national news
സിന്ധു നദീജല കരാർ റദ്ദാക്കിയതിനെതിരെ പ്രതികരിച്ചു; കർഷകനേതാവിനെതിരെ വിദ്വേഷ പ്രചരണവുമായി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 29, 02:07 am
Tuesday, 29th April 2025, 7:37 am

ന്യൂദൽഹി: പഹൽഗാം ആക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാർ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച കർഷക സമര നേതാവിനെതിരെ വിദ്വേഷ പ്രചരണവുമായി ബി.ജെ.പി. ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു) പ്രസിഡന്റ് നരേഷ് ടിക്കായത്തിനെതിരെയാണ് ബി.ജെ.പിയുടെ വിദ്വേഷ പ്രചരണം. കർഷക നേതാവ് ഇന്ത്യയ്‌ക്കെതിരെ നിലകൊള്ളുന്നുവെന്ന് കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രി ശിവരാജ് സിങ് ചൗഹാൻ ആരോപിച്ചു.

ഒപ്പം പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായവർക്ക് വെള്ളം നൽകില്ലെന്നും മന്ത്രി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കുകയും ഉൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ടിക്കായത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് ബി.ജെ.പി വിദ്വേഷ പ്രചാരണവുമായെത്തിയത്.

പഹൽഗാം ആക്രമണത്തെ അപലപിച്ച ടിക്കായത്ത് മോദി സർക്കാർ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കരുതായിരുന്നുവെന്നും അത് അയൽരാജ്യമായ പാകിസ്ഥാനിലെ സാധാരണക്കാരെ, പ്രത്യേകിച്ച് കർഷകരെ ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തുടർന്ന് ശിവരാജ് സിങ് ചൗഹാൻ വിമർശനവുമായെത്തുകയായിരുന്നു. ‘ചിലർ മോദി സർക്കാരിനെ എതിർക്കുന്നതിനൊപ്പം രാജ്യത്തെയും എതിർക്കാൻ തുടങ്ങിയിരിക്കുന്നു. നിരപരാധികളുടെ രക്തം ചിന്തിയവർക്കും അതിന് ഉത്തരവാദികളായവർക്കും ഞങ്ങൾ വെള്ളം കൊടുക്കില്ല,’ ചൗഹാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബി.കെ.യു പ്രസിഡന്റ് പാകിസ്ഥാന്റെ ഭാഷ സംസാരിക്കുന്നുവെന്ന് ആരോപിച്ച ബി.ജെ.പി അദ്ദേഹം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ‘നരേഷ് ടിക്കായത്ത് പാകിസ്ഥാന്റെ ഭാഷയിലാണ് സംസാരിക്കുന്നത്. വെള്ളം തടയാനുള്ള സർക്കാരിന്റെ തീരുമാനം തെറ്റാണെന്ന് അദ്ദേഹം പറയുന്നു. എല്ലാ പാകിസ്ഥാനികളും കുറ്റവാളികളല്ല, ചിലർ മാത്രമാണ് ഭീകരാക്രമണം ചെയ്തതെന്ന് അദ്ദേഹം പറയുന്നു.

അദ്ദേഹത്തിന്റെ പരാമർശങ്ങളെ ഞാൻ ശക്തമായി അപലപിക്കുന്നു. അത്തരം പരാമർശങ്ങൾ നടത്തിയതിൽ അദ്ദേഹം ലജ്ജിക്കണം. അദ്ദേഹം ഇന്ത്യയ്‌ക്കെതിരെയാണ് സംസാരിച്ചത്. അദ്ദേഹം രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണം,’ ബി.ജെ.പി കിസാൻ മോർച്ച പ്രസിഡന്റും എം.പിയുമായ രാജ്കുമാർ ചാഹർ പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചതുൾപ്പെടെ പാകിസ്ഥാനെതിരെ മോദി സർക്കാർ കടുത്ത തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്ന് ചാഹർ പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ ഫലപ്രദമായ തീരുമാനങ്ങൾ എടുക്കുമെന്നും ചാഹർ കൂട്ടിച്ചേർത്തു.

ടികായത്തിന്റെ പേര് പരാമർശിക്കാതെ അദ്ദേഹത്തെ വിമർശിച്ച ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ടി.വി ചാനലുകളിലും പത്രങ്ങളിലും പ്രത്യക്ഷപ്പെടാൻ വേണ്ടി നേതാക്കൾ പല പരാമർശങ്ങളും നടത്തുന്നുവെന്ന് പറഞ്ഞു.

‘പഹൽഗാം ഭീകരാക്രമണത്തിനുശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം മുഴുവൻ ഒരുമിച്ച് നിൽക്കുകയാണ്. ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യാൻ ഇന്ത്യ ആഗ്രഹിക്കുന്നു. നയതന്ത്ര നടപടിയും ആവശ്യാനുസരണം സൈനിക നടപടിയും സ്വീകരിക്കുമെന്ന സന്ദേശം മുഴുവൻ രാജ്യത്തിനും പാകിസ്ഥാനും അറിയാം,’ അദ്ദേഹം ലഖ്‌നൗവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

 

Content Highlight: BJP says farm leader ‘speaking language of Pak’ after remarks on Indus Treaty