Advertisement
Kerala News
കുരിശിന്റെ വഴിക്ക് അനുമതിയില്ലാത്ത നഗരങ്ങള്‍, ക്രിസ്ത്യാനിയായതിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നു; ബി.ജെ.പിക്കെതിരെ പരസ്യ വിമര്‍ശനവുമായി മാര്‍ ജോസഫ് പാംപ്ലാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 18, 07:42 am
Friday, 18th April 2025, 1:12 pm

തലശ്ശേരി: ബി.ജെ.പിയെ പരസ്യമായി വിമര്‍ശിച്ച് തലശ്ശേരി ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. കണ്ണൂരില്‍ കുരിശിന്റെ വഴി സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതരത്വം ഭരണഘടന രാജ്യത്തിന് നല്‍കുന്ന ഏറ്റവും ശക്തമായ ഉറപ്പാണെന്നും എന്നിട്ടും ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നുവെന്നും പാംപ്ലാനി പറഞ്ഞു.

ജബല്‍പൂരിലും മണിപ്പൂരിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ഡഹാറിലുമെല്ലാം എത്രയോ മിഷണറിമാരെയും വിശ്വാസികളെയും ക്രിസ്ത്യാനിയായതിന്റെ പേരില്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദുഃഖവെള്ളിയില്‍ കണ്ണൂര്‍ നഗരത്തില്‍ തങ്ങള്‍ നടത്തിയത് പോലുള്ള പ്രദക്ഷിണങ്ങള്‍ മറ്റ് സ്ഥലങ്ങളില്‍ നടത്താന്‍ സാധിക്കാത്തതും അനുവാദമില്ലാത്തതുമായ നിരവധി നഗരങ്ങള്‍ ഇന്ത്യയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിച്ചുവെന്ന പേരില്‍ നിരവധി പേര്‍ക്ക് അത് നിഷേധിക്കപ്പെടുന്നുവെന്നും അവരുടെ കണ്ണീര്‍ കാണേണ്ടി വരികയാണെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വം ഭരണഘടന ഉറപ്പ് തന്നിട്ടും അതിന് സാധിക്കാത്ത അവസ്ഥയാണിന്നെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ അദ്ദേഹം നടത്തിയ പല പരാമര്‍ശങ്ങളും ബി.ജെ.പി അനുകൂലമാണെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

Content Highlight: Cities that do not allow the Way of the Cross are being attacked for being Christian; Mar Joseph Pamplani publicly criticizes the BJP