ഇന്ത്യന്‍ ജേഴ്‌സിയില്‍ തന്റെ കരിയറിലെ 501ാം മത്സരത്തിനാണ് വിരാട് കെസിങ്ടണ്‍ ഓവലിലേക്കിറങ്ങുന്നത്. ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലാണ് വിരാട് ഇന്ത്യക്കായി 500ാം മത്സരത്തില്‍ കളത്തിലിറങ്ങിയത്.
കരിയറില്‍ 500 മത്സരം എന്ന റെക്കോഡ് സ്വന്തമാക്കുന്ന പത്താമത് താരവും നാലാമത് ഇന്ത്യന്‍ താരവുമായി വിരാട് റെക്കോഡിട്ടിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, എം.എസ്. ധോണി എന്നിവരാണ് വിരാടിന് മുമ്പ് ഇന്ത്യക്കായി 500 മത്സരങ്ങള്‍ തികച്ചത്.
500ാം മത്സരത്തില്‍ സെഞ്ച്വറിയടിച്ച വിരാട് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്ററായും റെക്കോഡിട്ടിരുന്നു. നേരത്തെ അര്‍ധ സെഞ്ച്വറി നേടിയപ്പോഴും ഇതേ റെക്കോഡ് വിരാടിനെ തേടിയെത്തിയിരുന്നു.
ഇതിനെല്ലാം പുറമെ മറ്റൊരു റെക്കോഡാണ് വിരാടിനെ തേടിയെത്തിയിരിക്കുന്നത്. 500 ഇന്റര്‍നാഷണല്‍ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനായാണ് വിരാട് റെക്കോഡിട്ടത്. മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങിനെ മറികടന്നാണ് വിരാട് റെക്കോഡ് നേട്ടം കൈപ്പിടിയിലൊതുക്കിയത്.
500 മത്സരങ്ങള്‍ക്ക് ശേഷം ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
വിരാട് കോഹ്‌ലി – 25,582
റിക്കി പോണ്ടിങ് – 25,035
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 24,874
ഇതിന് പുറമെ 500 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഏറ്റുമധികം സെഞ്ച്വറി നേടിയ താരം എന്ന റെക്കോഡും വിരാടിനെ തേടിയെത്തിയിരുന്നു. സച്ചിന്‍ അടക്കമുള്ള ഇതിഹാസ താരങ്ങളെ പിന്തള്ളിക്കൊണ്ടാണ് വിരാട് റെക്കോഡ് നേട്ടം തന്റെ പേരിലാക്കിയത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തിനിറങ്ങുമ്പോള്‍ മറ്റൊരു റെക്കോഡ് നേട്ടവും വിരാടിനെ കാത്തിരിക്കുന്നുണ്ട്. വിന്‍ഡീസിനെതിരെ ഏകദിനത്തില്‍ ഡബിള്‍ ഡിജിറ്റ് സെഞ്ച്വറി നേട്ടം കൈവരിക്കുന്ന ആദ്യ താരം എന്ന റെക്കോഡാണ് കാത്തിരിക്കുന്നത്. നിലവില്‍ ഒമ്പത് സെഞ്ച്വറികളാണ് 50 ഓവര്‍ ഫോര്‍മാറ്റില്‍ വിരാട് കരീബിയന്‍സിനെതിരെ കുറിച്ചത്.
Content Highlight: Virat Kohli became the player who won the most food after 500 matches