുകാരുടെ ഓപ്ഷനല്‍ വിഷയങ്ങള്‍. മൂന്നാം റാങ്കുകാരനായ പരാഗ് ഫിലോസഫിയാണ് ഓപ്ഷനായി എടുത്തത്.
മൊത്തം 1009 പേരാണ് പട്ടികയില്‍ ഇടംപിടിച്ചത്. ആദ്യ നൂറ് പേരില്‍ ആറ് മലയാളികളും ഇടംപിടിച്ചിട്ടുണ്ട്. മലയാളിയായ ആല്‍ഫ്രഡ് 33ാം റാങ്ക് കരസ്ഥമാക്കി. 45ാം റാങ്ക് തിരുവല്ല സ്വദേശി മാളവിക. ജി. നായര്‍ക്കാണ്.
47ാം റാങ്ക് കൊട്ടാരക്കര സ്വദേശി ജി.പി നന്ദനയ്ക്കാണ്. സോണറ്റ് ജോസ്-54, റീനു അന്ന മാത്യു- 81, ദേവിക പ്രിയദര്‍ശിനി-95 എന്നിവരും ആദ്യ നൂറില്‍ ഇടം പിടിച്ചു. രജത് ആര്‍ 169ാം റാങ്ക് നേടി.
5,83,213 പേരാണ് ഇക്കുറി ജൂണില്‍ നടന്ന പ്രിലിമിനറി പരീക്ഷ എഴുതി. 14,627 പേര്‍ മെയിന്‍ പരീക്ഷ എഴുതി. 2845 പേരാണ് അഭിമുഖത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.
Content Highlight: Civil Service results announced; Shakti Dubey gets first rank; Malayalis also in first 100 rank