യു.എസ് പ്രസിഡന്റായാല്‍ എച്ച്-1 ബി വിസ നിര്‍ത്തും; ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകുന്ന പ്രസ്താവനയുമായി വിവേക് രാമസ്വാമി
World News
യു.എസ് പ്രസിഡന്റായാല്‍ എച്ച്-1 ബി വിസ നിര്‍ത്തും; ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകുന്ന പ്രസ്താവനയുമായി വിവേക് രാമസ്വാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th September 2023, 7:35 am

വാഷിങ്ടണ്‍: വിദഗ്ധ തൊഴിലുകളില്‍ വിദേശികളെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്ന നോണ്‍ ഇമിഗ്രന്റ് വിസയായ എച്ച്-1 ബി വിസ സമ്പ്രദായത്തിനെതിരെ റിപ്പബ്ലിക് പാര്‍ട്ടിയുടെ യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സര രംഗത്തുള്ള വിവേക് രാമസ്വാമി. താന്‍ യു.എസ് പ്രസിഡന്റായാല്‍ എച്ച്-1 ബി വിസ സമ്പ്രദായം നിര്‍ത്തുമെന്ന് ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി പറഞ്ഞു.

ലോട്ടറി സമ്പ്രദായമാണ് എച്ച്-1 ബി വിസയെന്നും ഇതിന് പകരം യഥാര്‍ഥ യോഗ്യത അടിസ്ഥാനമാക്കിയുള്ള പ്രവേശനമാണ് വേണ്ടതെന്നും ഇദ്ദേഹം വാദിക്കുന്നു.

‘ലോട്ടറി സമ്പ്രദായത്തിന് പകരം യഥാര്‍ത്ഥ മെറിറ്റിന്റെ അടിസ്ഥാനത്തിലുള്ള
പ്രവേശനമാണ് ആവശ്യം. എച്ച്-1 ബി വിസ ഒരു തരത്തിലുള്ള അടിമത്തമാണ്. എച്ച്-1 കുടിയേറ്റക്കാരനെ സ്‌പോണ്‍സര്‍ ചെയ്ത കമ്പനിയുടെ പ്രയോജനത്തിനായി മാത്രം ഉപയോഗിക്കുന്ന കരാറാണിത്,’ വിവേക് രാമസ്വാമി പ്രസ്താവനയില്‍ പറഞ്ഞതായി ദി മിന്റ് റിപ്പോര്‍ട്ട് ചെയ്തു.

 

നിരവധി ഇന്ത്യന്‍, ചൈനീസ് കുടിയേറ്റ തൊഴിലാളികള്‍ എച്ച്-1 ബി വിസ ഉപയോഗിച്ചാണ് യു.എസില്‍ ജോലിയെടുക്കുന്നത്. വിസയുടെ നാലില്‍ മൂന്ന് ഭാഗവും ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളാണ് പ്രയോജനപ്പെടുത്തുന്നത്. വിവേക് രാമസ്വാമിയുടെ മുന്‍ കമ്പനി റോവന്റ് സയന്‍സസ് 29 തവണ ഈ വിസ സമ്പ്രദായം ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെയിരിക്കെ ഇന്ത്യയില്‍ നിന്നുള്ളവര്‍ യു.എസില്‍ വിസ ലഭിക്കാന്‍ പാടുപെടുമ്പോഴാണ്, അവരെ ആശങ്കയിലാക്കുന്ന വിവേകിന്റെ പ്രസ്താവന.

അതേസമയം, പ്രതിവര്‍ഷം 65,000 എച്ച്-1 ബി വിസയാണ് ആകെ അനുവദിക്കുന്നത്. എച്ച്-1 ബി വിസയിലൂടെയുള്ള പ്രവേശനം ഇരട്ടിയാക്കാന്‍ നിര്‍ദേശിക്കുന്ന ബില്‍ ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പ്രതിനിധി സഭാംഗം രാജ കൃഷ്ണമൂര്‍ത്തി കഴിഞ്ഞ ജൂലൈയില്‍ അവതരിപ്പിച്ചിരുന്നു. എച്ച്-1 ബി വിസയുടെ എണ്ണം 1,30,000 ആയി ഉയര്‍ത്താനാണ് ഇദ്ദേഹത്തിന്റെ ആവശ്യം.

Content Highlight: Vivek Ramaswamy with a statement that will backfire on Indians