Advertisement
Entertainment
സിനിമ മോഹിച്ച കാലത്ത് മലയാളത്തിലെ ആ രണ്ടു നടന്മാരുടെ അഭിനയം എന്നെ വല്ലാതെ സ്‌പർശിച്ചിട്ടുണ്ട്: വിജയ് സേതുപതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 22, 11:57 am
Tuesday, 22nd April 2025, 5:27 pm

ജൂനിയർ ആർട്ടിസ്റ്റായും സഹനടനായും വേഷമിട്ട് ഇന്ന് തമിഴിലെ മുൻനിര നടന്മാരിൽ ഒരാളായി മാറിയയാളാണ് വിജയ് സേതുപതി, കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പിസ്സയിലൂടെ നായകനായി അരങ്ങേറി. പിന്നീട് വളരെ പെട്ടെന്ന് തന്നെ തമിഴിലെ മുൻനിര നടന്മാരുടെ പട്ടികയിലേക്ക് നടന്നുകയറാൻ വിജയ് സേതുപതിക്ക് സാധിച്ചു. സൂപ്പർ ഡീലക്‌സിലൂടെ ദേശീയ അവാർഡ് നേടിയ വിജയ് സേതുപതി കഴിഞ്ഞവർഷം പുറത്തിറങ്ങിയ മഹാരാജയിലൂടെ 50 സിനിമകൾ എന്ന നാഴികക്കല്ലും പിന്നിട്ടു.

സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് വിജയ് സേതുപതി. ഭാഷ മനസിലാകാത്തതുകാരണം ഹോളിവുഡ് സിനിമകളൊന്നും പണ്ട് കാണില്ലായിരുന്നുവെന്നും പഴയ തമിഴ് സിനിമകളും മലയാളം സിനിമകളുമായിരുന്നു കാണുകയെന്നും വിജയ് സേതുപതി പറയുന്നു.

സിനിമ മോഹിച്ച കാലത്ത് മലയാളത്തിലെ തിലകൻ, മുരളി എന്നിവരുടെ അഭിനയം തന്നെ വല്ലാതെ സ്പർശിച്ചിട്ടുണ്ടെന്നും അൽഫോൺസ് പുത്രന്റെ രണ്ട് ഷോർട് ഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ടെന്നും സേതുപതി പറഞ്ഞു. നേരം എന്ന അൽഫോൺസ് പുത്രന്റെ ഷോർട് ഫിലിമിൽ വട്ടിരാജ എന്ന കഥാപാത്രത്തെ താനായിരുന്നു അഭിനയിച്ചുണ്ടായിരുന്നതെന്നും അത് സിനിമയായപ്പോൾ ബോബി സിൻഹയാണ് ആ വേഷത്തിൽ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഹോളിവുഡ് സിനിമകളൊന്നും കാണില്ലായിരുന്നു. മറ്റൊന്നുമല്ല കാരണം, ഭാഷ മനസിലാകില്ല. പഴയ തമിഴ്, മലയാളം സിനിമകളാണ് പതിവായി കണ്ടിരുന്നത്. വടപളനിയിലെ വീഡിയോ ഷോപ്പിൽ നിന്ന് മലയാളം സിനിമകളെടുക്കും. വീണ്ടും ചില വീട്ടുകാര്യങ്ങൾ, ഭാഗ്യദേവത, തന്മാത്ര, രാജമാണിക്യം. കറുത്ത പക്ഷികൾ ഭ്രമരം… അന്നുകണ്ട സിനിമകളുടെ പേരുകളെല്ലാം ഓർമയുണ്ട്.

സിനിമ മോഹിച്ച കാലത്ത് മലയാളത്തിലെ രണ്ടു നടന്മാരുടെ അഭിനയം എന്നെ വല്ലാതെ സ്‌പർശിച്ചിട്ടുണ്ട്, തിലകൻ സാറിൻ്റെയും മുരളി സാറിൻ്റെയും.

യുവസംവിധായകരെ തേടിയുള്ള തമിഴ് റിയാലിറ്റി ഷോയിൽ വെച്ച് അൽഫോൺസ് പുത്രനെ പരിചയപ്പെട്ടു. അങ്ങനെ അൽഫോൺസിൻ്റെ ‘എയ്ഞ്ചൽ’, ‘നേരം’ എന്നീ ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചു. ‘നേര’ത്തിൽ വട്ടിരാജ എന്ന വില്ലൻ വേഷമായിരുന്നു. പിന്നീടിത് സിനിമയായപ്പോൾ ബോബി സിൻഹ ആ വേഷത്തിൽ അഭിനയിച്ചു,’ വിജയ് സേതുപതി പറയുന്നു.

Content Highlight: Vijay Sethupathi talks about Thilakan and Murali