Advertisement
Entertainment
പറഞ്ഞു പേടിപ്പിക്കുന്ന വിഷ്ണു ഗോവിന്ദ്; അറ്റെന്‍ഷന്‍ പ്ലീസില്‍ ഗംഭീര പ്രകടനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Sep 18, 10:26 am
Sunday, 18th September 2022, 3:56 pm

കാര്‍ത്തിക് സുബ്ബരാജ് അവതരിപ്പിച്ച ആദ്യ മലയാള ചിത്രമായ ‘അറ്റെന്‍ഷന്‍ പ്ലീസ്’ ഡിജിറ്റല്‍ റിലീസിന് പിന്നാലെ വലിയ ശ്രദ്ധ നേടുന്നു. ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയിലെ പ്ര.തൂ.മു എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ജിതിന്‍ ഐസക് തോമസാണ് അറ്റെന്‍ഷന്‍ പ്ലീസിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

ചിത്രം തിയേറ്ററുകളില്‍ ചലനം സൃഷ്ടിച്ചിരുന്നില്ലെങ്കിലും നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തതിന് പിന്നാലെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

 

റൂംമേറ്റ്‌സായ അഞ്ച് ചെറുപ്പക്കാര്‍ ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതും കൂട്ടത്തില്‍ ചില കഥകള്‍ പറയുന്നതുമാണ് സിനിമയുടെ കഥാപരിസരം. അതേസമയം ജാതിയും മനുഷ്യര്‍ക്കിടയിലെ വിവേചനങ്ങളും തുടങ്ങി നിരവധി വിഷയങ്ങള്‍ സിനിമയില്‍ കടന്നുവരുന്നുണ്ട്.

വളരെ എളുപ്പത്തില്‍ കണ്ടിരിക്കാനാകാത്ത, എന്നാല്‍ അതിഗംഭീരമായ മേക്കിങ്ങ് കൊണ്ട് മറക്കാനാകാത്ത അനുഭവം സമ്മാനിക്കുന്ന സിനിമയെന്നാണ് അറ്റെന്‍ഷന്‍ പ്ലീസിനെ കുറിച്ച് പൊതുവെ ഉയരുന്ന അഭിപ്രായം.

ഒരു സുഖകരമായ അനുഭവം പ്രതീക്ഷിച്ചുകൊണ്ട് ആരും അറ്റെന്‍ഷെന്‍ പ്ലീസ് കാണരുത്. ഏറ്റവും ഡിസ്റ്റര്‍ബ്ഡ് ആകാന്‍ തയ്യാറായിക്കൊണ്ട് മാത്രം കാണേണ്ടുന്ന, എന്നാല്‍ തീര്‍ച്ചയായും കാണേണ്ടുന്ന ഒരു സിനിമയാണെന്നാണ് ചിത്രത്തെ കുറിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

സോഷ്യല്‍ മീഡിയ വഴി നിരവധി പേരാണ് ചിത്രത്തെ കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ ഡയലോഗുകളും പെര്‍ഫോമന്‍സുകളുമാണ് പലരും എടുത്തുപറയുന്നത്.

വിഷ്ണു ഗോവിന്ദ് അവതരിപ്പിച്ച കേന്ദ്ര കഥാപാത്രമാണ് ഏറ്റവും കൂടുതല്‍ പ്രശംസ ഏറ്റുവാങ്ങുന്നത്. തമാശ വേഷങ്ങളിലൂടെ ശ്രദ്ധേയനായ വിഷ്ണു തികച്ചും വ്യത്യസ്തമായ വേഷമാണ് അറ്റെന്‍ഷന്‍ പ്ലീസില്‍ ചെയ്തിരിക്കുന്നത്.

സിനിമാമോഹിയായ, തിരക്കഥയെഴുതാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഹരിയെയും അയാളുടെ കഥ പറച്ചില്‍ രീതികളെയും തനിമയോടെ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് അഭിപ്രായങ്ങളുയരുന്നത്.

‘വിഷ്ണു ഗോവിന്ദ് എന്ന നടന്‍ എത്ര ഗംഭീരമായിട്ടാണ് ഇരുട്ടേറിയ ഭയാനകമായ പല ഇടങ്ങളിലേക്കും ജീവിത സന്ദര്‍ഭങ്ങളിലേക്കും സംഭാഷണങ്ങളിലൂടെ കൊണ്ട് പോകുന്നത്. ഒരു കഥ കണ്ടു കൊണ്ടിരിക്കുന്നതിനിടയില്‍ ഒരുപാട് കഥകളിലേക്ക് യാത്ര ആക്കി,’ എന്നാണ് ഒരു കമന്റ്.


നിങ്ങള്‍ ഒരു അപാരനടന്‍ ആണ്. പ്രേക്ഷകരെ പേടിപ്പിച്ചും വിഷമിപ്പിച്ചുമൊക്കെ നിങ്ങള്‍ ഇവിടെയുള്ള ഒരു വലിയകൂട്ടം മനുഷ്യരുടെ അവസ്ഥകള്‍ മനസിലാക്കിത്തരുന്നുണ്ടെന്ന് മറ്റൊരു പോസ്റ്റില്‍ പറയുന്നു.

കഴിവുണ്ടായിട്ടും അവഗണനയും കുത്തുവാക്കുകളും മാത്രം നേരിടേണ്ടി വരുന്നതിന്റെയും, കുലത്തിന്റെയും ജാതിയുടെയും നിറത്തിന്റെയും പേരിലെ വിവേചനങ്ങള്‍ നിരന്തരം അനുഭവിക്കേണ്ടി വരുന്നതിന്റെയും പല അവസ്ഥകള്‍ ഹരിയിലൂടെ വിഷ്ണു കാണിച്ചുതരുന്നു.

സിനിമാ എഴുത്തുകാര്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും വിഷ്ണു ഗോവിന്ദ് ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ടെന്നും എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നുണ്ട്.

Content Highlight: Vishnu Govind’s performance in Attention Please is praised