രണ്ട് സിനിമകളിലൂടെ മലയാളികൾക്കിടയിൽ ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് തരുൺ മൂർത്തി. ലുക്മാൻ അവറാൻ, ബാലു വർഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു ഓപ്പറേഷൻ ജാവ. സിനിമ വലിയ ശ്രദ്ധ നേടിയിരുന്നു.
2022ൽ പുറത്തിറങ്ങിയ തരുണിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു സൗദി വെള്ളക്ക. ഓപ്പറേഷൻ ജാവയിൽ നിന്ന് വ്യത്യസ്തമായ സിനിമയായിരുന്നു ഇത്. വലിയ നിരൂപക പ്രശംസകളും അവാർഡുകളും നേടാൻ സൗദി വെള്ളക്കക്ക് സാധിച്ചിരുന്നു. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തുടരും’.
ഇപ്പോൾ കാഴ്ച എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് തരുൺ മൂർത്തി. കാഴ്ച എന്ന സിനിമ തന്റെ ജീവിതത്തിൽ ഉണ്ടാക്കിയ ഇൻഫ്ലുവെൻസ് വളരെ വലുതാണെന്നും ആ സിനിമ കണ്ടുകഴിഞ്ഞ് വീട്ടിലെത്തിയിട്ടും മനസിൽ കാഴ്ച തന്നെയായിരുന്നുവെന്നും തരുൺ മൂർത്തി പറയുന്നു.
കാഴ്ചയുടെ ക്ലൈമാക്സിൽ മമ്മൂട്ടി നൽകിയ പേപ്പർ കഷ്ണം ചുരുട്ടിയെറിഞ്ഞ പൊലീസുകാരനെ കണ്ടപ്പോഴുള്ള അത്ര വേദന പിന്നീട് തനിക്ക് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘കാഴ്ച എന്ന സിനിമ എൻ്റെ ജീവിതത്തിൽ ഉണ്ടാക്കിയ ഇൻഫ്ലുവൻസ് വളരെ ഭീകരമാണ്. കാഴ്ച കണ്ടുകഴിഞ്ഞതിന് ശേഷം ഞാൻ വീട്ടിൽ വന്നിട്ടും ഈ സിനിമ എൻ്റെ മനസിൽ വന്നുകൊണ്ടിരുന്നു. അതിൽ ലാസ്റ്റ് മമ്മൂക്ക അവിടെയുള്ള ഗുജറാത്തി പൊലീസുകാരനോട് എന്തെങ്കിലും വിവരം കിട്ടിയില്ലെങ്കിൽ ഈ നമ്പറിലേക്ക് വിളിക്കണം എന്ന് പറയുന്ന സീനിൽ അദ്ദേഹം അത് ചുരുട്ടി കളയുമ്പോൾ ഉണ്ടായ വേദനയോളം എനിക്ക് മറ്റൊരു വേദന ഉണ്ടായിട്ടില്ല,’ തരുൺ മൂർത്തി പറയുന്നു.
കാഴ്ച
ബ്ലെസി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 2004ൽ പുറത്തിറങ്ങിയ കാഴ്ച. അതുവരെ മലയാളത്തിൽ കണ്ടുമടുത്തിരുന്ന സിനിമകളിൽ നിന്നും വ്യത്യസ്തമായാണ് ബ്ലെസി കാഴ്ച്ചയൊരുക്കിയത്. ബോക്‌സ് ഓഫീസ് ഹിറ്റായിരുന്ന ചിത്രം അനവധി നിരൂപക പ്രശംസയും നേടിയിരുന്നു.
Content highlight: Tharun Moorthy Talks About Kaazhcha Movie