ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. പ്രാദേശിക മാധ്യമങ്ങളാണ് മരണനിരക്ക് പുറത്ത് വിട്ടത്.
കൊല്ലപ്പെട്ടവരില്‍ മലയാളിയായ കൊച്ചി ഇടപ്പള്ളി സ്വദേശിയായ എന്‍. രാമചന്ദ്രനും ഉള്‍പ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. സംഭവത്തിന്റെ ചില വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ഇന്ന് (ചൊവ്വാഴ്ച്ച) ഉച്ചയ്ക്ക് 2:30 ഓടെയാണ് പഹല്‍ഗാമിലെ ബൈസരന്‍ പുല്‍മേട്ടില്‍ വെടിവെപ്പുണ്ടായത്. സൈനിക വേഷത്തിലെത്തിയ ഭീകരര്‍ പ്രദേശത്ത് വിശ്രമിക്കുകയും കുതിരപ്പുറത്ത് സഞ്ചരിക്കുകയും ചെയ്യുന്ന വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ആക്രമണത്തിന് തൊട്ടുപിന്നാലെ സുരക്ഷാ സേന പ്രദേശത്തെത്തി. ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. 25 വര്‍ഷത്തിന് ശേഷം ജമ്മു കശ്മീരില്‍ ടൂറിസ്റ്റുകള്‍ക്ക് നേരെ ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചൊവ്വാഴ്ച വ്യക്തമാക്കി. ആക്രമണം നടത്തിയവര്‍ക്ക് കഠിനമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അമിത് ഷാ പറഞ്ഞു. സുരക്ഷ ഏജന്‍സികളുമായി അടിയന്തര സുരക്ഷാ അവലോകന യോഗം ചേരാന്‍ അമിത് ഷാ ശ്രീനഗറിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
സ്ഥിതിഗതികള്‍ നേരിടാന്‍ ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പ്രധാനമന്ത്രി മോദി അമിത് ഷായോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ പ്രധാനമന്ത്രി സൗദിയിലാണ്.
Content Highlight: Terrorist attack on tourists in Jammu and Kashmir: 25 killed