Entertainment
എന്തുകൊണ്ട് അന്യഭാഷയില്‍ പോയി ചെറിയ വേഷങ്ങള്‍ ചെയ്യുന്നതെന്ന് പലരും ചോദിക്കാറുണ്ട്, അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ: ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 29, 02:15 am
Tuesday, 29th April 2025, 7:45 am
മറ്റൊരു ഭാഷയിലേക്ക് നമ്മളെ വിളിക്കുന്നത് അവര്‍ മലയാളസിനിമക്ക് നല്‍കുന്ന ബഹുമാനമായിട്ടാണ് ഞാന്‍ കാണുന്നത്. അതിപ്പോള്‍ തമിഴായാലും തെലുങ്കായാലും നമ്മളെ അവര്‍ അംഗീകരിക്കുന്നതുകൊണ്ടാണ് നമുക്ക് അവരുടെ ഭാഷയില്‍ വേഷം തരുന്നത്.

 

പദ്മരാജന്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടനാണ് ജയറാം. അപരന്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന ജയറാം വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചു. ഒരുകാലത്ത് കുടുംബപ്രേക്ഷകരുടെ ഇഷ്ടനടനായിരുന്ന ജയറാം മോശം സ്‌ക്രിപ്റ്റ് സെലക്ഷന്റ പേരില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ നിന്ന് ഇടവേളയെടുത്ത താരം അന്യഭാഷയില്‍ സജീവമായി നിന്നു. കഴിഞ്ഞ വര്‍ഷം റിലീസായ ഓസ്‌ലറിലൂടെ മലയാളത്തില്‍ ഗംഭീര തിരിച്ചുവരവ് നടത്താന്‍ ജയറാമിന് സാധിച്ചു.

അന്യഭാഷയില്‍ പോയി ചെറിയ വേഷങ്ങള്‍ ചെയ്യുന്നതിന്റെ പേരില്‍ അടുത്ത കാലത്തായി ജയറാം ഒരുപാട് വിമര്‍ശിക്കപ്പെട്ടിരുന്നു. ഒരുകാലത്ത് മലയാളസിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന നടന്‍ അന്യഭാഷയില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്നു എന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ അത്തരം വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് ജയറാം.

പലരും തന്നോട് ഈ കാര്യം ചോദിക്കാറുണ്ടെന്ന് ജയറാം പറഞ്ഞു. തന്നോടുള്ള സ്‌നേഹത്തിന്റെ പുറത്താണ് അങ്ങനെ ചോദിക്കുന്നതെന്നും അതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ജയറാം പറഞ്ഞു. ഒരു മലയാള നടനെ അന്യഭാഷയിലേക്ക് വിളിക്കുന്നത് അവര്‍ക്ക് മലയാളസിനിമയോടുള്ള ബഹുമാനം കൊണ്ടാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അതുകൊണ്ടാണ് അത്തരം വേഷങ്ങള്‍ ചെയ്യുന്നതെന്നും ജയറാം കൂട്ടിച്ചേര്‍ത്തു.

പത്ത് നാഷണല്‍ അവാര്‍ഡ് കിട്ടുന്നതുപോലെയാണ് പതിനായിരക്കണക്കിന് ആളുകള്‍ വരുന്ന ഉത്സവത്തില്‍ ചെണ്ട കൊട്ടുമ്പോള്‍ എനിക്ക് കിട്ടുന്ന സന്തോഷം,’ ജയറാം

തന്നെ സംബന്ധിച്ച് അത്തരം വേഷങ്ങളുടെ വലിപ്പച്ചെറുപ്പം നോക്കാറില്ലെന്നും മലയാളസിനിമക്ക് കിട്ടുന്ന അംഗീകാരമായാണ് അതിനെയെല്ലാം കാണുന്നതെന്നും ജയറാം പറഞ്ഞു. തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ തന്നെ വിളിക്കുന്ന സമയത്ത് അത് നമ്മുടെ ഇന്‍ഡസ്ട്രിയെ പുറത്തും അംഗീകരിക്കുന്നതായാണ് തോന്നുന്നതെന്നും ജയറാം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ പണ്ടുമുതലേ ഉണ്ടായിരുന്നെന്ന് ജയറാം പറയുന്നു.

സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന സമയത്ത് എന്തിനാണ് അമ്പലപ്പറമ്പില്‍ ചെണ്ട കൊട്ടുന്നതെന്ന് പലരും ചോദിച്ചിട്ടുണ്ടായിരുന്നെന്ന് ജയറാം പറഞ്ഞു. തന്നെ സംബന്ധിച്ച് അതെല്ലാം സന്തോഷം തരുന്ന കാര്യമാണെന്നും അമ്പലപ്പറമ്പില്‍ പതിനായിരക്കണക്കിന് ആളുകളുടെ മുന്നില്‍ നിന്ന് ചെണ്ട കൊട്ടുന്നത് പത്ത് നാഷണല്‍ അവാര്‍ഡ് കിട്ടുന്നതിന് തുല്യമാണെന്നും ജയറാം കൂട്ടിച്ചേര്‍ത്തു. റെട്രോയുടെ പ്രൊമോഷന്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജയറാം.

‘എന്നോട് പലരും ചോദിക്കാറുണ്ട്, ‘എന്തിനാണ് അന്യഭാഷയില്‍ പോയി ചെറിയ വേഷങ്ങളൊക്കെ ചെയ്യുന്നത്’ എന്ന്. എന്നോടുള്ള സ്‌നേഹം കൊണ്ടാണ് ആ ചോദ്യം ചോദിക്കുന്നത്. ചിലരോടൊക്കെ ഞാന്‍ നേരിട്ട് മറുപടി പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ എല്ലാവരോടും കൂടി അത് വീണ്ടും പറയണമെന്ന് തോന്നുന്നു.

മറ്റൊരു ഭാഷയിലേക്ക് നമ്മളെ വിളിക്കുന്നത് അവര്‍ മലയാളസിനിമക്ക് നല്‍കുന്ന ബഹുമാനമായിട്ടാണ് ഞാന്‍ കാണുന്നത്. അതിപ്പോള്‍ തമിഴായാലും തെലുങ്കായാലും നമ്മളെ അവര്‍ അംഗീകരിക്കുന്നതുകൊണ്ടാണ് നമുക്ക് അവരുടെ ഭാഷയില്‍ വേഷം തരുന്നത്. തമിഴിലായാലും തെലുങ്കിലായാലും കന്നഡയിലായാലും എന്നെ വിളിക്കുമ്പോള്‍ ഞാന്‍ പോകുന്നത് ഈയൊരു കാരണം കൊണ്ടാണ്.

പണ്ടും എന്നോട് പലരും ഇതുപോലെ ചോദിച്ചിട്ടുണ്ട്. ‘സിനിമയുണ്ടായിട്ടും എന്തിനാണ് അമ്പലത്തില്‍ ചെണ്ട കൊട്ടാന്‍ പോകുന്നത്’ എന്ന്. എന്നെ സംബന്ധിച്ച് അതെല്ലാം സന്തോഷം തരുന്ന കാര്യമാണ്. പത്ത് നാഷണല്‍ അവാര്‍ഡ് കിട്ടുന്നതുപോലെയാണ് പതിനായിരക്കണക്കിന് ആളുകള്‍ വരുന്ന ഉത്സവത്തില്‍ ചെണ്ട കൊട്ടുമ്പോള്‍ എനിക്ക് കിട്ടുന്ന സന്തോഷം,’ ജയറാം പറയുന്നു.

Content Highlight: Jayaram explains why he doing small roles in other industries