ഇന്ത്യ-ശ്രീലങ്ക മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ത്തിന് സ്വന്തമാക്കി ശ്രീലങ്ക. കഴിഞ്ഞ ദിവസം നടന്ന അവസാന മത്സരത്തില്‍ 110 റണ്‍സിന്റെ വിജയമായിരുന്നു ശ്രീലങ്ക സ്വന്തമാക്കിയത്. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ലങ്ക 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 26.1 ഓവറില്‍ 138 റണ്‍സിന് പുറത്താവുകയായിരുന്നു. ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും ശ്രീലങ്ക വിജയിക്കുകയായിരുന്നു.
മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി വീണ്ടും നിരാശാജനകമായ പ്രകടനമായിരുന്നു നടത്തിയത്. 18 പന്തില്‍ 20 റണ്‍സ് നേടി കൊണ്ടാണ് കോഹ്‌ലി പുറത്തായത്. ദുനിത് വെല്ലലഗെയുടെ പന്തില്‍ എല്‍.ബി.ഡബ്യൂ ആയാണ് താരം മടങ്ങിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും എല്‍.ബി.ഡബ്യൂ ആയാണ് വിരാട് പുറത്തായത്.
ആദ്യ ഏകദിനത്തില്‍ 32 പന്തില്‍ 24 റണ്‍സ് നേടിയാണ് കോഹ്‌ലി മടങ്ങിയത്. വാനിന്ദു ഹസരങ്കയാണ് താരത്തെ എല്‍.ബി.ഡബ്യൂ ആക്കുകയായിരുന്നു. രണ്ടാം മത്സരത്തിലും ഇതിനു സമാനമായ രീതിയില്‍ ആയിരുന്നു വിരാടിന്റെ പുറത്താകല്‍. ജെഫ്രി വംദൈര്‍സെയുടെ പന്തിലാണ് കോഹ്‌ലി പുറത്തായത്. 19 പന്തില്‍ 14 റണ്‍സാണ് കോഹ്‌ലി നേടിയത്.
ഇതിന് പിന്നാലെ ഒരു മോശം നേട്ടമാണ് വിരാടിനെ തേടിയെത്തിയത്. ഒരു ടീമിനെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരത്തിലും എല്‍.ബി.ഡബ്യൂ ആയികൊണ്ട് പുറത്താക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന മോശം നേട്ടത്തിലേക്കാണ് കോഹ്‌ലി കാലെടുത്തുവെച്ചത്.
2023 ഐ.സി.സി ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യ ആദ്യമായി കളിക്കുന്ന ഏകദിന പരമ്പര ആയിരുന്നു ഇത്. എന്നാല്‍ ഈ പരമ്പരയില്‍ നിരാശാജനകമായ പ്രകടനമായിരുന്നു നിലവിലെ ലോക ചാമ്പ്യന്മാര്‍ നടത്തിയത്. ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. ഈ സീരീസില്‍ ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlight: Virat Kohli Create Unwanted Record