നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്തയെ അവരുടെ ഹോംഗ്രൗണ്ടില്‍ തകര്‍ത്ത് പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. കഴിഞ്ഞ ദിവസം ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 39 റണ്‍സിനാണ് ടൈറ്റന്‍സ് വിജയിച്ചത്. 199 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ കൊല്‍ക്കത്തയുടെ പോരാട്ടം 159 റണ്‍സില്‍ അവസാനിച്ചു.
ഓപ്പണര്‍മാരായ സായ് സുദര്‍ശന്റെയും ശുഭ്മന്‍ ഗില്ലിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് ടൈറ്റന്‍സിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 114 റണ്‍സാണ് ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പില്‍ ഗുജറാത്ത് സ്വന്തമാക്കിയത്. ഗില്‍ 55 പന്തില്‍ മൂന്ന് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 90 റണ്‍സ് നേടിയപ്പോള്‍ സായി 36 പപന്തില്‍ ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 52 റണ്‍സാണ് അടിച്ചെടുത്തത്.
ഇതോടെ ഓറഞ്ച് ക്യാപ്പ് ഇപ്പോള്‍ സായ് സുദര്‍ശനെന്ന 23 കാരന്റെ തലയിലാണ്. ഐ.പി.എല്ലിന്റെ ഈ സീസണില്‍ എട്ട് മത്സരങ്ങളില്‍ അഞ്ച് അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 400 റണ്‍സ് പിന്നിട്ട ആദ്യ ബാറ്ററാകാനും സായി സുദര്‍ശന് സാധിച്ചു. 52.12 ആണ് താരത്തിന്റെ ബാറ്റിങ് ആവറേജ്. 152.19ന്റ സ്‌ട്രൈക്ക് റേറ്റും സായിക്കുണ്ട്. നിക്കോളാസ് പൂരന്‍ മുതല്‍ വിരാട് കോഹ്‌ലി വരെയുള്ള ലോക ക്രിക്കറ്റിലെ വമ്പന്‍മാരെ പിന്നിലാക്കിയാണ് ഈ യുവ താരത്തിന്റെ കുതിപ്പ്.
സീസണില്‍ എട്ട് മത്സരങ്ങളില്‍ ആറ് ജയവുമായി പോയിന്റ് ടേബിളിന്റെ തലപ്പത്ത് നില്‍ക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി നിര്‍ണായക പ്രകടനമാണ് ഈ തമിഴ്‌നാട്ടുകാരന്‍ കാഴ്ചവെക്കുന്നത്. 2022 ല്‍ വെറും 20 ലക്ഷം രൂപക്ക് ഗുജറാത്ത് താരത്തെ സ്വന്തമാക്കുകയായിരുന്നു.
ഇക്കുറി മെഗാ താരലേലത്തിന് മുമ്പ് ഗുജറാത്ത് നിലനിര്‍ത്തിയ അഞ്ച് താരങ്ങളില്‍ ഒരാള്‍ സുദര്‍ശനായിരുന്നു. അതും ചില്ലറ തുകക്കൊന്നുമല്ല. 8.5 കോടി എന്ന വലിയ സംഖ്യ മുടക്കി തന്നെ. എന്തായാലും സായിയുടെ കരുത്തില്‍ ഗുജറാത്ത് വിജയക്കുതിപ്പ് തുടരുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
അതേസമയം ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ദല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരമാണ് ഇന്ന് നടക്കാനിരിക്കുന്നത്. ലഖ്‌നൗവിന്റെ തട്ടകമായ എകാന ക്രിക്കറ്റ് സ്‌റ്റേഡിയമാണ് വേദി.
തുടര്‍ച്ചയായ രണ്ടാം വിജയവും വിശാഖപട്ടണത്തെ തോല്‍വിയില്‍ പ്രതികാരം ചെയ്യാനും ലക്ഷ്യമിട്ടാണ് സൂപ്പര്‍ ജയന്റ്‌സ് സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നത്. തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് ശേഷം രണ്ട് തോല്‍വിയുമായി എത്തുന്ന ദല്‍ഹി വിജയ വഴിയില്‍ തിരിച്ചെത്താനാണ് നോട്ടമിടുന്നത്.
Content Highlight: IPL 2025: Sai Sudarshan In Great Record Achievement In IPL 2025