പൊളിറ്റിക്കല്‍ കറക്ട്‌നെസിന്റെ കാലത്ത് മിമിക്രി ചെയ്യുക എന്നത് അല്‍പ്പം ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് നടന്‍ ടിനി ടോം.
ചില മതവിഭാഗങ്ങളെയൊക്കെ പണ്ടു കാലം മുതലേ സ്റ്റേജുകളില്‍ അനുകരിച്ച് വന്നിരുന്നെന്നും എന്നാല്‍ ഇന്നത് ചെയ്താല്‍ മറ്റൊരു തരത്തില്‍ വ്യഖ്യാനിക്കപ്പെടുമെന്നും ടിനി ടോം പറയുന്നു.
ഒപ്പം നടന്‍ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വീഡിയോയും അതിന് പിന്നാലെ ഉണ്ടായ വിവാദത്തെ കുറിച്ചും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ടിനി ടോം പറഞ്ഞു.
‘പണ്ട് നമ്മള്‍ മിമിക്രി ചെയ്യുമ്പോള്‍ ആ സമയത്ത് നമ്മള്‍ക്ക് എന്താണോ തോന്നുന്നത് അത് പറയാനുള്ള ഒരു സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇന്ന് പക്ഷേ പൊളിറ്റിക്കല്‍ കറക്ട്‌നെസ് നോക്കണം.
പണ്ട് തമാശ കാണുക കേള്‍ക്കുക മറന്നു കളഞ്ഞേക്കുക എന്നതായിരുന്നു. അല്ലാതെ അത് സീരിസയിലേക്ക് പോകുമ്പോള്‍ അത് വേറെ സംഭവമായിപ്പോകും.
നമ്മള്‍ സ്‌റ്റേജില്‍ പല മതത്തില്‍പ്പെട്ട ക്യാരക്ടേഴ്‌സൊക്കെ ചെയ്തുകൊണ്ടിരുന്നതാണ്. ഇപ്പോള്‍ അത് ചെയ്തുകഴിഞ്ഞാല്‍ വേറെ രീതിയിലായിരിക്കും എടുക്കുന്നത്.
ഒരു ബീരാനിക്ക, അല്ലെങ്കില്‍ താത്ത എന്നൊക്കെ പറഞ്ഞ് ഇന്ന് ചിലപ്പോള്‍ ചെയ്യാന്‍ പലര്‍ക്കും ഭയമായിരിക്കും. അത് വേറെ രീതിയില്‍ എടുക്കുമോ എന്ന ഭയം.
അങ്ങനെ ഒരു കാലഘട്ടമാണ്. എന്ത് ചെയ്യുമ്പോഴും ആലോചിച്ചു ചെയ്യണമെന്ന് എനിക്ക് മനസിലായി. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്,’ ടിനി ടോം പറയുന്നു.
സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷം അദ്ദേഹത്തെ വിളിച്ചിരുന്നോ എന്ന ചോദ്യത്തിനും ടിനി ടോം മറുപടി നല്‍കി.
‘ഞാന്‍ ആ വീഡിയോ അപ്പോള്‍ തന്നെ അയച്ചുകൊടുത്തിരുന്നു. കുഴപ്പമില്ല ഞാന്‍ ഇനി നിന്നെ അനുകരിച്ചോളാം എന്ന് പറഞ്ഞു. ചിലര്‍ പല രീതിയിലാണ് വ്യാഖ്യാനിക്കുന്നത്. ചിന്തിക്കാത്ത രീതിയിലാണ് പലരും എടുക്കുന്നത്,’ ടിനി ടോം പറഞ്ഞു.
മിമിക്രിയെന്നല്ല എന്തുചെയ്യുമ്പോഴും കലാകാരന്റെ ഉദ്ദേശം സദുദ്ദേശമാണെന്നും അത് വേറൊരു തലത്തിലേക്ക് വരുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഇതെല്ലാമെന്നായിരുന്നു നടന്‍ ഗിന്നസ് പക്രു ഇതിന് പിന്നാലെ പറഞ്ഞത്.
‘ഒരു കാലഘട്ടത്തില്‍ നമ്മള്‍ മിമിക്രി ചെയ്യുമ്പോള്‍ സ്‌പോട്ടില്‍ ഇംപ്രവൈസ് ചെയ്യാമായിരുന്നു. ഓട്ടംതുള്ളല്‍ നടക്കുമ്പോള്‍ മുന്നില്‍ ഇരിക്കുന്ന ആളെ നോക്കി ഇതാ ഒരു മര്‍ക്കടന്‍ ഇരിക്കുന്നു എന്ന് പറഞ്ഞാലും അത് അവിടെ അങ്ങനെ അങ്ങ് തീരും.
ആ കാലത്ത് ഈ മൊബൈല്‍ വെച്ച് ഷൂട്ട് ചെയ്യുന്ന പരിപാടി ഇല്ല. ഇപ്പോള്‍ സമൂഹം കുറച്ചുകൂടി അപ്‌ഡേറ്റ് ആയിരിക്കുന്ന സമയത്ത് ആര് എവിടെ എന്തിനെ കുറിച്ച് എന്ന കാര്യം ആലോചിക്കണം.
ചിലപ്പോള്‍ നമ്മള്‍ നമ്മുടെ ശുദ്ധതയ്ക്ക് അങ്ങ് പ്രസന്റ് ചെയ്ത് പോകും. അത് കഴിയുമ്പോഴായിരിക്കും അതിനെ എടുത്ത് അതിന്റെ വേറൊരു വശത്തിലേക്ക് പോകുക.
ചിലപ്പോള്‍ എല്ലാത്തിനേയും ഒരേ കാഴ്ചപ്പാടില്ലായിരിക്കില്ല ആളുകള്‍ കാണുക. ചിലര്‍ക്ക് അത് ഫീല്‍ ചെയ്യും. ചിലര്‍ക്ക് ആ ചെയ്തത് നന്നായെന്ന് തോന്നും. അത്തരത്തിലുള്ള സംഗതികള്‍ വരും. കലാകാരന്റെ ഉദ്ദേശം സദുദ്ദേശമാണ്. അത് വേറൊരു തലത്തിലേക്ക് വരുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഇത്.
സുരേഷേട്ടന്‍ നസീര്‍ക്കയുടെ വീട്ടിലൊക്കെ പോകുമ്പോള്‍ പറയും ഈ വീടിന്റെ ഓരോ ഇഷ്ടികയും എന്നെ വെച്ചിട്ട് ഉണ്ടാക്കിയതാണ് എന്ന്. അദ്ദേഹത്തെ അനുകരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമാണ്, കുഴപ്പമില്ല,’ പക്രു പറഞ്ഞു.
Content Highlight: Tini Tom about Suresh Gopi and the Controvercial Vedio