Advertisement
Kerala News
ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചതായി സമ്മതിച്ചു; ഒരവസരം കൂടി നല്‍കും: ഫെഫ്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 22, 01:15 pm
Tuesday, 22nd April 2025, 6:45 pm

കൊച്ചി: ചലച്ചിത്ര താരം ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിക്കുന്ന കാര്യം തുറന്ന് സമ്മതിച്ചതായി സംവിധായകരുടെ കൂട്ടായ്മയായ ഫെഫ്ക. ഇത്തരത്തില്‍ പെരുമാറ്റദൂഷ്യമുള്ള ആളുകളുമായി സഹകരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നും ഈ കാര്യം താരസംഘടനയായ അമ്മയെ അറിയിച്ചിട്ടുണ്ടെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഒരവസരം കൂടി വേണമെന്ന് ഷൈന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഒരവസരം കൂടി നല്‍കാമെന്നും ഇത് ഷൈനിന് നല്‍കുന്ന അവസാന അവസരമാണെന്നും ബി. ഉണ്ണികൃഷണന്‍ പറഞ്ഞു. ഇതുപോലുള്ള ശീലങ്ങളില്‍ നിന്ന് പുറത്ത് വരാന്‍ പ്രൊഫഷണല്‍ സഹായം വേണമെന്നും ബി. ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

‘കഴിഞ്ഞമാസം അവസാനം ഫൈന്‍ ആര്‍ട്സ് കോളേജില്‍വെച്ച് ഫെഫ്കയുടെ വിപുലമായ നേതൃയോഗം ചേര്‍ന്നിരുന്നു. ഫെഫ്കയിലെ 21 യൂണിയനുകളുടേയും ഭരണസമിതി അംഗങ്ങള്‍ പങ്കെടുത്ത യോഗം സംസ്ഥാന എക്‌സൈസ് കമ്മീഷണറാണ് ഉദ്ഘാടനം ചെയ്തത്. ഒരു ലഹരി വിരുദ്ധ സ്‌ക്വാഡ് എല്ലാ ഷൂട്ടിങ് ലൊക്കേഷനുകളിലും രൂപീകരിക്കാനുള്ള നടപടിയുടെ തുടക്കമായിരുന്നു അത്,’ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

മയക്കുമരുന്ന് സമൂഹത്തിലെ ഏറ്റവും വലിയ ഭീഷണിയാവുമ്പോള്‍ തങ്ങള്‍ തൊഴിലെടുക്കുന്ന സിനിമാ രംഗം ലഹരി വിമുക്തമാണെന്ന് പൊതുസമൂഹത്തിന് ഉറപ്പുകൊടുക്കേണ്ട ബാധ്യത ഫെഫ്കയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ഉദ്ദേശത്തോടെയാണ് ലഹരി വിരുദ്ധ ക്യാമ്പയ്ന്‍ തുടങ്ങിവെച്ചത്. ആ കമ്മിറ്റികള്‍ വളരെ ഫലപ്രദമായി എല്ലാ ലൊക്കേഷനുകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനിടയിലാണ് വിന്‍സിയുടെ പരാതി ഉണ്ടായത്.

വിന്‍സി ഫെഫ്ക്കയുമായും ബന്ധപ്പെട്ടിരുന്നെന്നും അവരുമായി ടെലിഫോണിലൂടെ സംസാരിച്ചിരുന്നെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ സിനിമയുടെ പേരും മറ്റും ഒരുതരത്തിലും പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ വരരുതെന്നാണ് വിന്‍സി പറഞ്ഞത്.

അവരോട് സിനിമയുടെ ആഭ്യന്തര സമിതിയില്‍ പരാതി കൊടുക്കാനാണ് പറഞ്ഞത്. അതാണ് നിയമാനുസൃത നടപടിയെന്ന് അവരോട് പറഞ്ഞിരുന്നു. ഫെഫ്കയ്ക്ക് എഴുതി തയ്യാറാക്കിയ പരാതി നല്‍കേണ്ടതില്ലെന്നും പറഞ്ഞു. അതിനുശേഷം അവര്‍ ആഭ്യന്തര സമിതിയിലും നിര്‍മാതാക്കളുടെ സംഘടനയിലും അമ്മയ്ക്കും ഫിലിം ചേംബറിനും പരാതി കൊടുത്തു.

ലോക്കേഷനുകള്‍ ലഹരി വിമുക്തമാക്കാന്‍ ഫെഫ്ക് ഇന്ന് മുതല്‍ ഒരു ക്യാമ്പയ്ന്‍ ആരംഭിക്കുകയാണെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ദിസ് വര്‍ക്ക്‌സ്‌പേസ് ഈസ് ഡ്രഗ് ഫ്രീ എന്നാണ് ക്യാമ്പയ്‌ന്റെ പേര്.

സത്യന്‍ അന്തിക്കാട് മോഹന്‍ ലാന്‍ ചിത്രത്തിന്റേയും ജയസൂര്യ-മിഥുന്‍ മാനുവല്‍ തോമസ് ചിത്രങ്ങളുടെ ഷൂട്ടിങ്‌ സെറ്റില്‍ ആ ക്യാമ്പയിനുകള്‍ ആരംഭിച്ചതായും ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Shine Tom Chacko admitted to using drugs; will be given another chance: FEFKA