ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ മത്സരത്തിന് മുമ്പ് ഇന്ത്യക്കെതിരെ ബോള്‍ ടാംപറിങ് ആരോപണവുമായി പാക് ഇതിഹാസം ഇന്‍സമാം ഉള്‍ ഹഖ് രംഗത്തെത്തിയിരുന്നു. ഇന്ത്യ പന്തില്‍ കൃത്രിമം കാണിച്ചെന്നും ഇതുകൊണ്ടാണ് ഇന്ത്യക്ക് റിവേഴ്‌സ് സ്വിങ് കണ്ടെത്താന്‍ സാധിച്ചത് എന്നുമാണ് ഇന്‍സമാം പറഞ്ഞത്.
സൂപ്പര്‍ 8ല്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ അര്‍ഷ്ദീപിനെതിരെയാണ് ഇന്‍സമാം രംഗത്തെത്തിയത്. മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.
അര്‍ഷ്ദീപും ഇന്ത്യയും ബോള്‍ ടാംപറിങ് നടത്തിയെന്നും ഇക്കാരണത്താലാണ് പേസര്‍ക്ക് റിവേഴ്‌സ് സ്വിങ് കണ്ടെത്താന്‍ സാധിച്ചതെന്നുമാണ് ഇന്‍സമാം പറഞ്ഞത്. പാകിസ്ഥാന്‍ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്‍സമാമിന്റെ പരാമര്‍ശം.
സെമി ഫൈനലിന് മുമ്പ് നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇന്‍സമാമിന്റെ പരാമര്‍ശത്തെ കുറിച്ച് രോഹിത്തിനോട് ചോദിച്ചിരുന്നു. പിച്ച് വളരെയധികം വരണ്ടതായിരുന്നുവെന്നും ഇക്കാരണത്താല്‍ പന്ത് സ്വാഭാവികമായി സ്വിങ് ചെയ്തതാണെന്നുമാണ് രോഹിത് പറഞ്ഞത്.
‘എന്താണ് ഞാന്‍ ഇതിനെ കുറിച്ച് പറയുക? കത്തുന്ന സൂര്യന് കീഴിലാണ് മത്സരം കളിക്കുന്നത്, വിക്കറ്റ് വളരെയധികം വരണ്ടതായിരുന്നു. ഇക്കാരണംകൊണ്ടുതന്നെ പന്ത് സ്വാഭാവികമായി റിവേഴ്‌സ് സ്വിങ് ചെയ്യുകയായിരുന്നു.
ഞങ്ങള്‍ക്ക് മാത്രമല്ല, എല്ലാ ടീമുകള്‍ക്കും ഇത് സംഭവിക്കുന്നുണ്ട്. എല്ലാ ടീമുകളും റിവേഴ്‌സ് സ്വിങ് ചെയ്യുന്നുണ്ട്. ചില സാഹചര്യങ്ങളില്‍ കാര്യങ്ങള്‍ തുറന്നുപറയുക എന്നത് ഏറെ പ്രധാനമാണ്,’ എന്നാണ് രോഹിത് പറഞ്ഞത്.
എന്നാല്‍ രോഹിത് ഇക്കാര്യത്തില്‍ മറുപടി പറഞ്ഞതില്‍ തന്റെ അതൃപ്തി വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരേന്ദര്‍ സേവാഗ്. ക്രിക്ബസ്സിന് നല്‍കിയ അഭിമുഖത്തിലാണ് സേവാഗ് ഇക്കാര്യം പറഞ്ഞത്.
‘എനിക്കൊരു കാര്യം പറയാനുണ്ട്. ആരെങ്കിലും ഒരു പ്രസ്താവന നടത്തിയാല്‍, ഇപ്പോള്‍ ഞാന്‍ ആണെങ്കിലും എന്തെങ്കിലും കാര്യം പറഞ്ഞാല്‍ തന്നെയും അത് ഉദ്ധരിച്ച് മറ്റുള്ളവരോട് അഭിപ്രായം ചോദിക്കുന്നത് ഒരു റിപ്പോര്‍ട്ടറുടെ ജോലിയല്ല. ഇത് വളരെ തെറ്റാണ്. നിങ്ങള്‍ക്ക് സ്വന്തമായി ഒന്നും ചോദിക്കാനില്ലേ?
നിങ്ങള്‍ക്ക് മറ്റൊരാളുടെ പ്രസ്താവനക്ക് ഉത്തരം വേണം. അവര്‍ വെറുതെ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. രോഹിത്തിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഒരിക്കലും ഞാന്‍ മറുപടി പോലും പറയില്ലായിരുന്നു,’ സേവാഗ് പറഞ്ഞു.