Kerala News
108ൽ വിളിച്ചിട്ടും ആംബുലന്‍സ് കിട്ടാതെ വീട്ടമ്മ മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 18, 07:44 am
Friday, 18th April 2025, 1:14 pm

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയില്‍ 108ൽ വിളിച്ചിട്ടും ആംബുലന്‍സ് കിട്ടാതെ വീട്ടമ്മ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് പൊലീസ്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. വെള്ളറട സ്വദേശിനി ആന്‍സിയാണ് മരിച്ചത്. വെള്ളറട ദേവി ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ വേണ്ടിയായിരുന്നു 108 ആംബുലന്‍സിനെ വിളിച്ചത്.

സംഭവത്തിൽ ആന്‍സിക്ക് ചികിത്സാ സഹായം നല്‍കിയവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആന്‍സിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പ്ലേറ്റ്‌ലെറ്റ് അളവടക്കം കുറഞ്ഞ സ്ഥിതിയിലായ ആന്‍സിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റാന്‍ ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് ആവശ്യമുള്ളതിനാലും സാമ്പത്തികമായി പിന്നോക്കമുള്ള രോഗിയായതിനാലുമാണ് 108നെ വിളിച്ചത്. എന്നാല്‍ കുരിശുമല സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് പോവാനുള്ളത് കൊണ്ട് ആംബുലന്‍സ് വിട്ടുതരാന്‍ കഴിയില്ലെന്നായിരുന്നു 108 അധികൃതര്‍ നല്‍കിയ മറുപടി. ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി വിളിച്ചുപറഞ്ഞപ്പോഴായിരുന്നു ഈ മറുപടി ലഭിച്ചത്.

വെള്ളറട പി.എച്ച്‌.സിയില്‍ 108 ആംബുലന്‍സുണ്ടല്ലോയെന്ന് ആനി ചോദിച്ചപ്പോള്‍ അതും തൊട്ടപ്പറത്തുള്ള ആംബുലന്‍സും സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് വേണ്ടി തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണെന്നായിരുന്നു മറുപടി. പാറശാല, വെള്ളറട കുരിശുമല ഡ്യൂട്ടിക്ക് വേണ്ടിയായിരുന്നു ആംബുലന്‍സ് മാറ്റി വെച്ചത്. മറ്റ് ആംബുലന്‍സുകള്‍ തിരക്കിലാണെന്നുമായിരുന്നു മറുപടി.

അഞ്ച് കിലോമീറ്ററിനുള്ളില്‍ ആംബുലന്‍സുണ്ടായിട്ടും സൗകര്യം ലഭ്യമായില്ലെന്ന് ആനി വിമർശിച്ചു. ഒന്നര മണിക്കൂറിന് ശേഷം ഓക്സിജനില്ലാത്ത സ്വകാര്യ ആംബുലന്‍സിലാണ് രോഗിയെ കൊണ്ടുപോകാന്‍ സാധിച്ചത്. എന്നാല്‍ യാത്രക്കിടെ നെയ്യാറ്റിന്‍കരയിലെത്തിയപ്പോള്‍ ആന്‍സി മരിക്കുകയായിരുന്നു.

രോഗി സാമ്പത്തികമായി പിന്നോക്കമായതുകൊണ്ടാണ് 108 വിളിച്ചതെന്നും ഒരു മണിക്കൂറിനുള്ളില്‍ ഓക്സിജന്‍ ആവശ്യമാണെന്നും മെമ്പര്‍ പറഞ്ഞിട്ടും ആംബുലന്‍സ് നല്‍കിയില്ല. ആൻസിയോടൊപ്പം കാഴ്ചപരിമിതിയുള്ള ഭർത്താവ് മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്. രോഗി മരിച്ചതിന് പിന്നാലെ 108ല്‍ വിളിച്ച് ആനി പ്രതിഷേധം അറിയിച്ചിരുന്നു. തൊട്ടടുത്ത് ആംബുലന്‍സ് ഉണ്ടായിട്ടും തന്നില്ലല്ലോ, രോഗി മരിച്ചെന്ന് ആനി 108ല്‍ വിളിച്ചു പറഞ്ഞു. എന്നാല്‍ സംഭവം അറിയില്ലെന്നായിരുന്നു 108ല്‍ നിന്നുള്ള പ്രതികരണം. ആംബുലന്‍സിന് വേണ്ടി ആനി 108ല്‍ വിളിച്ചതിന്റെ ഫോണ്‍ സന്ദേശം ആനി പുറത്ത് വിട്ടിട്ടുണ്ട്.

 

Content Highlight: Housewife dies after calling 108 but no ambulance arrives; Police registers case on its own initiative