ജമ്മു: പഹൽഗാമിലെ സുരക്ഷാ വീഴ്ച ചോദ്യം ചെയ്തതിന് മാധ്യമപ്രവർത്തകനെ ആക്രമിച്ച് ബി.ജെ.പി പ്രവർത്തകൻ. ജമ്മുവിലെ കാളിബാരി ചൗക്കിൽ ആക്രമണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുകയായിരുന്ന ദൈനിക് ജാഗരൺ റിപ്പോർട്ടർ രാകേഷ് ശർമയാണ് ആക്രമണത്തിനിരയായത്.
ബി.ജെ.പി പ്രവർത്തകനായ ഹിമാൻഷു ശർമയാണ് ആക്രമണം അഴിച്ചുവിട്ടത്. പഹൽഗാമിൽ നടന്ന ആക്രമണത്തെ അപലപിച്ചുകൊണ്ട് നിയമസഭാംഗങ്ങളായ ദേവീന്ദർ മന്യാൽ, രാജീവ് ജസ്രോതിയ, ഭരത് ഭൂഷൺ എന്നിവർ നേതൃത്വം നൽകിയ ബിജെപി പ്രതിഷേധം റിപ്പോർട്ട് ചെയ്യുകയായിരുന്നു രാകേഷ് ശർമ.
ഇതിനിടെ ആക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ വീഴ്ചകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ചതിന് ബി.ജെ.പി പ്രവർത്തകൻ കോപാകുലനാവുകയും തന്നെ ആക്രമിക്കുകയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
താൻ വിഘടനവാദ ഭാഷ സംസാരിക്കുന്നുവെന്ന് പാർട്ടി പ്രവർത്തകനായ ഹിമാൻഷു ആരോപിച്ചെന്നും കൂടെയുണ്ടായിരുന്ന രവീന്ദർ സിങ്, അശ്വനി ശർമ, മഞ്ജിത് സിങ്, ടോണി, പർവീൺ ചുന എന്നിവരുൾപ്പെടെ നിരവധി പേർ തന്നെ ആക്രമിച്ചെന്നും മാധ്യമപ്രവർത്തകൻ പറഞ്ഞു.
‘പഹൽഗാം ഭീകരാക്രമണവും കത്വയിലേക്കുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റവും അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം തടയുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടതിന്റെ പ്രതിഫലനമല്ലേ എന്ന് നേതാക്കളോട് ചോദിച്ചപ്പോൾ പാർട്ടി ഭാരവാഹികൾ അസ്വസ്ഥരായി,’ രാകേഷ് ശർമ പറഞ്ഞു.
ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രവീന്ദർ സിങ് ആണ് തന്നെ രക്ഷിച്ചതെന്ന് രാകേഷ് ശർമ പറഞ്ഞു. തുടർന്ന് രാകേഷ് ശർമയെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
രാകേഷ് ശർമക്കെതിരായ ആക്രമണത്തെ പത്രപ്രവർത്തക വൃത്തങ്ങൾ ശക്തമായി അപലപിക്കുകയും പ്രതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സംഭവത്തിനെതിരെ കത്വയിലെ ഷഹീദി ചൗക്കിൽ ഇന്ന് വൈകുന്നേരം കറുത്ത ബാൻഡുകൾ ധരിച്ച മാധ്യമപ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുകയും പ്രതികൾക്കെതിരെ പാർട്ടി നടപടിയെടുക്കുന്നതുവരെ എല്ലാ ബിജെപി പരിപാടികളും ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
കത്വയിലെ പ്രതിഷേധിക്കുന്ന സഹപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചില മാധ്യമപ്രവർത്തകർ ജമ്മുവിലെ പ്രസ് ക്ലബ്ബിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.
അതേസമയം, രാകേഷ് ശർമക്കെതിരായ ആക്രമണത്തെ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ശക്തമായി അപലപിച്ചു. വർധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ സാഹചര്യത്തെക്കുറിച്ച് ചില ‘അനാവശ്യമായ ചോദ്യങ്ങൾ’ ചോദിച്ചു എന്നതാണ് ശർമ ചെയ്ത ഒരേയൊരു കുറ്റമെന്ന് അവർ പറഞ്ഞു.
‘ഇപ്പോൾ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നത് വലിയ പാപമായി മാറിയിരിക്കുന്നു. ഒരു ദേശീയ ദിനപത്രത്തിലെ അറിയപ്പെടുന്ന ഒരു പത്രപ്രവർത്തകൻ പോലും സുരക്ഷിതനല്ല എന്നത് കൂടുതൽ നിർഭാഗ്യകരവും അപലപനീയവുമായ മറ്റെന്താണുള്ളത്,’ പി.സി.സി മുഖ്യ വക്താവ് രവീന്ദർ ശർമ പറഞ്ഞു.
Content Highlight: BJP worker assaults journalist for questioning security lapses in Pahalgam