കോഴിക്കോട്: റാപ്പര്‍ വേടന്റെ അറസ്റ്റില്‍ പ്രതികരിച്ച് ഗായിക പുഷ്പാവതി. ഒറ്റക്ക് പൊരുതി വന്നവനാണ് വേടനെന്നും ആയിരം രാവണന്റെ കരുത്തുണ്ട് വേടന്റെ വാക്കുകള്‍ക്കെന്നും പുഷ്പാവതി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പുഷ്പാവതിയുടെ പ്രതികരണം.
‘വേടാ… വീരാ… തിരിച്ചു വാ.. സംഗീതവും നിലപാടും മതി നമുക്ക്,’ പുഷ്പാവതി കുറിച്ചു. ഒരു വലിയ ഇന്‍ഫ്‌ലുവന്‍സറായി ഉയര്‍ന്ന വേടന്‍ പൊതുസമൂഹത്തിനോട് വളരെ ഉത്തരവാദിത്തപ്പെട്ടവനാണ്. അതുകൊണ്ട് മാതൃകാപരമായി തന്നെ ജീവിതത്തെ മുന്നോട്ട് കൊണ്ട് പോകണമെന്നും പുഷ്പാവതി പറഞ്ഞു.
പറയുന്ന വാക്ക് ഉറപ്പോടെ മനസിലുണ്ടാകട്ടേയെന്നും അഥവാ നീ പ്രകൃതിജന്യമായ ലഹരി ഉപയോഗിച്ചെങ്കില്‍ അതിനോട് ഇനി മുതല്‍ ‘No’പറയണമെന്നും പുഷ്പാവതി പറഞ്ഞു. ഉള്ളില്‍ വലിയൊരു ലഹരിയുള്ളപ്പോള്‍ പുറത്തുനിന്നുള്ള ലഹരി ആവശ്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ഒരിക്കല്‍ മാത്രമേ ഞാന്‍ വേടനെ നേരില്‍ കണ്ടിട്ടുള്ളു. കര്‍ഷക സമരം കൊടുമ്പിരി കൊണ്ട നാളുകളില്‍ അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംഗീതനാടക അക്കാഡമിയില്‍ ഊരാളിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ കോര്‍പറേഷന്‍ ഗ്രൗണ്ടിന് സമീപം യാദൃശ്ചികമായി കാണുകയായിരുന്നു.
പുഷ്‌പേച്ചീ എന്ന വിളിയോടെ എന്റെ അരികില്‍ വന്ന് ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്‌കളങ്കതയോടെ പറഞ്ഞു…. ‘എന്റെ പേര് വേടന്‍. ഞാന്‍ എത്ര നാളായി ചേച്ചിയെ കാണാന്‍ ആഗ്രഹിക്കുന്നു. കണ്ടേല്‍ വളരെ സന്തോഷം ട്ടാ.’ ഞാന്‍ സ്‌നേഹത്തോടെ കൈ കൊടുത്ത് പിരിഞ്ഞു,’ പുഷ്പാവതി പറഞ്ഞു.
‘ജാതിയെ അഡ്രസ് ചെയ്യുമ്പോള്‍ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും പൊള്ളും. സോഷ്യല്‍ ഡിസ്‌ക്രിമിനേഷനെ ചോദ്യം ചെയ്യുന്ന, അഡ്രസ് ചെയ്യുന്ന ഒന്നും പൊതുയിടങ്ങളില്‍ ഉയര്‍ന്നുവരാന്‍ പാടില്ല എന്നത് ഒരു അജണ്ടയായി കൊണ്ടുനടക്കുന്നവരാണ് ഇവിടത്തെ രാഷ്ട്രീയ കക്ഷികള്‍.
പ്രബലരായ ജാതി സംഘടനകള്‍ ഒന്നിടഞ്ഞാല്‍ ഇടറിപോകുന്നവരാണിവര്‍. ഇന്ന് ജാതി സംഘടനകള്‍ തെരഞ്ഞെടുപ്പ് സമവാക്ക്യമാണ്. മേലാളന്മാരെ തൊട്ടാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും പൊള്ളും. ഇവിടുത്തെ അടിസ്ഥാന വര്‍ഗം ഒന്ന് തിരിഞ്ഞു നിന്ന് ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയാല്‍ തീരുന്ന പ്രശ്‌നമേ ഇവര്‍ക്കൊക്കെ ഉള്ളു,’ പുഷ്പാവതി കുറിച്ചു.
വേടന്റെ പാട്ടുകളില്‍ അസ്വസ്ഥപ്പെടുന്നവര്‍ തന്നെയാണ് തന്റെ പാട്ടുകളും ജനങ്ങളില്‍ എത്താതിരിക്കാന്‍ വളരെ ജാഗ്രത പുലര്‍ത്തുന്നതെന്നും പുഷ്പാവതി പറയുന്നു. അതില്‍ കക്ഷി രാഷ്ട്രീയ വ്യത്യാസമൊന്നും ഇല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Content Highlight: Singer Pushpavati reacts to rapper Vedan’s arrest