Advertisement
national news
ഭീകരതയ്‌ക്കെതിരെ നടപടിയെടുക്കുന്നതില്‍ കേന്ദ്രത്തെ പിന്തുണക്കും, പക്ഷേ ജിങ്കോയിസം പാടില്ല; സര്‍വകക്ഷി യോഗത്തില്‍ സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
6 days ago
Thursday, 24th April 2025, 11:54 pm

 

ന്യൂദല്‍ഹി: ഭീകരതയ്‌ക്കെതിരെ നടപടിയെടുക്കുന്നതില്‍ സി.പി.ഐ.എം കേന്ദ്രത്തെ പിന്തുണക്കുമെന്നും എന്നാല്‍ ജിങ്കോയിസം പാടില്ലെന്നും സി.പി.ഐ.എം അറിയിച്ചു. ഇന്ന് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത പാര്‍ലമെന്ററി നേതാക്കളുടെ സര്‍വകക്ഷി യോഗത്തില്‍ സി.പി.ഐ.എം പ്രതിനിധിയായി പങ്കെടുത്ത ബികാഷ് രഞ്ജന്‍ ഭട്ടാചാര്യയാണ് ഇക്കാര്യങ്ങള്‍ സംസാരിച്ചത്.

ഭീകരാക്രമണത്തെ തങ്ങള്‍ ശക്തമായി അപലപിക്കുകയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നുവെന്നും സി.പി.ഐ.എം അറിയിച്ചു.

ഭീകരാക്രമണത്തെ അപലപിക്കാന്‍ കശ്മീരി ജനത ഒറ്റക്കെട്ടാണെന്നും കൂടാതെ കിരാതമായ ആക്രമണത്തിന് ഇരയായവര്‍ക്ക് എല്ലാ സഹായവും നല്‍കിയിട്ടുണ്ടെന്നും മതത്തിനും വിശ്വാസത്തിനും നേരെയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ അവസാനിപ്പിക്കാന്‍ സംയുക്തമായി ആഹ്വാനം ചെയ്യണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.

സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള പ്രശ്‌നം ഉന്നയിച്ചുവെന്നും പുല്‍വാമ സംഭവത്തിനുശേഷം സംഭവത്തിന്റെ അന്വേഷണത്തെ കുറിച്ചൊന്നും ജനങ്ങളെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദികള്‍ നടത്തിയ ഈ ഹീനമായ ആക്രമണത്തിന് സമാനമായ ഒരു കാര്യം സംഭവിക്കാതിരിക്കട്ടെയെന്നും കുറ്റവാളികളെ നീതിപീഠത്തിന് മുന്നില്‍ കൊണ്ടുവരുന്നത് ഉറപ്പാക്കാന്‍ തങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്നും സി.പി.ഐ.എം അറിയിച്ചു.

ചൊവ്വാഴ്ചയാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരവാദി ആക്രമണമുണ്ടായത്. വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.

ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. 25 വര്‍ഷത്തിന് ശേഷം ജമ്മു കശ്മീരില്‍ ടൂറിസ്റ്റുകള്‍ക്ക് നേരെ ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.

Content Highlight: Will support the Centre in taking action against terrorism, but there should be no jingoism; CPI(M) in all-party meeting