ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ നടന്ന സംഭവ വികാസങ്ങളാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. ബുംറയെ അടക്കം സിക്‌സറിന് തൂക്കി അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റസ് നേടിയ അര്‍ധ സെഞ്ച്വറിയും ഒരു ഓവറില്‍ ബുംറയ്ക്ക് ഏറ്റവുമധികം റണ്‍സ് വഴങ്ങേണ്ടി വന്നതുമെല്ലാം ആരാധകര്‍ അമ്പരപ്പോടെയാണ് കണ്ടത്.
മത്സരത്തിനിടെ വിരാട് കോഹ്‌ലിയും സാം കോണ്‍സ്റ്റസുമായുണ്ടായ കൊടുക്കല്‍ വാങ്ങലുകളും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുണ്ട്. വിരാട് മനപ്പൂര്‍വം കോണ്‍സ്റ്റസിന്റെ തോളില്‍ ഇടിക്കുകയും ദേഷ്യപ്പെട്ട് സംസാരിക്കുകയുമായിരുന്നു. കോണ്‍സ്റ്റസിനെ സ്ലെഡ്ജ് ചെയ്യണമെന്നും അതുവഴി താരത്തിന്റെ മൊമെന്റം ഇല്ലാതാക്കണമെന്നും തീരുമാനിച്ചുറപ്പിച്ച മട്ടിലായിരുന്നു വിരാടിന്റെ പ്രവൃത്തി.
ICC officials are set to review the incident between Virat Kohli and Sam Konstas early on Boxing Day.https://t.co/EUZvxv5TPs
— cricket.com.au (@cricketcomau) December 26, 2024
സംഭവം കൂടുതല്‍ ചൂടുപിടിക്കും മുമ്പ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഉസ്മാന്‍ ഖവാജയും അമ്പയര്‍മാരും ഇടപെട്ട് രംഗം ശാന്തമാക്കി. ഐ.സി.സി ഇക്കാര്യം പരിശോധിക്കുമെന്ന് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.
ഈ പ്രവൃത്തി വിരാടിനും ഇന്ത്യക്കും തിരിച്ചടിയായേക്കാമെന്നാണ് ആരാധകര്‍ ആശങ്കപ്പെടുന്നത്. പരമ്പരയില്‍ വിരാട് കോഹ്‌ലിക്ക് വിലക്ക് ലഭിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കാര്യങ്ങളെത്താന്‍ സാധ്യതയുണ്ടെന്നാണ് ആരാധകരുടെ പേടി.
സംഭവങ്ങള്‍ പരിശോധിച്ച മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് ഇതിനെ ലെവല്‍ 2 കുറ്റമായാണ് വിലയിരുത്തുന്നത്. ഇതുപ്രകാരം വിരാടിന് ചുരുങ്ങിയത് മൂന്ന് ഡീമെറിറ്റ് പോയിന്റുകള്‍ ലഭിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Virat Kohli and Sam Konstas exchanged a heated moment on the MCG. #AUSvIND pic.twitter.com/QL13nZ9IGI
— cricket.com.au (@cricketcomau) December 26, 2024
ഐ.സി.സിയുടെ പുതുക്കിയ നിയമം അനുസരിച്ച് 24 മാസത്തിനിടെ ഒരു താരത്തിന് നാലോ അതിലധികമോ ഡീമെറിറ്റ് പോയിന്റുകള്‍ ലഭിക്കുകയാണെങ്കില്‍ അത് സസ്‌പെന്‍ഷന്‍ പോയിന്റായി കണ്‍വേര്‍ട്ട് ചെയ്യപ്പെടുകയും വിലക്ക് ലഭിക്കുകയും ചെയ്യും. താരത്തിന്റെ ഡിസിപ്ലിനറി റെക്കോഡില്‍ 24 മാസക്കാലം ഈ ഡീമെറിറ്റ് പോയിന്റുകള്‍ തുടരും. ഈ കാലയളവിന് ശേഷം മാത്രമേ ഇത് നീക്കം ചെയ്യപ്പെടുകയുള്ളൂ (ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ).
മത്സരത്തിന്റെ ഈ ദിവസം അവസാനിച്ചതിന് ശേഷം മാച്ച് ഒഫീഷ്യല്‍സ് ഈ സംഭവം കൃത്യമായി പരിശോധിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുക എന്നാണ് മുന്‍ അമ്പയര്‍ സൈമണ്‍ ടഫല്‍ പറഞ്ഞത്.
‘മത്സരത്തിനിടെ ഒരു തരത്തിലുമുള്ള ഫിസിക്കല്‍ കോണ്‍ടാക്ടുകളും ഉണ്ടാകരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ചിലപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോയേക്കാം. ആവേശത്തിന്റെ കണിക ഒഴുകിക്കൊണ്ടിരിക്കുന്ന സമയമാണ്. സാം കോണ്‍സ്റ്റസ് തന്റെ ഭാഗത്ത് ഉറച്ചുതന്നെയാണ്, വിരാട് കോഹ്‌ലിയും അത് തന്നെയാണ് ചെയ്തത്.
ലഞ്ച് ബ്രേക്കിന്റെ സമയത്തോ അല്ലെങ്കില്‍ ഈ ദിവസത്തെ മത്സരത്തിന് ശേഷമോ ഒഫീഷ്യല്‍സ് കാര്യങ്ങള്‍ പരിശോധിക്കും. ഒരു തവണത്തേക്ക് അവര്‍ ഇത് വിട്ടുകളയുമെന്ന് വിശ്വസിക്കാനാണ് താത്പര്യപ്പെടുന്നത്. നിലവില്‍ ഇതാണ് എന്റെ കാഴ്ചപ്പാട്,’ സൈമണ്‍ ടഫല്‍ പറഞ്ഞു.
വിരാടിന്റെ ഈ പ്രവൃത്തിയെ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ് അടക്കമുള്ളവര്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
2019ലാണ് അവസാനമായി ഐ.സി.സി വിരാട് കോഹ്‌ലിയെ ശാസിച്ചത്. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ടി-20 മാച്ചിനിടെ ബ്യൂറന്‍ ഹെന്‍ഡ്രിക്‌സുമായും വിരാട് ഇത്തരത്തില്‍ ഷോള്‍ഡര്‍ കോണ്‍ടാക്ട് ചെയ്ത് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.
Content highlight: Virat Kohli risks missing 5thTest due to strict ICC regulations following collision with Sam Konstas